ആരോഗ്യത്തെ കുറിച്ച് എപ്പോഴും ആശങ്കയോ?; നിസാരമാക്കരുതേ ഈ അവസ്ഥ...

By Web TeamFirst Published Apr 11, 2021, 10:48 PM IST
Highlights

ഇതിനായി പതിവായ ശീലങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ എന്നിവയെല്ലാം സ്വയം മനസിലാക്കിയെടുക്കാം. കൊവിഡ് കാലത്ത് നിങ്ങളില്‍ ഉത്കണ്ഠയോ വിഷാദമോ വര്‍ധിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ പുതുതായി ഇത്തരം പ്രശ്‌നങ്ങളിലേക്ക് നിങ്ങളെത്തിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധിക്കാവുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്...
 

ആരോഗ്യകാര്യങ്ങളെ ചൊല്ലി എപ്പോഴും ആശങ്കപ്പെടുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? ഗൂഗിള്‍ തുറന്ന് എപ്പോഴും ആരോഗ്യപ്രശ്‌നങ്ങളും അവയുടെ ലക്ഷണങ്ങളും അന്വേഷിച്ച് വായിക്കുകയും അവയില്‍ പലതും തനിക്കുള്ളതായി സംശയിക്കുകയും ചെയ്യാറുണ്ടോ? 

ഈ ശീലമുണ്ടെങ്കില്‍ നിങ്ങള്‍ കൊവിഡ് കാലത്ത് ഏറെ ശ്രദ്ധയോടെ വേണം മുന്നോട്ടുപോകാന്‍. മഹാമാരിക്കാലത്ത് പല ഘടകങ്ങള്‍ മൂലവും വിഷാദം- ഉത്കണ്ഠ എന്നീ മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലുമാണ് ഈ മാറ്റങ്ങള്‍ ഏറെയും കാണുന്നതെന്നും പഠനങ്ങള്‍ അവകാശപ്പെടുന്നുണ്ട്.

പലപ്പോഴും കൊവിഡ് കാലം സമ്മാനിച്ച മാനസിക വിഷമതകള്‍ പലരും സ്വയം തിരിച്ചറിയുന്നില്ലെന്നതും പഠനങ്ങള്‍ സൂചിപ്പിക്കുന്ന ശ്രദ്ധേയമായ വസ്തുതയാണ്. ഈ സാഹചര്യത്തില്‍ ഓരോരുത്തരും സ്വയം തന്നെ വിലയിരുത്തല്‍ നടത്തി മുന്നോട്ടുപോകണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. 

ഇതിനായി പതിവായ ശീലങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ എന്നിവയെല്ലാം സ്വയം മനസിലാക്കിയെടുക്കാം. കൊവിഡ് കാലത്ത് നിങ്ങളില്‍ ഉത്കണ്ഠയോ വിഷാദമോ വര്‍ധിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ പുതുതായി ഇത്തരം പ്രശ്‌നങ്ങളിലേക്ക് നിങ്ങളെത്തിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധിക്കാവുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്...

 

 

1. കൊവിഡ് പിടിപെടുമോ എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടേയിരിക്കുക. 

2. എപ്പോഴും ശരീരത്തെ കുറിച്ച് ബോധ്യത്തിലായി എന്തെങ്കിലും ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുക. 

3. മഹാമാരിക്കാലത്ത് മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുന്നില്ലല്ലോ എന്ന ചിന്ത എപ്പോഴും വന്നുകൊണ്ടിരിക്കുക. 

4. അധികവും ചര്‍ച്ചാവിഷയമായി കൊവിഡ് തന്നെ വരിക. 

5. കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പുതിയ വിവരങ്ങള്‍ എന്നിവ എപ്പോഴും നോക്കിക്കൊണ്ടിരിക്കുക. 

6. ഇടയ്ക്കിടെ പരിശോധന നടത്തണമെന്ന ചിന്ത വരിക. നെഗറ്റീവ് ഫലം വന്നാലും അതില്‍ വിശ്വാസം തോന്നായ്ക. 

