പലപ്പോഴും വാക്‌സിന് പോലും 'ഡെല്‍റ്റ' വകഭേദത്തെ ചെറുക്കാനാകില്ലെന്നാണ് പുതിയ പഠനങ്ങള്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ദിവസം ദില്ലി എയിംസ് (ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്) പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടും ഇതേ ആശങ്ക തന്നെ പങ്കുവയ്ക്കുന്നു. വാക്‌സിനെടുത്തവരില്‍ തന്നെ കൊവിഡ് ബാധയുണ്ടാവുകയും പരിശോധിച്ചപ്പോള്‍ ഇതില്‍ മഹാഭൂരിപക്ഷവും 'ഡെല്‍റ്റ' വകഭേദത്തിന്റെ ആക്രമണമാണ് സംഭവിച്ചിരിക്കുന്നതെന്നും എയിംസിന്റെ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

കൊവിഡ് 19 എന്ന മഹാമാരിയുമായി രാജ്യം യുദ്ധം ആരംഭിച്ചിട്ട് ഒന്നര വര്‍ഷം കഴിയുന്നു. ഇതിനിടെ ആദ്യഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് പിന്നീട് വൈറസ് ബാധയും, ലക്ഷണങ്ങളും, രോഗതീവ്രതയും, മരണനിരക്കുമെല്ലാം ഉണ്ടായത്. ഇത്തരത്തില്‍ കാണെക്കാണെ എന്തുകൊണ്ടാണ് മഹാമാരിയുടെ പ്രത്യേകതകളിലും അനന്തരഫലങ്ങളിലും വ്യത്യാസം വരുന്നതെന്ന സംശയം അധികമൊന്നും നീണ്ടില്ല. വൈറസിന് സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞ് വരാന്‍ കാരണമെന്ന് കണ്ടെത്തപ്പെട്ടു. 

യുകെ വകഭേദം, ബ്രസീല്‍ വകഭേദം എന്നിങ്ങനെ പല രാജ്യങ്ങളിലും വൈറസിന് സംഭവിച്ച മാറ്റങ്ങള്‍ക്കനുസരിച്ച് നാം വകഭേദങ്ങളെ വിവിധ പേരിട്ട് തന്നെ അടയാളപ്പെടുത്തി. ഇത്തരത്തില്‍ ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട ഒരു വകഭേദമായിരുന്നു 'ഡെല്‍റ്റ' വകഭേദം അഥവാ ബി.1.617.2 വകഭേദം. 

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ആദ്യമായി 'ഡെല്‍റ്റ' വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്. രാജ്യത്തുണ്ടായ കൊവിഡ് രണ്ടാം തരംഗത്തിന് പോലും കാരണമായത് അതിവേഗത്തില്‍ രോഗം പരത്താന്‍ കഴിവുള്ള ഈ വൈറസ് വകഭേദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ യുകെ, യുഎസ് തുടങ്ങി പല രാജ്യങ്ങളിലും 'ഡെല്‍റ്റ' വകഭേദം എത്തിക്കഴിഞ്ഞിരിക്കുന്നു. പലയിടങ്ങളിലും ഏറ്റവുമധികം അപായത്തിനിടയാക്കുന്ന- അല്ലെങ്കില്‍ അപകടകാരിയായ വകഭേദം എന്ന നിലയിലാണ് ഇന്ത്യന്‍ ഉത്ഭവമുള്ള 'ഡെല്‍റ്റ' വകഭേദത്തിനെ കാണുന്നത്. 

കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സമയത്ത്, അന്ന് രോഗം പരത്തിയിരുന്ന വൈറസില്‍ നിന്ന് വ്യതിയാനം സംഭവിച്ച് ഒരു കൂട്ടം വൈറസുകളുണ്ടായി. ഇവയെ 'ആല്‍ഫ' വകഭേദങ്ങള്‍ എന്നായിരുന്നു വിളിച്ചത്. ഇവ തന്നെ ആദ്യത്തെ വൈറസിനെക്കാള്‍ രോഗവ്യാപനം വര്‍ധിപ്പിക്കുന്നവയായിരുന്നു. ഇതിനെക്കാളും 40 ശതമാനത്തോളം അധികം രോഗവ്യാപന സാധ്യതയുള്ള വകഭേദമാണ് 'ഡെല്‍റ്റ'. 

