'എയര്‍പോര്‍ട്ടില്‍ നിന്ന് ഞാന്‍ അസാധാരണമാം വിധം കരഞ്ഞു, അത് അമ്മയില്‍ സംശയമുണ്ടാക്കി'

Web Desk   | others
Published : Sep 11, 2021, 01:03 PM ISTUpdated : Sep 11, 2021, 01:09 PM IST
'എയര്‍പോര്‍ട്ടില്‍ നിന്ന് ഞാന്‍ അസാധാരണമാം വിധം കരഞ്ഞു, അത് അമ്മയില്‍ സംശയമുണ്ടാക്കി'

Synopsis

2020 ജൂണ്‍ 14നാണ് മുംബൈ ബാന്ദ്രയിലുള്ള ഫ്‌ളാറ്റില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദത്തെ തുടര്‍ന്ന് താരം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ മാനസികാരോഗ്യത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം വ്യാപകമായ ചര്‍ച്ചകളുയര്‍ന്നു

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തോടെ ധാരാളം ചര്‍ച്ചകളാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നത്. വിഷാദരോഗത്തെ തുടര്‍ന്ന് സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന വാര്‍ത്ത അത്രയും ഞെട്ടലോടെയാണ് ഏവരും കേട്ടത്. 2020 ജൂണ്‍ 14നാണ് മുംബൈ ബാന്ദ്രയിലുള്ള ഫ്‌ളാറ്റില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

വിഷാദത്തെ തുടര്‍ന്ന് താരം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ മാനസികാരോഗ്യത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം വ്യാപകമായ ചര്‍ച്ചകളുയര്‍ന്നു.

എന്നാല്‍ ഇതിന് മുമ്പും ബോളിവുഡില്‍ നിന്ന് തന്നെ വിഷാദരോഗത്തെ കുറിച്ചുള്ള ചര്‍ച്ചകളുയര്‍ന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2015ല്‍ ദീപിക പദുകോണ്‍ ആണ് ഒരുതരത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്ന് പറയാം. 2014ല്‍ താന്‍ ഡിപ്രഷന്‍ നേരിട്ടിരുന്നുവെന്നു അതിന് ചികിത്സ തേടിയെന്നും ദീപിക ഒരു അഭിമുഖത്തിലൂടെ അറിയിച്ചിരുന്നു.

വിഷാദത്തെ തുടര്‍ന്ന് താന്‍ മരണത്തോളം എത്തിയിരുന്നുവെന്നും ചികിത്സ കൊണ്ടാണ് അതില്‍ നിന്നെല്ലാം രക്ഷ നേടാനായതെന്നും തുറന്നുപറഞ്ഞ താരം പിന്നീട് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വേണ്ട അവബോധം സൃഷ്ടിക്കുന്നതിനായി ഒരു സംഘടന രൂപീകരിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയാവുകയും ചെയ്തിരുന്നു.

 

 

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വിഷാദത്തെ തുടര്‍ന്ന് താന്‍ നേരിട്ട ദുരനുഭങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദീപിക. അമിതാഭ് ബച്ചന്റെ 'കോന്‍ ബനേഗാ ക്രോര്‍പതി 13' എന്ന ഷോയില്‍ നിര്‍മ്മാതാവും സംവിധായികയുമായ ഫറാ ഖാനൊപ്പമിരിക്കവേയാണ് ദീപിക ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. 

'2014ല്‍ എനിക്ക് വിഷാദരോഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇതെക്കുറിച്ച് ആളുകള്‍ തുറന്നുപറയാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. അപമാനം തോന്നുന്നത് കൊണ്ടായിരിക്കാം. ഇത് ഞാനും അനുഭവിച്ചതാണല്ലോ. അപ്പോള്‍ ധാരാളം പേര്‍ സമാനമായ അനുഭവത്തില്‍ക്കൂടി കടന്നുപോകുന്നുണ്ടായിരിക്കുമെന്ന് ഞാന്‍ മനസിലാക്കി. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായി. ഒരു ജീവനെങ്കിലും രക്ഷിക്കിക്കാന്‍ സാധിച്ചാല്‍ അത്രയും മതി... '..- ദീപിക പറഞ്ഞു

എങ്ങനെയാണ് വിഷാദം തിരിച്ചറിഞ്ഞതെന്നും എങ്ങനെയാണ് ചികിത്സയിലേക്ക് എത്തിയതെന്നുമെല്ലാം ദീപിക പിന്നീട് വിശദീകരിക്കുന്നു. 

'അത്രയും കാലം അനുഭവിച്ചിട്ടില്ലാത്ത വിധം ഒരു ശൂന്യത ഞാന്‍ നേരിട്ടുതുടങ്ങി. ജോലിക്ക് പോകാനോ ആരെയെങ്കിലും കാണാനോ ഒന്നും തോന്നുമായിരുന്നില്ല. പുറത്തുപോകാന്‍ തന്നെ സാധിക്കുമായിരുന്നില്ല. ഇങ്ങനെ പറയാമോ എന്നറിയില്ല- പക്ഷേ, പറയുകയാണ് എനിക്ക് ജീവിക്കണമെന്ന് തന്നെ തോന്നിയിരുന്നില്ല. ഒരിക്കല് ബെംഗലൂരുവില്‍ നിന്ന മുംബൈയിലേക്ക് എന്റെ മാതാപിതാക്കള്‍ എന്നെ കാണാന്‍ വേണ്ടി വന്നു. അവരെ തിരിച്ചയയ്ക്കാന്‍ നേരം എയര്‍പോര്‍ട്ടില്‍ വച്ച് പെട്ടെന്ന് ഞാന്‍ അസാധാരണമാം വിധം കരഞ്ഞു. അത് കണ്ടപ്പോള്‍ അമ്മയ്ക്ക് സംശയം തോന്നി. അങ്ങനെ അമ്മയാണ് ഒരു സൈക്യാട്രിസ്റ്റിനെ കാണാന്‍ പറഞ്ഞത്. അതനുസരിച്ച് ഞാന്‍ സൈക്യാട്രിസ്റ്റിനെ കണ്ടത്...'- ദീപിക പറയുന്നു. 

 


പൊതുവേ മാനസികാരോഗ്യത്തെ കുറിച്ച് കാര്യമായ അവബോധം നമ്മുടെ സമൂഹത്തിലില്ല. ഇക്കാര്യം പലപ്പോഴും മനശാസ്ത്ര വിദഗ്ധര്‍ പറയാറുമുണ്ട്. എന്നാല്‍ വേണ്ടവിധത്തിലുള്ള പരിഗണന മാനസികാരോഗ്യത്തിന് നല്‍കാന്‍ കുടുംബം അടക്കം സമൂഹത്തിലെ വിവിധ മേഖലകള്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്ന് തന്നെ പറയാം. 

Also Read:- എപ്പോഴും ആത്മഹത്യാഭീഷണി മുഴക്കുന്നവര്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയോ?

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം