പ്രമേഹമുള്ളവര്‍ മല്ലിയില കഴിക്കുന്നത് കൊണ്ടുള്ള ഫലം...

By Web TeamFirst Published Jan 14, 2021, 9:28 PM IST
Highlights

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, ഹൃദയാരോഗ്യം ശക്തിപ്പെടുത്താനും, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാകാനുമെല്ലാം സഹായകമായ പല ഘടകങ്ങളും മല്ലിയിലയില്‍ അടങ്ങിയിട്ടുണ്ട്

പ്രമേഹമുള്ളവരുടെ കാര്യത്തില്‍ മരുന്നിനെക്കാള്‍ ഡയറ്റ് പ്രധാനമായി വരുന്ന സാഹചര്യമാണ് അധികവും കാണാറ്. ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഷുഗര്‍ എളുപ്പത്തില്‍ വര്‍ധിക്കാം. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയും ചെയ്യേണ്ടതുണ്ട്. 

അത്തരത്തിലൊന്നാണ് മല്ലിയില. സാധാരണഗതിയില്‍ കറികളിലോ സലാഡിലോ റൈസിലോ എല്ലാം ആവശ്യമെങ്കില്‍ ആവാം എന്ന നിലയ്ക്കാണ് നമ്മള്‍ മല്ലിയിലയെ കണക്കാക്കാറ്. എന്നാല്‍ മല്ലിയിലയ്ക്ക് അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ട്. 

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, ഹൃദയാരോഗ്യം ശക്തിപ്പെടുത്താനും, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാകാനുമെല്ലാം സഹായകമായ പല ഘടകങ്ങളും മല്ലിയിലയില്‍ അടങ്ങിയിട്ടുണ്ട്. 

ഇതിനോടൊപ്പം തന്നെ ഷുഗര്‍ കുറയ്ക്കാനും ഇത് ഏറെ സഹായകമാണ്. അധികം ആളുകള്‍ക്കും ഇതെക്കുറിച്ച് അറിവില്ല എന്നതാണ് സത്യം. ഗ്ലൈസമിക് സൂചിക വളരെ കുറഞ്ഞ ഒന്നാണ് മല്ലിയില. ഗ്ലൈസമിക് സൂചിക എന്നാല്‍ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവിനെ മനസിലാക്കാനുള്ളൊരു സൂചികയാണ്. ഗ്ലൈസമിക് സൂചിക കുറവായ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നത്. 33 ആണ് മല്ലിയിലയുടെ ഗ്ലൈസമിക് സൂചിക. 

അതായത് പ്രമേഹമുള്ളവര്‍ക്ക് സധൈര്യം കഴിക്കാവുന്നത് എന്ന് സാരം. ഫൈബറിനാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു. ഇടയ്ക്കിടെ വിശപ്പ് തോന്നുന്നത് ചെറുക്കാനും മല്ലിയിലയ്ക്ക് കഴിയും. എന്തെങ്കിലും സ്‌നാക്‌സ് കഴിച്ച്, അനാരോഗ്യകരമായ അവസ്ഥയിലേക്ക് നീങ്ങുന്നത് തടയാനും അങ്ങനെ മല്ലിയിലയ്ക്കാകുമെന്ന് ചുരുക്കം. 

ചട്ണിയായോ, സലാഡില്‍ ചേര്‍ത്തോ, ഗ്രീന്‍ റൈസ് ആക്കിയോ എല്ലാം പ്രമേഹമുള്ളവര്‍ക്ക് മല്ലിയില പതിവായി കഴിക്കാവുന്നതാണ്. ധാരാളമായി വേവിച്ച് കഴിക്കാതിരിക്കാന്‍ മാത്രം ശ്രദ്ധിക്കുക. 

Also Read:- തടി കുറയ്ക്കാൻ ബ്രേക്ക്‌ ഫാസ്റ്റ് ഒഴിവാക്കാറുണ്ടോ...? സൂക്ഷിക്കുക...

click me!