
കൊവിഡ് 19 മഹാമാരിയുടെ ആദ്യഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് പിന്നീടുള്ള ഘട്ടങ്ങളില്‍ രോഗവ്യാപനവും രോഗത്തിന്റെ തീവ്രതയും മരണനിരക്കുമെല്ലാം മാറിയത്. രോഗകാരിയായ കൊറോണ വൈറസ് പല തരത്തിലുമുള്ള പരിവര്‍ത്തനങ്ങള്‍ക്ക് (ജനിതക വ്യതിയാനം) വിധേയപ്പെട്ടതോടെയാണ് ഇത്തരത്തില്‍ രോഗത്തിന്റെ സവിശേഷതകള്‍ തന്നെ മാറിമറിയുകയും വലിയ പ്രതിസന്ധികള്‍ ഉടലെടുക്കുകയും ചെയ്തത്.
ഇക്കൂട്ടത്തില്‍ യുകെ വകഭേദം, ബ്രസീല്‍ വകഭേദം എന്നിങ്ങനെ പല തരത്തിലുള്ള വൈറസുകള്‍ ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിനിടെ ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട 'ഡെല്‍റ്റ' വകഭേദം വ്യാപകമായി ആളുകള്‍ക്കിടയില്‍ രോഗം പരത്തുന്നതിന് കാരണമാവുകയും വൈകാതെ തന്നെ ഇത് മറ്റ് രാജ്യങ്ങളില്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുകയാണ് 'ഡെല്‍റ്റ' വകഭേദം ചെയ്തത്. ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗം പോലും ഇത്രമാത്രം രൂക്ഷമാകാന്‍ കാരണമായത് 'ഡെല്‍റ്റ' വകഭേദമാണെന്നാണ് വിലയിരുത്തല്‍.
ഇപ്പോഴിതാ യുഎസ്, യുകെ, റഷ്യ എന്ന് തുടങ്ങി പല രാജ്യങ്ങളും 'ഡെല്‍റ്റ' വകഭേദത്തിന്റെ ആക്രമണത്തില്‍ വെല്ലുവിളി നേരിടുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റഷ്യയില്‍ ഏറ്റവും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ ഏതാണ്ട് 90 ശതമാനവും 'ഡെല്‍റ്റ' വൈറസ് വകഭേദം മൂലമാണ് ഉണ്ടായിരിക്കുന്നതെന്ന് തലസ്ഥാനമായ മോസ്‌കോയുടെ മേയര്‍ സെര്‍ജെയ് സോബിയാനിന്‍ ഇന്ന് അറിയിച്ചു.
യുഎസ് ആണെങ്കില്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട വിഭാഗത്തില്‍ ഔദ്യോഗികമായി തന്നെ 'ഡെല്‍റ്റ' വകഭേദത്തെ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. രോഗവ്യാപനം അത്രയും രൂക്ഷമായി വര്‍ധിപ്പിക്കാന്‍ കഴിവുള്ള വകഭേദമെന്ന നിലയിലാണ് 'ഡെല്‍റ്റ'യെ ഇത്തരത്തില്‍ പട്ടികപ്പെടുത്തുന്നതെന്ന് യുഎസ്, 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി) അറിയിച്ചു.
മെയ് പത്തിന് ലോകാരോഗ്യ സംഘടനയും 'ഡെല്‍റ്റ' വകഭേദത്തെ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട വകഭേദമായി പ്രഖ്യാപിച്ചിരുന്നു. പുതുതായി യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ ഭൂരിപക്ഷവും 'ഡെല്‍റ്റ' വകഭേദം മൂലമുണ്ടായതാണെന്നും കഴിഞ്ഞ ഒരു മാസത്തോളമായി യുഎസില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നത് ഈ വകഭേദത്തില്‍ വരുന്ന വൈറസാണെന്നും സിഡിസി ചൂണ്ടിക്കാട്ടി.
യുകെയിലെ സാഹചര്യവും മറിച്ചല്ല. പുതിയ കൊവിഡ് കേസുകളില്‍ മഹാഭൂരിപക്ഷവും 'ഡെല്‍റ്റ' വകഭേദം മൂലമാണെന്നും ഇവിടെയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 'പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്' (പിഎച്ച്ഇ) 'ഡെല്‍റ്റ' വകഭേദം സൃഷ്ടിക്കുന്ന രോഗവ്യാപനത്തെ കുറിച്ച് കൃത്യമായി പഠനം നടത്തിവരുന്നുണ്ട്. യുകെയില്‍ 99 ശതമാനം കൊവിഡ് കേസുകളും ഇപ്പോള്‍ 'ഡെല്‍റ്റ'യില്‍ നിന്നാണെന്നാണ് പിഎച്ച്ഇ അറിയിക്കുന്നത്. ഒരാഴ്ച കൊണ്ട് മാത്രം 'ഡെല്‍റ്റ' വകഭേദം 33,630 പുതിയ കേസുകളാണ് സൃഷ്ടിച്ചതെന്നും പിഎച്ച്ഇ പറയുന്നു.
രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ 'ഡെല്‍റ്റ'യ്ക്ക് കഴിവുള്ളതായി സൂചനയില്ല. എന്നാല്‍ കൂടുതല്‍ പേരിലേക്ക് വളരെ പെട്ടെന്ന് രോഗമെത്തിക്കുന്നതോടെ ആരോഗ്യമേഖലയില്‍ അത് പ്രതിസന്ധി സൃഷ്ടിക്കും. ഒരേ സമയം നിരവധി രോഗികളുണ്ടാവുകയും അവരുടെ എണ്ണത്തിന് അനുസരിച്ച് ആശുപത്രിക്കിടക്കകളോ മറ്റ് മെഡിക്കല്‍ സൗകര്യങ്ങളോ ലഭ്യമായില്ലെങ്കില്‍ അതുവഴി മരണനിരക്ക് കൂടുകയും ചെയ്യും. ഇത്തരത്തിലാണ് 'ഡെല്‍റ്റ' വലിയ തലവേദന സൃഷ്ടിക്കുന്നത്. വാക്‌സിന് പോലും ഇതിന് പലപ്പോഴും ചെറുക്കാനാകില്ലെന്നുള്ള തരത്തില്‍ പഠനറിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലി എയിംസിലെ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ഗവേഷകരും സമാനമായ നിരീക്ഷണമടങ്ങുന്ന പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇത് വലിയ ആശങ്കകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
Also Read:- ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് 'ഡെല്‍റ്റ' വകഭേദം; അത്രയും അപകടകാരിയോ 'ഡെല്‍റ്റ'?...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam