
പലപ്പോഴും വായു മലിനീകരണം, അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളാണ് ശ്വസനാരോഗ്യ പ്രശ്നങ്ങൾ കൂടാൻ കാരണമാകുന്നത്. എന്നാൽ പുറത്തുപോകുമ്പോൾ എടുക്കുന്ന അത്രയും മുൻകരുതലുകൾ നമ്മൾ വീടുകളിൽ എടുക്കാറില്ല. ഇത് ആസ്ത്മ പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. രാത്രിയിലോ അതിരാവിലെയോ, അല്ലെങ്കിൽ കൂടുതൽ സമയം വീടിനുള്ളിൽ ചെലവഴിക്കുമ്പോഴോ ചുമ, ശ്വാസംമുട്ടൽ എന്നിവ കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന അലർജി പരത്തുന്ന കാര്യങ്ങളാവാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
തലയിണകൾ, കിടക്ക, കർട്ടനുകൾ, കാർപെറ്റുകൾ, സോഫ, കുട്ടികളുടെ പാവകൾ എന്നിവയിൽ കാലക്രമേണ പൊടി അടിഞ്ഞുകൂടുന്നു. ഇതിൽ കാണപ്പെടുന്ന പൊടിപടലങ്ങൾ കടുത്ത അലർജിക്കും ആസ്ത്മയ്ക്കും കാരണമാകുന്നു. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തുമ്മൽ, മൂക്കടപ്പ്, രാത്രിയിലെ ചുമ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
മഴക്കാലത്തോ സൂര്യപ്രകാശം കുറവുള്ളപ്പോഴോ വീടുകളിൽ ഈ പ്രശ്നം കൂടാം. ഫർണിച്ചറുകളുടെ പിൻഭാഗം, ബാത്റൂമിന് സമീപം, സീലിംഗ്, എയർകണ്ടീഷണറുകൾക്ക് അരികിൽ എന്നിവടങ്ങളിൽ ഉണ്ടാകുന്ന ഈർപ്പം പൂപ്പലും ദുർഗന്ധവും ഉണ്ടാവാൻ കാരണമാകുന്നു. ഇത് ശ്വാസനാളത്തെ അസ്വസ്ഥമാക്കുന്നു.
3. സുഗന്ധദ്രവ്യങ്ങളും പുകയും
അഗർബത്തികൾ, റൂം സ്പ്രേകൾ, സുഗന്ധമുള്ള മെഴുകുതിരികൾ, കൊതുക് തിരികൾ, കർപ്പൂരം, വീര്യം കൂടിയ ക്ലീനിംഗ് ദ്രാവകങ്ങൾ എന്നിവയും ആസ്ത്മ കൂട്ടുന്ന ഘടകങ്ങളാണ്. അടച്ചിട്ട മുറികളിൽ ഇവയുടെ മണം കേന്ദ്രീകരിക്കുമ്പോൾ അത് ശ്വാസനാളത്തെ ദീർഘനേരം അസ്വസ്ഥമാക്കും.
4. വളർത്തുമൃഗങ്ങൾ
വളർത്തുമൃഗങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഘടകമാണിത്. വീട്ടിലെ അംഗങ്ങളുമായി മൃഗങ്ങൾ അടുത്തിടപഴകുന്നതിനാൽ തുടക്കത്തിൽ ഇത് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. മൃഗങ്ങളുടെ ഉമിനീര്, രോമം, തൊലിയിലെ കോശങ്ങൾ എന്നിവയിലെ പ്രോട്ടീനുകൾ ചിലരിൽ ആസ്ത്മയ്ക്ക് കാരണമാകാറുണ്ട്.
5. എയർകണ്ടീഷണറുകൾ
എസി മുറികളിൽ സമയം ചെലവഴിക്കുന്നതും ചിലപ്പോൾ വിനയാകാം. എയർകണ്ടീഷണറുകളുടെ ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ, അതിലടിയുന്ന പൊടിയും മറ്റ് അലർജി ഘടകങ്ങളും മുറിക്കുള്ളിലെ വായുവിൽ പടരും. ഇത് ആസ്ത്മ രോഗികളുടെ അവസ്ഥ കൂടുതൽ വഷളാക്കുന്നു.
6. ശ്രദ്ധിക്കേണ്ടത്
വീടിനുള്ളിലെ ഇത്തരം പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കുക എന്നതാണ് ആസ്ത്മ വീണ്ടും വരാതിരിക്കാൻ ചെയ്യേണ്ടത്. വീടുകളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക, പൊടി അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക, എസി ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കുക, ചുവരുകളിലെ ഈർപ്പം ഇല്ലാതാക്കുക, വീര്യം കൂടിയ സുഗന്ധങ്ങൾ മുറിക്കുള്ളിൽ ഒഴിവാക്കുക എന്നിവയിലൂടെ ആസ്ത്മയെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam