വയറിന് പ്രശ്‌നമായാല്‍ മുഖക്കുരു വരുമോ?

By Web TeamFirst Published Mar 4, 2021, 3:43 PM IST
Highlights

പല കാരണങ്ങള്‍ മൂലവും മുഖക്കുരു ഉണ്ടാകാം. ഇതില്‍ ഒരു കാരണമാണ് വയറ്റിനകത്തുണ്ടാകുന്ന അസ്വസ്ഥതകള്‍. ഉദരപ്രശ്‌നങ്ങള്‍ മുഖക്കുരുവിലേക്ക് നയിക്കുന്നത് എങ്ങനെയെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാകാം

യൗവനകാലത്തിന്റെ തുടക്കം വരെ മുഖക്കുരു ഉണ്ടാകുന്നത് വളര്‍ച്ചയുടെ ഘട്ടത്തിലെ സ്വാഭാവികമായ മാറ്റങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇരുപതുകളുടെ പാതിയിലും അവസാനത്തിലുമെല്ലാം മുഖക്കുരു പതിവാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഡെര്‍മറ്റോളജിസ്റ്റിനെ കാണിക്കുകയും കാരണം കണ്ടെത്തി ചികിത്സിക്കുകയും ചെയ്യേണ്ടതുണ്ട്. 

പല കാരണങ്ങള്‍ മൂലവും മുഖക്കുരു ഉണ്ടാകാം. ഇതില്‍ ഒരു കാരണമാണ് വയറ്റിനകത്തുണ്ടാകുന്ന അസ്വസ്ഥതകള്‍. ഉദരപ്രശ്‌നങ്ങള്‍ മുഖക്കുരുവിലേക്ക് നയിക്കുന്നത് എങ്ങനെയെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാകാം. വലിയ അളവ് വരെ മുഖക്കുരുവിന് കാരണമാകുന്ന പ്രശ്‌നമാണിത് ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

അതുകൊണ്ടാണ് മുഖക്കുരു നിയന്ത്രിക്കാന്‍ ആദ്യമായിത്തന്നെ ചില ഡയറ്റ് ടിപ്‌സും ഡോക്ടര്‍മാര്‍ മുന്നോട്ട് വയ്ക്കുന്നതത്രേ. പാലോ, പാലുത്പന്നങ്ങളോ കഴിക്കരുത്, അധികം എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ നല്‍കാറില്ലേ, അതിന് പിന്നില്‍ ഇങ്ങനെയൊരു കാരണം കൂടിയുണ്ടത്രേ. 

'നിങ്ങളുടെ വയറിന്റെ ആരോഗ്യം എത്തരത്തിലാണോ ഉള്ളത് അത് നേരിട്ട് ചര്‍മ്മത്തില്‍ പ്രതിഫലിക്കും. വയറിനകത്ത് ആവശ്യമായത്രയും ജലാംശമില്ലാതെയാകുന്നതോ ചില ഭക്ഷണപാനീയങ്ങള്‍ മൂലം വയര്‍ കേടാകുന്നതോ എല്ലാം ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാം. ഇത് മുഖക്കുരുവുണ്ടാക്കാനും മുഖക്കുരു പെട്ടെന്ന് പൊട്ടി, പഴുക്കാനും പാടുകള്‍ വീഴാനുമെല്ലാം കാരണമാകുന്നു...'- സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ പറയുന്നു. 

നല്ലത് പോലെ വെള്ളം കുടിക്കുകയെന്നതാണ് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ചെയ്യാവുന്ന ഒരു മാര്‍ഗമെന്നും പൂജ മഖിജ ഓര്‍മ്മിപ്പിക്കുന്നു. നിര്‍ജലീകരണം, മലബന്ധം പോലുള്ള അസ്വസ്ഥതകളില്ലാതാക്കാനും ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധ അകറ്റാനും ഇത് സഹായിക്കുന്നു. അതുപോലെ തന്നെ മുഖക്കുരു പ്രശ്‌നമുള്ളവര്‍ പാല്‍, തൈര്, പനീര്‍, മോര്, ചീസ് തുടങ്ങിയവ നിയന്ത്രിതമായി കഴിക്കുകയോ, അല്ലെങ്കില്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- ചര്‍മ്മം കാണുമ്പോള്‍ പ്രായമായെന്ന് ആളുകള്‍ പറയുന്നുവോ? തിരിച്ചറിയാം ഈ നാല് അബദ്ധങ്ങള്‍...

click me!