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗം എത്തിക്കുകയാണ് 'ഡെല്‍റ്റ' വകഭേദം ചെയ്യുന്നതെന്ന് സൂചിപ്പിച്ചുവല്ലോ. അതില്‍ക്കവിഞ്ഞ അപകടസാധ്യതകള്‍ സത്യത്തില്‍ ഈ വകഭേദത്തിനില്ല. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയും, ആശുപത്രിക്കിടക്കകള്‍ കൂടുതലായി ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖല പ്രതിസന്ധിയിലായേക്കാം. ഇത് കൂടുതല്‍ മരണങ്ങളിലേക്കും വഴിയൊരുക്കുന്നു. അവിടെയാണ് 'ഡെല്‍റ്റ' വലിയ വെല്ലുവിളിയാകുന്നത്. 

പലപ്പോഴും വാക്‌സിന് പോലും 'ഡെല്‍റ്റ' വകഭേദത്തെ ചെറുക്കാനാകില്ലെന്നാണ് പുതിയ പഠനങ്ങള്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ദിവസം ദില്ലി എയിംസ് (ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്) പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടും ഇതേ ആശങ്ക തന്നെ പങ്കുവയ്ക്കുന്നു. വാക്‌സിനെടുത്തവരില്‍ തന്നെ കൊവിഡ് ബാധയുണ്ടാവുകയും പരിശോധിച്ചപ്പോള്‍ ഇതില്‍ മഹാഭൂരിപക്ഷവും 'ഡെല്‍റ്റ' വകഭേദത്തിന്റെ ആക്രമണമാണ് സംഭവിച്ചിരിക്കുന്നതെന്നും എയിംസിന്റെ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

പല തവണ വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസായതിനാല്‍ തന്നെ, അവ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവും സ്വായത്തമാക്കുകയാണ്. അതുകൊണ്ടാണ് വാക്‌സിനെ പോലും ചെറുത്തുനില്‍ക്കാന്‍ അവയ്ക്ക് സാധിക്കുന്നത്. മനുഷ്യശരീരത്തില്‍ കോശങ്ങള്‍ക്കകത്തേക്ക് വൈറസ് പ്രവേശിക്കുന്നതോടെയാണ് രോഗബാധയുണ്ടാകുന്നത്. ഇത്തരത്തില്‍ കോശങ്ങളിലേക്ക് കടന്നുകൂടുന്നതിനും നിര്‍ബാധം അവയവങ്ങളിലേക്ക് ഓടിയെത്തുന്നതിനും 'ഡെല്‍റ്റ' വകഭേദത്തിന് എളുപ്പത്തില്‍ കഴിയുന്നു. '

നേരിയ ജലദോഷം, തൊണ്ടവേദന, തലവേദന, മൂക്കൊലിപ്പ് എന്നിവയാണ് 'ഡെല്‍റ്റ' വകഭേദം സൃഷ്ടിക്കുന്ന കൊവിഡ് ബാധയുടെ ലക്ഷണങ്ങളായി വരുന്നത്. മിക്കവാറും ആളുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തത് രോഗവ്യാപനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതായത് വിഷമത കുറഞ്ഞ ജലദോഷം, തലവേദന എല്ലാം അനുഭപ്പെടുമ്പോള്‍ അത് 'സീസണല്‍' ആകാമെന്ന വിലയിരുത്തലിലേക്ക് ആളുകള്‍ പെട്ടെന്ന് എത്തുന്നു. ഇതോടെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യില്ല. ഇങ്ങനെ രോഗവ്യാപനം ഏറെ സംഭവിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഏതായാലും ഈ മഹാമാരിക്കാലത്ത് ശാരീരികമായി സംഭവിക്കുന്ന ഓരോ മാറ്റങ്ങളെയും നമുക്ക് സസൂക്ഷ്മം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. കൊവിഡിലേക്ക് വിരല്‍ ചൂണ്ടുന്ന ലക്ഷണങ്ങള്‍ കണ്ടെത്തുന്ന പക്ഷം ആദ്യം മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കാനാണ് ശ്രദ്ധിക്കേണ്ടത്. തുടര്‍ന്ന് സ്വന്തം ആരോഗ്യവസ്ഥ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളും ആരായാം.

Also Read:- കൊവിഡ് മുക്തി നേടിയ യുവാവിന് ഗ്രീൻ ഫംഗസ്; രാജ്യത്തെ ആദ്യ കേസ്...