'കിഡ്‌നി ക്യാന്‍സര്‍' അധികവും പുരുഷന്മാരിലോ? രോഗം കണ്ടെത്താന്‍ കഴിയുന്നതെങ്ങനെ?

By Web TeamFirst Published Jun 17, 2021, 9:47 PM IST
Highlights

ഒരു ചെറിയ മുഴയുടെ (ട്യൂമര്‍) രൂപത്തില്‍ വൃക്കയ്ക്കുള്ളില്‍ രൂപപ്പെടുന്ന ക്യാന്‍സര്‍, പിന്നീട് വളരുകയാണ് ചെയ്യുന്നത്. ഇത് ട്യൂമറായിരിക്കെ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ഫലപ്രദമായ ചികിത്സ സാധ്യമാണ്. സര്‍ജറിയാണ് ഈ ഘട്ടത്തില്‍ അധികവും ഡോക്ടര്‍മാര്‍ അവലംബിക്കുക

വൃക്കകള്‍ നമുക്ക് എത്രമാത്രം പ്രധാനമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരുപക്ഷേ അവയുടെ ധര്‍മ്മങ്ങളെ കുറിച്ചോ, പ്രവര്‍ത്തനരീതികളെ കുറിച്ചോ അറിഞ്ഞില്ലെങ്കില്‍ പോലും അവയുടെ പ്രാധാന്യത്തെ കുറിച്ച് മിക്കവാറും പേര്‍ക്കും ബോധ്യമുണ്ട്. അതിനാല്‍ തന്നെ വൃക്കകളെ ബാധിക്കുന്ന അര്‍ബുദരോഗമെന്നാല്‍ അതെത്രമാത്രം ഗൗരവമുള്ളതാണെന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. 

ഒരു ലക്ഷത്തി, എണ്‍പതിനായിരം പേരെങ്കിലും ഓരോ വര്‍ഷവും കിഡ്‌നി ക്യാന്‍സര്‍ ബാധിച്ച് ആഗോളതലത്തില്‍ മരിക്കുന്നു എന്നാണ് കണക്ക്. ലോകത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്യാന്‍സറുകളില്‍ പതിമൂന്നാം സ്ഥാനത്താണ് കീഡ്‌നി ക്യാന്‍സര്‍ അഥവാ 'റീനല്‍ ക്യാന്‍സര്‍'ന്റെ സ്ഥാനം. ഈ വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാനായി ജൂണ്‍ 16 ലോക കിഡ്‌നി ക്യാന്‍സര്‍ ദിനമായാണ് ആചരിക്കപ്പെടുന്നത്. ഈ ദിവസമെങ്കിലും ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടണമെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.

രാജ്യത്തും അടുത്ത കാലങ്ങളിലായി കിഡ്‌നി ക്യാന്‍സര്‍ രോഗികളുടെ എണ്ണവും മരണനിരക്കും വര്‍ധിച്ചുവരികയാണ്. 'നാഷണല്‍ ക്യാന്‍സര്‍ രജ്‌സിട്രി പ്രോഗ്രാം' (എന്‍സിആര്‍പി) കണക്ക് പ്രകാരം 2020ല്‍ മാത്രം 18,000 കിഡ്‌നി ക്യാന്‍സര്‍ കേസുകള്‍ രാജ്യത്ത് കണ്ടെത്തപ്പെട്ടു.

കിഡ്‌നി ക്യാന്‍സര്‍ സംബന്ധിച്ചുള്ള ഏറ്റവും വലിയ വിഷമതയെന്തെന്നാല്‍ മിക്കവാറും കേസുകളിലും ഇത് തുടക്കത്തില്‍ കണ്ടെത്താന്‍ സാധിക്കുകയില്ല എന്നതാണ്. കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാല്‍ തന്നെ രോഗം വ്യക്തിയോ കൂടെയുള്ളവരോ അറിയാതെ പോകുന്നു. 

 

 

അധിക സാഹചര്യങ്ങളിലും മറ്റെന്തെങ്കിലും മെഡിക്കല്‍ ആവശ്യത്തിനോ, അപകടങ്ങളില്‍ പെട്ടോ മറ്റോ എത്തുമ്പോഴാണ് കിഡ്‌നി ക്യാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നത്. പലപ്പോഴും വൈകിയ വേളയിലാകാം ഈ അവസരം ലഭിക്കുന്നതും. 

ഇതിനോടൊപ്പം കൂട്ടിച്ചര്‍ക്കുവാനുള്ള മറ്റൊരു കാര്യമാണ് കിഡ്‌നി ക്യാന്‍സര്‍ ലിംഗഭേദത്തിന് അനുസരിച്ച് മാറുന്നു എന്നതും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കിഡ്‌നി ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയില്‍ 442 പേരില്‍ ഒരാള്‍ എന്ന നിലയിലാണ് പുരുഷന്മാരില്‍ കിഡ്‌നി ക്യാന്‍സര്‍ കാണുന്നതെങ്കില്‍ 620 പേരില്‍ ഒരാള്‍ എന്ന നിലയിലാണ് സ്ത്രീകളില്‍ കിഡ്‌നി ക്യാന്‍സര്‍ കാണപ്പെടുന്നത്.  

നമുക്കറിയാം രക്തം ശുദ്ധീകരിക്കുന്നതും, അമിത ജലാംശത്തെ പുറന്തള്ളുന്നതും, അവശിഷ്ടങ്ങള്‍ ശരീരത്തില്‍ നിന്ന് അരിച്ച് പുറന്തള്ളുന്നതുമെല്ലം വൃക്കകളാണ്. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചുനിര്‍ത്തുന്നതിലും എല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിച്ചുനിര്‍ത്തുന്നതിലുമെല്ലാം വൃക്കകള്‍ക്ക് അവയുടേതായ പങ്കുണ്ട്. 

ഒരു ചെറിയ മുഴയുടെ (ട്യൂമര്‍) രൂപത്തില്‍ വൃക്കയ്ക്കുള്ളില്‍ രൂപപ്പെടുന്ന ക്യാന്‍സര്‍, പിന്നീട് വളരുകയാണ് ചെയ്യുന്നത്. ഇത് ട്യൂമറായിരിക്കെ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ഫലപ്രദമായ ചികിത്സ സാധ്യമാണ്. സര്‍ജറിയാണ് ഈ ഘട്ടത്തില്‍ അധികവും ഡോക്ടര്‍മാര്‍ അവലംബിക്കുക. വൃക്കകളുടെ മറ്റ് പ്രവര്‍ത്തനങ്ങളെയൊന്നും ബാധിക്കാതെ ട്യൂമര്‍ എടുത്തുകളയുകയാണ് സര്‍ജറിയിലൂടെ ചെയ്യുന്നത്. 

 

 

ഇനി, ട്യൂമര്‍ വളരര്‍ന്ന് വലുതാകുന്നതിന് അനുസരിച്ച് സ്വാഭാവികമായും രോഗതീവ്രത വര്‍ധിക്കുന്നു. പിന്നീട് രക്തം ശുദ്ധിയാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തടസം നേരിടുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ മറ്റ് അവയവങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന സാഹചര്യവും ഇതോടെയുണ്ടാകുന്നു. 'ഇമ്മ്യൂണോതെറാപ്പി', 'ടാര്‍ഗറ്റഡ് തെറാപ്പി', 'റേഡിയേഷന്‍ തെറാപ്പി' തുടങ്ങി പല ചികിത്സാരീതികളും ഈ ഘട്ടങ്ങളില്‍ പ്രയോജനപ്പെട്ടേക്കാം. 

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കിഡ്‌നി ക്യാന്‍സര്‍ ചികിത്സാമേഖലയില്‍ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. രോഗിയുടെ ആരോഗ്യാവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും, ഫലപ്രദമായ രോഗമുക്തിക്കുമെല്ലാം സഹായപ്പെടുന്ന പല ചികിത്സാരീതികളും ഇന്ന് ലഭ്യമാണ്. എന്നാല്‍ രോഗം സമയബന്ധിതമായി കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം. പ്രകടമായി ലക്ഷണങ്ങള്‍ വരാത്ത അസുഖങ്ങള്‍ കണ്ടെത്തണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് നടത്തുകയെന്ന മാര്‍ഗം മാത്രമേ നമുക്ക് മുന്നിലുള്ളൂ. ഇക്കാര്യങ്ങള്‍ വിശദമായി തന്നെ ഫിസീഷ്യന്മാര്‍ നിര്‍ദേശിച്ചുതരികയും ചെയ്യുന്നതാണ്.

Also Read:- അന്നനാളത്തിലെ അര്‍ബുദത്തിന് കാരണമാകുന്ന ചിലത്; ഇവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും...

click me!