നഗരങ്ങളില്‍ ജീവിക്കുന്നവര്‍ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അസുഖങ്ങള്‍ കുറയ്ക്കും...

By Web TeamFirst Published Dec 9, 2022, 9:09 AM IST
Highlights

പ്രധാനമായും വാഹനങ്ങളില്‍ നിന്നുള്ള പുകയും വ്യവസായകേന്ദ്രങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യവുമെല്ലാമാണ് നഗരങ്ങളില്‍ അന്തരീക്ഷം കൂടുതല്‍ മലിനമാകാനുള്ള കാരണം. ഈ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ ജീവിതരീതികളില്‍ പലതിനും അധികശ്രദ്ധ നല്‍കേണ്ടിവരും.

ഇന്ന് നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയൊരു വെല്ലുവിളിയാണ് മലിനീകരണം. മലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒട്ടും നിസാരമല്ല. അലര്‍ജി മുതല്‍ ഗുരുതരമായ ശ്വാസകോശരോഗം വരെ എന്ന നിലയിലേക്ക് മലിനീകരണം വെല്ലുവിളി ഉയര്‍ത്തുന്നു. അതുപോലെ ബിപി (രക്തസമ്മര്‍ദ്ദം), ഹൃദ്രോഗം, സ്ട്രോക്ക് (പക്ഷാഘാതം) പോലുള്ള പ്രശ്നങ്ങളും മലിനീകരണം മൂലം ക്രമേണ ഉണ്ടാകാം. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുള്ള പല പഠനറിപ്പോര്‍ട്ടുകളും ഇതിനോടകം തന്നെ വന്നുകഴിഞ്ഞിട്ടുമുണ്ട്. 

പ്രധാനമായും വാഹനങ്ങളില്‍ നിന്നുള്ള പുകയും വ്യവസായകേന്ദ്രങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യവുമെല്ലാമാണ് നഗരങ്ങളില്‍ അന്തരീക്ഷം കൂടുതല്‍ മലിനമാകാനുള്ള കാരണം. ഈ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ ജീവിതരീതികളില്‍ പലതിനും അധികശ്രദ്ധ നല്‍കേണ്ടിവരും. ഇത്തരത്തില്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ചിലതാണിനി പങ്കുവയ്ക്കുന്നത്. അതായത് മലിനീകരണം നമ്മളില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങളെ ചെറുക്കുന്നതിന് നാം ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചിലത്...

ഒന്ന്...

ഒമേഗ-3 : ഒമോഗ-3 അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ് (PUFA) മലിനീകരണം മൂലമുണ്ടാകുന്ന ഹൃദ്രോഗമടക്കമുള്ള പല പ്രശ്നങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. അതിനാല്‍ ഇവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഫിഷ് ഓയില്‍സ്, കോര- അയല- ആറ്റുമത്സ്യം പോലുള്ള മത്സ്യങ്ങള്‍, വാള്‍നട്ട്സ്, ഇലക്കറികള്‍, ഉലുവ, കറുത്ത കടല, രാജ്മ എന്നിവയെല്ലാം ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങളാണ്.

രണ്ട്...
 
ബി-വൈറ്റമിനുകള്‍ : വൈറ്റമിൻ-ബി 2,ബി-6, ബി- 12, ഫോളേറ്റ് എന്നിവയെല്ലാം മലിനീരകണം മൂലമുണ്ടാകുന്ന ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, ഹൃദ്രോഗങ്ങള്‍, അര്‍ബുദം എന്നിവയെ എല്ലാം പ്രതിരോധിക്കുന്നു. മുട്ട, കട്ടത്തൈര്, കൂണ്‍, ചിക്കൻ, പീനട്ടസ്, സോയാബീൻ, പാല്‍, ചീസ്, നേന്ത്രപ്പഴം, ഓട്ട്സ്, ഇലക്കറികള്‍, വെള്ളക്കടല (ചന്ന), രാജ്മ, പച്ചക്കടല എന്നിവയെല്ലാം ഈ വൈറ്റമിനുകളുടെ നല്ല സ്രോതസുകളാണ്.

മൂന്ന്...

വൈറ്റമിൻ സി : മലിനീകരണം ബന്ധപ്പെട്ടുണ്ടാകുന്ന പല പ്രശ്നങ്ങളും പ്രതിരോധിക്കുന്നതിന് വൈറ്റമിൻ-സി കൂടിയേ തീരൂ. കാരണം മലിനീകരണം ആദ്യം ബാധിക്കുന്നത് നമ്മുടെ ശ്വാസകോശത്തെയാണ്. ശ്വാസകോശത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് വൈറ്റമിൻ-സി ഒരു അവിഭാജ്യഘടകമാണ്. സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങള്‍, മല്ലി, നെല്ലിക്ക, പേരക്ക, തക്കാളി, പപ്പായ എല്ലാം വൈറ്റമിൻ -സിയുടെ നല്ല ഉറവിടങ്ങളാണ്.

നാല്...

വൈറ്റമിൻ-ഇ : മലിനീകരണത്തില്‍ നിന്ന് ശ്വാസകോശത്തെ സുരക്ഷിതമാക്കി നിര്‍ത്താനും പ്രതിരോധശക്തി മെച്ചപ്പെടുത്താനുമെല്ലാം വൈറ്റമിൻ- ഇ ആവശ്യമാണ്.  വെജിറ്റബിള്‍ ഓയില്‍സ്, പീനട്ട്സ്, ചുവന്ന കാപ്സിക്കം, ബദാം, സാല്‍മണ്‍ മത്സ്യം എന്നിവയെല്ലാം വൈറ്റമിൻ- ഇയുടെ നല്ല സ്രോതസുകളാണ്,

അഞ്ച്...

മഞ്ഞള്‍ : പരമ്പരാഗതമായി തന്നെ ഔഷധമൂല്യമുള്ളൊരു ചേരുവയാണ് മഞ്ഞള്‍. മലിനീകരണം മൂലം ശ്വാസകോശം ബാധിക്കപ്പെടന്നതിനെ ചെറുക്കുന്നതിനാണ് മഞ്ഞള്‍ സഹായകമാകുക. മഞ്ഞള്‍ പാലില്‍ ചേര്‍ത്തോ, ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്തോ എല്ലാം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. 

Also Read:- ശ്വാസകോശത്തിന്‍റെ ആരോഗ്യം ഉറപ്പിക്കാം, ഈ ഭക്ഷണങ്ങളിലൂടെ...

click me!