
ചികിത്സാരംഗം ഏറെ മുന്നേറിയിട്ടും ഇന്നത്തെ ഏറ്റവും വലിയ വില്ലൻ ഹൃദ്രോഗങ്ങൾ തന്നെയാണ്. മതിയായ ചികിത്സാ സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ലാത്തതുകൊണ്ടല്ല ഇത്, മറിച്ച് ഹൃദ്രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ കാരണം കൃത്യസമയത്ത് ചികിത്സ തേടാൻ ആളുകൾ മടിക്കുന്നതുകൊണ്ടാണ്. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് നമ്മൾ ഒഴിവാക്കേണ്ട ചില മിഥ്യാധാരണകൾ ഇവയാണ്.
ഏറ്റവും അപകടകരമായ ഒരു ധാരണയാണിത്. കഠിനമായ നെഞ്ചുവേദനയോടെ മാത്രമേ ഹൃദയാഘാതം വരൂ എന്ന് പലരും കരുതുന്നു. എന്നാൽ വർഷങ്ങളോളമായി ലക്ഷണമൊന്നും കാണിക്കാതെ സൈലന്റായി വളരുന്നതാണ് പല ഹൃദ്രോഗങ്ങളും. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ രക്തക്കുഴലുകളെ നശിപ്പിക്കാം. ചിലരിൽ നേരിയ നെഞ്ചെരിച്ചിൽ, ശ്വാസംമുട്ടൽ, അമിതമായി വിയർക്കുക, കടുത്ത ക്ഷീണം, തലകറക്കം, അല്ലെങ്കിൽ താടി, കഴുത്ത്, തോൾ, പുറംഭാഗം എന്നിവിടങ്ങളിലെ വേദന എന്നിവ മാത്രമായിരിക്കാം ലക്ഷണം. സ്ത്രീകളിലും പ്രായമായവരിലും പ്രമേഹരോഗികളിലും ഇത്തരം ലക്ഷണങ്ങളാണ് കൂടുതൽ കാണാറുള്ളത്.
ഹൃദ്രോഗം പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒന്നല്ല. സ്ത്രീകളുടെ മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കൂടിയാണിത്. എന്നാൽ നിർഭാഗ്യവശാൽ പല സ്ത്രീകളും തങ്ങൾക്കുണ്ടാകുന്ന ലക്ഷണങ്ങളെ കേവലം ഗ്യാസ് ട്രബിളോ, ക്ഷീണമോ, മാനസിക സമ്മർദ്ദമോ ആയി തള്ളിക്കളയുന്നു. പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങളാകാം സ്ത്രീകളിൽ പ്രകടമാകുക. കടുത്ത നെഞ്ചുവേദനയ്ക്ക് പകരം കടുത്ത ക്ഷീണം, ശ്വാസതടസ്സം, ഓക്കാനം, പുറം വേദന എന്നിവയാകാം ഇവരിൽ കാണുന്നത്. ആർത്തവവിരാമത്തിന് മുൻപ് സ്ത്രീ ഹോർമോണുകൾ ഹൃദയത്തിന് ഒരു പരിധി വരെ സംരക്ഷണം നൽകുമെങ്കിലും, അതിനുശേഷം ഹോർമോൺ അളവ് കുറയുന്നതോടെ സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കുത്തനെ കൂടുന്നു.
പ്രായമായവരെ മാത്രമാണോ ഹൃദ്രോഗം ബാധിക്കുന്നത്?
60 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമേ ഹൃദ്രോഗം വരൂ എന്നത് തെറ്റായ ധാരണയാണ്. ഇന്ന് 30കളിലും 40കളിലും ഉള്ള യുവാക്കളിൽ പോലും ഹൃദയാഘാതം വ്യാപകമായി കണ്ടുവരുന്നുണ്ട്. പുകവലി, വ്യായാമക്കുറവ്, അമിതവണ്ണം, ഭക്ഷണരീതി, നിയന്ത്രണമില്ലാത്ത പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കടുത്ത മാനസിക സമ്മർദ്ദം, പാരമ്പര്യം എന്നിവ ചെറുപ്പക്കാരിലെ ഹൃദ്രോഗത്തിന് കാരണമാകുന്നു. തങ്ങൾ ചെറുപ്പമാണെന്ന ചിന്തയിൽ പലരും ഇതിന്റെ ആദ്യകാല ലക്ഷണങ്ങൾ അവഗണിക്കുകയാണ് പതിവ്.
കൊളസ്ട്രോൾ നിയന്ത്രിച്ചാൽ ഹൃദ്രോഗം തടയാനാകുമോ?
കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നത് നല്ലതാണെങ്കിലും ഹൃദ്രോഗ സാധ്യതയെ അത് പൂർണ്ണമായി ഇല്ലാതാക്കുന്നില്ല. പല ഘടകങ്ങൾ ഒരുമിച്ചു ചേരുമ്പോഴാണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, അമിതവണ്ണം, വിട്ടുമാറാത്ത വൃക്കരോഗം, വ്യായാമമില്ലായ്മ, പാരമ്പര്യം എന്നിവയെല്ലാം ഇതിന് കാരണമാകാം. കൊളസ്ട്രോൾ പൂർണ്ണമായും നോർമൽ ആയ വ്യക്തികൾക്കും മറ്റ് കാരണങ്ങളാൽ ഹൃദയാഘാതം വരാം. അതിനാൽ കൊളസ്ട്രോൾ മാത്രം നോക്കാതെ ഹൃദയത്തിന്റെ മൊത്തത്തിലുള്ള പരിശോധനയാണ് പ്രധാനം.
ഹൃദ്രോഗികൾ വ്യായാമം ചെയ്യുന്നത് അപകടകരമാണോ?
ഹൃദ്രോഗം കണ്ടെത്തിക്കഴിഞ്ഞാൽ വീണ്ടും ഹൃദയാഘാതം ഉണ്ടാകുമോ എന്ന് ഭയന്ന് പലരും ശാരീരിക അധ്വാനങ്ങളിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കാറുണ്ട്. എന്നാൽ ഇത് തികച്ചും തെറ്റാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിൽ വ്യായാമം ചെയ്യുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്താനും, രക്തയോട്ടം കൂട്ടാനും, രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കും. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. വ്യായാമം പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം ശരീരത്തിന് താങ്ങാൻ കഴിയുന്ന തരത്തിലുള്ളവ ഡോക്ടറുടെ ഉപദേശത്തോടെ ശീലമാക്കുകയാണ് വേണ്ടത്.
ശ്രദ്ധിക്കേണ്ടത്
ഹൃദ്രോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. വർഷങ്ങളായുള്ള മോശം ജീവിതശൈലിയുടെ ഫലമായാണ് ഇത് സംഭവിക്കുന്നത്. ഹൃദയത്തിന് സ്ഥിരമായ കേടുപാടുകൾ സംഭവിക്കുന്നതിന് മുൻപ് തന്നെ കൃത്യമായ പരിശോധനകളിലൂടെ രോഗനിർണ്ണയം നടത്തിയാൽ മിക്ക ഹൃദ്രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam