നമ്മുടെ ഓരോ അവയവത്തിന്‍റെയും ധര്‍മ്മം വ്യത്യസ്തമാണല്ലോ. അതിന് അനുസരിച്ച് അവയ്ക്ക് ആവശ്യമായി വരുന്ന ഘടകങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇവിടെയിപ്പോള്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

നമ്മുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനം തന്നെ ഭക്ഷണം ആണെന്ന് പറയാം. ശാരീരിക- മാനസികാരോഗ്യത്തിന്‍റെ മികച്ച നിലനില്‍പിന് ആരോഗ്യകരമായ ഭക്ഷണവും ആവശ്യമാണ്. ഉറക്കം, വ്യായാമം, സമ്മര്‍ദ്ദങ്ങളകന്ന ജീവിതം എല്ലാം ആവശ്യം തന്നെ. എങ്കിലും ഭക്ഷണത്തിനുള്ള പ്രാധാന്യം വളരെ വളരെ വലുതാണ്. 

നമ്മുടെ ഓരോ അവയവത്തിന്‍റെയും ധര്‍മ്മം വ്യത്യസ്തമാണല്ലോ. അതിന് അനുസരിച്ച് അവയ്ക്ക് ആവശ്യമായി വരുന്ന ഘടകങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇവിടെയിപ്പോള്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചുവന്നതോ മഞ്ഞയോ ആയിട്ടുള്ള മുളകുകള്‍. ഇവ വൈറ്റമിന്‍- സിയുടെ നല്ല ഉറവിടങ്ങളാണ് എന്നതിനാലാണ് ശ്വാസകോശത്തിന് മികച്ചതാകുന്നത്. 

രണ്ട്...

പരമ്പരാഗതമായി തന്നെ ഔഷധഗുണങ്ങളുള്ളൊരു ചേരുവയായിട്ടാണ് മഞ്ഞളിനെ കണക്കാക്കപ്പെടുന്നത്. മഞ്ഞളും ശ്വാസകോശത്തിന് നല്ലതുതന്നെ. മഞ്ഞള്‍ ആന്‍റി -ഓക്സിഡന്‍റ് ആയി നില്‍ക്കുകയും വിവിധ അണുബാധകളില്‍ നിന്ന് ശ്വാസകോശത്തെ രക്ഷിക്കുകയുമാണ് ചെയ്യുന്നത്. 

മൂന്ന്...

പരമ്പരാഗതമായി ഔഷധഗുണങ്ങളുണ്ടെന്ന തരത്തില്‍ കണക്കാക്കപ്പെടുന്ന മറ്റൊരു ചേരുവയാണ് ഇഞ്ചി. ഇതും ശ്വാസകോശത്തിന് നല്ലതുതന്നെ. ഓക്സിജൻ അമിതമായി വരുന്ന 'ഹൈപ്പറോക്സിയ' എന്ന അവസ്ഥയടക്കം പല പ്രശ്നങ്ങളില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാൻ ഇഞ്ചി സഹായിക്കുമത്രേ. 

നാല്...

ഫൈബറിനാല്‍ സമ്പന്നമായൊരു ഭക്ഷണമാണ് ബാര്‍ലി. ഇത് ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നത് കൂടിയാണ്. 

അഞ്ച്...

ഇലക്കറികള്‍ നന്നായി കഴിക്കുന്നതും ശ്വാസകോശത്തിന് നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ്സ്, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, വൈറ്റമിനുകള്‍ എന്നിവയെല്ലാം ശ്വാസകോശത്തിനും ആകെ ആരോഗ്യത്തിനും സഹായം ഉറപ്പുവരുത്തുന്നു. 

ആറ്...

തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പേരുകേട്ട ഒന്നാണ് വാള്‍നട്ട്സ്. ഇത് ശ്വാസകോശത്തിനും നല്ലതുതന്നെ. വാള്‍നട്ട്സിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ് ഇതിന് സഹായകമാകുന്നത്. 

ഏഴ്...

ഇഞ്ചിയുടെയും മഞ്ഞളിന്‍റെയും കാര്യം പോലെ തന്നെ പരമ്പരാഗതമായി മരുന്നിന്‍റെ ഗുണമുള്ളതായി കണക്കാക്കപ്പെടുന്നതാണ് വെളുത്തുള്ളിയും. ഇതും ശ്വാസകോശത്തിന് നല്ലതാണ്. വിവിധ കേടുപാടുകള്‍ പിടിപെടാതെ ചെറുത്തുനില്‍പ് നടത്താൻ വെളുത്തുള്ളി സഹായിക്കുന്നു.