
ഒരു വ്യക്തിയെ പൂർണമായും ആരോഗ്യവാൻ ആക്കുന്നതിൽ വൃക്കകൾക്ക് വലിയ പങ്കുണ്ട്. രക്തത്തിൽ നിന്നും മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനും, ശരീരത്തിലെ ദ്രാവകങ്ങളെ സന്തുലിതപ്പെടുത്തുന്നതിനും, സോഡിയം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളെ നിയന്ത്രിക്കുന്നതിനും ആരോഗ്യമുള്ള വൃക്കകൾ ആവശ്യമാണ്. നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില കാര്യങ്ങൾ വൃക്കകളുടെ ആരോഗ്യത്തിന് തകരാറുകൾ വരുത്തുന്നു. വൃക്കരോഗം നേരത്തെ കണ്ടുപിടിക്കുന്നത് ചികിൽസ എളുപ്പമാക്കാൻ സഹായിക്കുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണേ.
ക്ഷീണം
വൃക്കകളുടെ ആരോഗ്യം തകരാറിൽ ആകുമ്പോൾ അവയവത്തിന്റെ പ്രവർത്തനം കുറയുന്നു. ഇത് ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാനും, ക്ഷീണവും ഊർജ്ജക്കുറവും വിളർച്ചയും ഉണ്ടാവാൻ കാരണമാകുന്നു.
മൂത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
വൃക്ക രോഗത്തിന്റെ പ്രഥമ ലക്ഷണം മൂത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്. ഇരുണ്ട, തവിട്ട് നിറത്തിലുള്ള മൂത്രം, പതയോടു കൂടിയുള്ള മൂത്രം, മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം എന്നിവ കണ്ടാൽ അവഗണിക്കരുത്.
കൈകാലുകളിലുള്ള നീര്
വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അമിതമായ ശേഖരണം ഉണ്ടാകുന്നു. ഇത് ശരീരത്തിൽ നിലനിർത്തുന്ന ദ്രാവകത്തിന്റെ അളവ് കൂടാൻ കാരണമാകുന്നു. ഇതുമൂലം കൈകാലുകളിലും, മുഖത്തും നീര് വരുന്നു.
ചൊറിച്ചിൽ ഉണ്ടാവുക
വൃക്കകളുടെ തകരാറുമൂലം ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടും. ഇത് കൈകാലുകളിൽ കഠിനമായ ചൊറിച്ചിലിന് കാരണമാകുന്നു.
കണ്ണുകൾക്ക് ചുറ്റും വീക്കം
വൃക്കകളുടെ പ്രവർത്തനം തകരാറിൽ ആകുമ്പോൾ മൂത്രത്തിൽ പ്രോടീന്റെ സാന്നിധ്യം ഉണ്ടാകുന്നു. ഇത് കണ്ണുകൾക്ക് ചുറ്റും വീക്കം ഉണ്ടാവാൻ കാരണമാകും.
വിശപ്പില്ലായ്മ
വൃക്കരോഗം ഓക്കാനം, ഛർദി എന്നിവയ്ക്ക് കാരണമാകുന്നു. ഇത് വിശപ്പ് കുറയ്ക്കുകയും ഭാരം കുറയാൻ കാരണമാവുകയും ചെയ്യും.