7. രാത്രികളില്‍ ഉറക്കം നഷ്ടപ്പെടുകയും, അഥവാ ഉറങ്ങിയാലും സമ്മര്‍ദ്ദമുണ്ടാക്കുന്ന സ്വപ്നങ്ങള്‍ കണ്ട് ഇടയ്ക്ക് ഞെട്ടിയുണരുകയും ചെയ്യുക. 

8. കാണുന്നവരെയെല്ലാം വൈറസ് വാഹകരായി തോന്നുക. അവരോട് ഇടപെടുമ്പോള്‍ അമിതമായ ഉത്കണ്ഠ കാണിക്കുക.  

9. സാനിറ്റൈസര്‍, ഡിസ്-ഇന്‍ഫെക്ടന്റ് എന്നിവ അധികമായി ഉപയോഗിക്കുക. 

10. മരണത്തെ കുറിച്ച് കൂടെക്കൂടെ ചിന്തിക്കുകയും ആ ഭയം അധികരിക്കുകയും ചെയ്യുക. 

ഇത്തരത്തിലുള്ള സൂചനകളെല്ലാം സ്വയം പരിശോധിക്കാവുന്നതാണ്. അസാധാരണമായ വിധത്തില്‍ ഉത്കണ്ഠയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ സഹായത്തിന് ഒരു മാനസികരോഗ വിദഗ്ധനെ/യെ സമീപിക്കേണ്ടതുണ്ട്. ഇത് നിസാരമായിക്കണ്ടാല്‍ പ്രശ്‌നങ്ങള്‍ പലതാണെന്നും മനസിലാക്കുക. 

 

 

തീവ്രമായ വിഷാദരോഗം, സ്ഥിരമായ ഉറക്കമില്ലായ്മ (ഇന്‍സോമ്‌നിയ), ഉറക്കപ്രശ്‌നങ്ങള്‍ (സ്ലീപ് ഡിസോര്‍ഡര്‍), മൈഗ്രേയ്ന്‍ തുടങ്ങി പല പ്രശ്‌നങ്ങളിലേക്കും ക്രമേണ ഈ അവസ്ഥ നിങ്ങളെ എത്തിക്കാം. ജോലി, കുടുംബജീവിതം, സാമൂഹികജീവിതം എന്നിങ്ങനെയുള്ള വിഷയങ്ങളിലും പ്രതിസന്ധികള്‍ ധാരാളമായി വന്നേക്കാം. അതിനാല്‍ തന്നെ അമിത ഉത്കണ്ഠയുണ്ടെന്ന് മനസിലാക്കിയാല്‍ ഉടന്‍ തന്നെ അത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുക. 

വളര്‍ത്തുമൃഗങ്ങളുമായി സമ്പര്‍ക്കം, പൂന്തോട്ട പരിപാലനം, നല്ല സിനിമകള്‍- പാട്ടുകള്‍ എന്നിവ കാണുകയും കേള്‍ക്കുകയും ചെയ്യുക, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക, പുതുതായി ഏതെങ്കിലും മേഖലയില്‍ പ്രവേശിക്കുകയും പരിശീലനം തേടുകയും ചെയ്യുക, പ്രിയപ്പെട്ടവരുമായി ആരോഗ്യകരമായ സംഭാഷണത്തിലേര്‍പ്പെടുക, സമയത്തിന് ഉറക്കം- ഭക്ഷണം എന്നിവ ഉറപ്പുവരുത്തുക- എന്നീ കാര്യങ്ങളെല്ലാം ഉത്കണ്ഠയും വിഷാദയും ലഘൂകരിക്കാന്‍ ഏറെ സഹായിച്ചേക്കാം. അതിനാല്‍ ആശങ്ക കൂടാതെ സധൈര്യം ജീവിതത്തെ കൈകാര്യം ചെയ്യുക. ഈ പ്രതിസന്ധിക്കാലത്തെ അതിജീവിച്ച് മുന്നേറുക.

Also Read:- കൊവിഡ് 19 ഭേദമായ മൂന്നില്‍ ഒരാള്‍ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി പഠനം...

click me!