Asianet News MalayalamAsianet News Malayalam

ദിവസത്തില്‍ എട്ട് തവണയിലധികം മൂത്രമൊഴിച്ചാല്‍ അപകടമോ?

മുതിര്‍ന്ന ഒരാള്‍ ദിവസത്തില്‍ എത്ര തവണ മൂത്രമൊഴിക്കും? ഇതില്‍ കൂടുതല്‍ ആവുകയാണെങ്കില്‍ അത് ഡോക്ടറെ കാണേണ്ട സാഹചര്യമാണോ? ഇക്കാര്യങ്ങളെല്ലാം ഇപ്പോഴും ആളുകള്‍ക്ക് വ്യക്തമായി അറിവുള്ളതല്ല. 

urinating more than eight times per day may need consultation
Author
First Published Sep 3, 2022, 1:32 PM IST

നമ്മുടെ ശരീരം അതിന് ആവശ്യമായ ഭക്ഷണവും വെള്ളവും എടുത്ത ശേഷം ഇതിന്‍റെ അവശിഷ്ടങ്ങളാണ് പുറന്തള്ളുന്നത്. മലമൂത്ര വിസര്‍ജ്ജനം എന്നത് ദഹനപ്രക്രിയയുടെ ഏറ്റവും അവസാന ഘട്ടമായി വരുന്നത് അങ്ങനെയാണ്. വിസര്‍ജ്ജനം സുഗമായി നടക്കുക, സാധാരണനിലയില്‍ നടക്കുക എന്നതെല്ലാം ആരോഗ്യത്തിന് പ്രധാനമാണ്. ഇതില്‍ വരുന്ന മാറ്റങ്ങള്‍ തീര്‍ച്ചയായും ആരോഗ്യത്തെ ബാധിക്കുന്ന ചില പ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ലക്ഷണം തന്നെയാണ്. 

ഇത്തരത്തില്‍ മൂത്രം പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട് കണ്ടേക്കാവുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മുതിര്‍ന്ന ഒരാള്‍ ദിവസത്തില്‍ എത്ര തവണ മൂത്രമൊഴിക്കും? ഇതില്‍ കൂടുതല്‍ ആവുകയാണെങ്കില്‍ അത് ഡോക്ടറെ കാണേണ്ട സാഹചര്യമാണോ? ഇക്കാര്യങ്ങളെല്ലാം ഇപ്പോഴും ആളുകള്‍ക്ക് വ്യക്തമായി അറിവുള്ളതല്ല. 

മുതിര്‍ന്ന ഒരാള്‍ 24 മണിക്കൂറിനുള്ളില്‍ ആറ് മുതല്‍ എട്ട് തവണ വരെയെല്ലാം മൂത്രമൊഴിക്കാം. ഇത് എത്ര വെള്ളം കുടിക്കുന്നു എന്നതിനെ കൂടി അനുസരിച്ചിരിക്കും. ചിലരില്‍ ആറ് എന്നത് നാലായി ചുരുങ്ങാറുണ്ട്. അത് കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയുന്നതിനാലാണ്. ചിലരില്‍ എട്ട് എന്നത് പത്ത് വരെയും ആകാറുണ്ട്. ഇതും വെള്ളത്തിന്‍റെ അളവില്‍ വരുന്ന വ്യത്യാസമാകാം. 

എങ്കിലും പൊതുവില്‍ എട്ട് തവണയില്‍ കൂടുതല്‍ മൂത്രമൊഴിക്കുന്നുണ്ടെങ്കില്‍, അതും മുമ്പില്ലാത്ത വിധം ആണെങ്കില്‍ ഇക്കാര്യം പരിശോധിക്കണം. ടൈപ്പ്-1 പ്രമേഹം, ടൈപ്പ്- 2 പ്രമേഹം എന്നിവയുടെ ലക്ഷണമാകാം ഇത്. പ്രമേഹമുള്ളവരാണെങ്കില്‍ ദിവസത്തില്‍ മൂന്ന് ലിറ്റര്‍ മുതല്‍ 20 ലിറ്റര്‍ വരെ മൂത്രം പുറത്തുപോകാം. 20 ലിറ്ററെല്ലാം പ്രമേഹം അധികരിച്ച കേസുകളിലാണ് വരുന്നത്. 

ഇങ്ങനെ മൂത്രം അമിതമായി പോകുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. എപ്പോഴും ദാഹം അനുഭവപ്പെടുകയും വായ മുതല്‍ അകത്തേക്ക് വരള്‍ച്ച തോന്നുകയും ചെയ്യാം. 

പ്രമേഹത്തിന് പുറമെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ സൂചനയായും മൂത്രം അമിതമായി പോകാം. വൃക്കകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവയുടെയെല്ലാം ഭാഗമായി മൂത്രം അമിതമായി പോകാം. ചില സന്ദര്‍ഭങ്ങളില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ അധികതവണ മൂത്രം പോകുന്നത് 'നോര്‍മല്‍' ആകാം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഈ അസുഖങ്ങളുടെ ലക്ഷണമായും വരാം. 

Also Read:- ഇടയ്ക്കിടെ വയറുവേദനയോ? കാരണങ്ങള്‍ ഇവയാകാം...

Follow Us:
Download App:
  • android
  • ios