
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇവയില്‍ പലതിനും ശാസ്ത്രീയമായി അടിസ്ഥാനമുണ്ടാകാറില്ല. ചിലതാകട്ടെ, വസ്തുതാപരമായി ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്യാം.
ഇത്തരത്തില്‍ പ്രചാരണത്തില്‍ വന്നൊരു വാദമാണ് കൊവിഡ് കാലത്ത് ജനിക്കുന്ന കുട്ടികളിലെ ബുദ്ധിക്കുറവ്. ചില പഠനറിപ്പോര്‍ട്ടുകളും ഈ വിഷയത്തില്‍ ശ്രദ്ധേയമായി വന്നിരുന്നു. ഇതെക്കുറിച്ച് വ്യക്തമായി പ്രതികരിക്കുകയാണ് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു.
ഡോക്ടറുടെ വാക്കുകള്‍...
പാന്റെമിക്കില്‍ ജനിച്ച കുട്ടികള്‍ക്ക് ബൗദ്ധികമായ വികസനത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗണ്യമായ കുറവുണ്ടെന്ന് ചില പഠനങ്ങള്‍.
2019 ഈ ബുദ്ധികുറവ് പ്രകടമായി ബാധിച്ചിട്ടില്ലായെങ്കില്‍ 2020 ക്രമേണ ഒരല്പം കൂടുന്നതും 2021ല്‍ ഗണ്യമായ വ്യത്യാസവും ധാരാളം കുട്ടികളില്‍ കണ്ടെത്തി.
2021ലെ കണക്കുകളിലെ പി വാല്യൂ 0.001 നെക്കാള്‍ കുറവ് എന്നുള്ളത് പ്രസക്തമാണ്.
ഐ.ക്യു നിര്‍ണയത്തില്‍ 22 ഓളം പോയിന്റ്കളുടെ കുറവ് മിക്ക കുട്ടികളിലും കാണുകയുണ്ടായി. വൈറസ് ബാധയെക്കാളുപരി, കുട്ടികളുമായി ചിലവഴിക്കുന്ന സമയത്തിലെ കുറവ്, ഔട്ട്‌ഡോര്‍ ആക്ടിവിറ്റീസിലുണ്ടായ കുറവ്, ഗര്‍ഭകാലത്ത് അവസാനനാളുകളില്‍ കോവിഡ് പാന്‍ഡെമിക് മൂലം അമ്മമാര്‍ക്കുണ്ടായ സ്ട്രസ്സ് എന്നിവ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളിലാണ് ഈ ബുദ്ധികുറവ് പ്രകടമായത്. ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് കുട്ടികളെ ശ്രദ്ധിക്കുന്നതില്‍ സമയക്കുറവ് ഉണ്ടാക്കിയത്, അമ്മയുടെ വിദ്യാഭ്യാസ നിലവാരം ഇതിനെ ഗണ്യമായി സ്വാധീനിച്ചുവെന്നാണ് കാണുന്നത്.
ഇങ്ങനെ തുടങ്ങി മാറില്‍ കിടത്തി കുട്ടിയെ ഉറക്കുന്ന സമയദൈര്‍ഘ്യം പോലും ഇതിനെ സ്വാധീനിച്ചുവത്രേ. നമ്മുടെ കേരളത്തിലും ചെറിയ തോതിലെങ്കിലും ഇത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ല.
കൂടുതല്‍ കൂടുതല്‍ പഠനങ്ങള്‍ ഈ കാര്യത്തില്‍ ഉണ്ടാകേണ്ടതായിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്ക് ഏറ്റവും നല്ല മാനസിക ഉല്ലാസം നല്‍കുകയും പ്രസവത്തിനുശേഷം കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും എത്രയും പെട്ടെന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി ലോകത്തെ പൂര്‍വ്വസ്ഥിതിയിലേക്കെത്തിക്കുകയും ചെയ്യുകയെന്നുള്ളത് തന്നെയാണ് പരിഹാരമാര്‍ഗ്ഗം.
Also Read:- 'ഹെര്‍ഡ് ഇമ്മ്യണിറ്റി'യെന്ന മട്ടണ്‍ ബിരിയാണി; ഡോക്ടറുടെ കുറിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam