Diabetes in Women : പ്രമേഹം കൂടുതല്‍ പിടിപെടുന്നത് സ്ത്രീകളിലോ പുരുഷന്മാരിലോ? കാരണവും അറിയാം...

By Web TeamFirst Published Sep 8, 2022, 11:49 AM IST
Highlights

പ്രമേഹം രണ്ട് വിധത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്- 2 പ്രമേഹവും. രണ്ട് പ്രമേഹവും പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പ്രമേഹത്തിന്‍റെ കാര്യത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ തോതില്‍ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

പ്രമേഹം അഥവാ ഷുഗര്‍ ഒരു ജീവിതശൈലീരോഗമെന്ന നിലയിലാണ് നാം കണക്കാക്കുന്നത്. പാരമ്പര്യഘടകങ്ങളും ഇിതിനെ മോശമല്ലാത്ത രീതിയില്‍ സ്വാധീനിക്കാറുണ്ട്. എങ്കിലും അധികവും മോശം ജീവിതരീതികള്‍ തന്നെയാണ് പ്രമേഹത്തിലേക്ക് നമ്മെ നയിക്കുന്നത്. 

പ്രമേഹം രണ്ട് വിധത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്- 2 പ്രമേഹവും. രണ്ട് പ്രമേഹവും പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പ്രമേഹത്തിന്‍റെ കാര്യത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ തോതില്‍ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ലോകത്ത് തന്നെ ഏറ്റവുമധികം പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിന്‍റെ 'പ്രമേഹ തലസ്ഥാനമാണെന്നാണ്' ഇക്കാര്യത്തില്‍ രാജ്യം അറിയപ്പെടുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പ്രമേഹരോഗികളുള്ളതെന്ന് 2020ല്‍ പുറത്തുവന്നൊരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'ജേണല്‍ ഓഫ് ഡയബറ്റിസ് ആന്‍റ് മെറ്റബോളിക് ഡിസോര്‍ഡേഴ്സ്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. 

ഈ റിപ്പോര്‍ട്ടില്‍ അടക്കം പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത് പ്രകാരം ഇന്ത്യയില്‍ പ്രമേഹരോഗികള്‍ കൂടുതലുള്ളത് സ്ത്രീകളിലാണ്. പ്രമേഹം മൂലം മരണത്തിലേക്ക് എത്തുന്നവരിലും സ്ത്രീകളാണ് കൂടുതലുള്ളതത്രേ. സാമ്പത്തിക സാഹചര്യം, ഡയറ്റ്, വിദ്യാഭ്യാസ സാഹചര്യം തുടങ്ങി പല ഘടകങ്ങളും ഇതില്‍ ഭാഗവാക്കാകുന്നുണ്ടത്രേ. അതുപോലെ തന്നെ നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും എന്ന വ്യത്യാസവും ഇതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടത്രേ. 

സ്ത്രീകള്‍ക്ക് എന്നല്ല ഏത് വ്യക്തിക്കും ഏത് പ്രായത്തിലും പ്രമേഹം പിടിപെടാം. എന്നാല്‍ സാധാരണനിലയില്‍ മുതിര്‍ന്നവരിലാണ് പ്രമേഹം ഏറെയും കാണുന്നത്. സ്ത്രീകളിലാണെങ്കില്‍ ആര്‍ത്തവവിരാമത്തിന് ശേഷം പ്രമേഹസാധ്യത ഏറുന്നുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകളില്‍ ഇത്തരത്തില്‍ പ്രമേഹം കൂടുന്നതെന്ന് ചോദിച്ചാല്‍ അതിന് അനുമാനിക്കപ്പെടുന്ന കാരണം മാത്രമേയുള്ളൂ.

പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയില്‍ ഒരു പ്രായം കടന്ന സ്ത്രീകളില്‍ വണ്ണം കൂടുതല്‍ കാണാം. ഇങ്ങനെ ശരീരഭാരം വര്‍ധിക്കുന്നതാണ് കാര്യമായും പ്രമേഹം വര്‍ധിപ്പിക്കാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ മറ്റ് കാരണങ്ങളാല്‍ പ്രമേഹം പിടിപെടുന്നവര്‍ കൂടിയാകുമ്പോള്‍ തോത്  വര്‍ധിക്കുകയാണ്. എന്തായാലും ഇരുപത്തിയഞ്ച് വയസ് കടന്നാല്‍ പ്രമേഹ പരിശോധന കൃത്യമായ ഇടവേളകളില്‍ നടത്തുന്നതാണ് ഉചിതം. പ്രത്യേകിച്ച് പാരമ്പര്യമുള്ളവര്‍. 

അമിതമായ ദാഹം, ഇടവിട്ട് മൂത്രമൊഴിക്കല്‍, മുറിവുകള്‍ ഉണങ്ങാൻ കാലതാമസം, ക്ഷീണം എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ തന്നെയാണ് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുക. പ്രമേഹമുള്ളവരിലാണെങ്കില്‍ ഹൈപ്പര്‍ടെൻഷൻ സാധ്യതയും കൂടുതലാണ്. അങ്ങനെയെങ്കില്‍ അത് ഹൃദയത്തിനും വെല്ലുവിളിയാണ്. 

Also Read:- ദിവസത്തില്‍ എട്ട് തവണയിലധികം മൂത്രമൊഴിച്ചാല്‍ അപകടമോ?

click me!