Delmicron : യുകെയില്‍ ആശങ്കയാകുന്നത് 'ഡെല്‍മിക്രോണ്‍'; മുന്നറിയിപ്പുമായി വിദഗ്ധര്‍

Web Desk   | others
Published : Dec 24, 2021, 09:06 AM IST
Delmicron : യുകെയില്‍ ആശങ്കയാകുന്നത് 'ഡെല്‍മിക്രോണ്‍'; മുന്നറിയിപ്പുമായി വിദഗ്ധര്‍

Synopsis

പ്പോള്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നത്, ഒമിക്രോണ്‍ വകഭേദം മൂലം മാത്രമല്ലെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. ഒമിക്രോണും ഡെല്‍റ്റയും ഒത്തുചേര്‍ന്ന വൈറസ് വകഭേദമാണ് സ്ഥിതിഗതികള്‍ മോശമാക്കുന്നതെന്നാണ് വിലയിരുത്തല്‍

കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ) . ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്. ഇതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. 

കൊവിഡ് അതിശക്തമായ തരംഗങ്ങള്‍ സൃഷ്ടിച്ച യുകെയില്‍ ആണ്, നിലവില്‍ ഒമിക്രോണ്‍ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്നത്. പ്രതിദിന കൊവിഡ് കേസുകളും, ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുന്ന സാഹചര്യമാണ് യുകെയില്‍ കാണാനാകുന്നത്. 

നേരത്തെ ഡെല്‍റ്റ വകഭേദവും യുകെയില്‍ കൊവിഡ് പ്രതിസന്ധി തീര്‍ത്തിരുന്നു. ഇപ്പോള്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നത്, ഒമിക്രോണ്‍ വകഭേദം മൂലം മാത്രമല്ലെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. ഒമിക്രോണും ഡെല്‍റ്റയും ഒത്തുചേര്‍ന്ന വൈറസ് വകഭേദമാണ് സ്ഥിതിഗതികള്‍ മോശമാക്കുന്നതെന്നാണ് വിലയിരുത്തല്‍. 'ഡെല്‍മിക്രോണ്‍' എന്നാണിതിനെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. 

യുകെയില്‍ മാത്രമല്ല യുഎസ്, മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നതിന് കാരണമാകുന്നത് 'ഡെല്‍മിക്രോണ്‍' ആണെന്ന തരത്തിലാണിപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നത്. 

'ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന ഡെല്‍മിക്രോണ്‍ ആണ് നിലവില്‍ യൂറോപ്പിലും യുഎസിലുമെല്ലാം കൊവിഡ് കേസുകളുടെ സുനാമി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഒമിക്രോണ്‍ എത്തരത്തിലാണ് ബാധിക്കപ്പെടുകയെന്നത് ഇനിയും കണ്ടറിയേണ്ടതുണ്ട്. ഇപ്പോഴും ഡെല്‍റ്റയും അതിന്റെ ഉപവകഭേദങ്ങളും തന്നെയാണ് രാജ്യത്ത് ഏറെയും വ്യാപകമായിട്ടുള്ളത്. ഇതിന് പകരം ഒമിക്രോണ്‍ ആകാന്‍ ഒരുപക്ഷേ അധികം സമയം വേണ്ടിവരികയുമില്ല...' കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'കൊവിഡ് ടാസ്‌ക് ഫോഴ്‌സ്' അംഗം ശശാങ്ക് ജോഷി പറയുന്നു. 

ഇതിനിടെ ആശ്വാസകരമായൊരു വിവരം യുകെയില്‍ നിന്നുള്ള ഗവേഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ കേസുകള്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യം 70 ശതമാനത്തോളം കുറവാണെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന വിവരം. ഡെല്‍റ്റയെക്കാള്‍ മൂന്ന് മടങ്ങിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുന്ന വകഭേദമാണ് ഒമിക്രോണ്‍. എന്നാല്‍ രോഗതീവ്രതയുടെ കാര്യത്തില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെക്കാള്‍ സുരക്ഷിതമാണെന്നാണ് ഈ വിവരം സൂചിപ്പിക്കുന്നത്.

Also Read:- ഒമിക്രോൺ ബാധിച്ച രോ​ഗികളിൽ കണ്ട് വരുന്ന രണ്ട് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം