ഒരുപാട് 'സ്‌ട്രെസ്' എടുക്കല്ലേ; പിന്നീട് പണിയാകും കെട്ടോ....

By Web TeamFirst Published Jun 29, 2020, 10:55 PM IST
Highlights

പ്രധാനമായും രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ദഹനവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് 'സ്‌ട്രെസ്' ഉണ്ടാക്കുന്ന ശാരീരിക തിരിച്ചടികള്‍. ഇക്കൂട്ടത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നിനെക്കുറിച്ചാണ് ഇനി പറയുന്നത്

ഇന്നത്തെ കാലത്ത് മാസനസികസമ്മര്‍ദ്ദം ഒഴിവാക്കിക്കൊണ്ടൊരു ജീവിതം സാധ്യമല്ലാത്ത വിധം ഇടുങ്ങിപ്പോയിട്ടുണ്ട് നമ്മുടെ ചുറ്റുപാടുകള്‍ ആകെയും. തൊഴിലിടങ്ങള്‍, സമൂഹം, വീട് എന്നിങ്ങനെ എവിടെയും സമ്മര്‍ദ്ദങ്ങള്‍ക്കുള്ള സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്നു. മത്സരാധിഷ്ഠിതമായ ജീവിതരീതികള്‍ തന്നെയാണ് ഇതിന് എപ്പോഴും കാരണമാകുന്നത്. 

ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ നമ്മളില്‍ പതിവാകാനുള്ള സാഹചര്യങ്ങള്‍ ചുറ്റിലും നിലനില്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, മാനസിക സമ്മര്‍ദ്ദം എന്നത് മനസിനെ ബാധിക്കുന്ന പ്രശ്‌നം മാത്രമാണെന്ന് മിക്കവരും ചിന്തിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല, സ്ഥിരമായി സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന ഒരാളെ സംബന്ധിച്ച്, അയാളുടെ ആരോഗ്യവും തുല്യരീതിയില്‍ ഭീഷണി നേരിടുന്നുണ്ട്. 

പ്രധാനമായും രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ദഹനവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് 'സ്‌ട്രെസ്' ഉണ്ടാക്കുന്ന ശാരീരിക തിരിച്ചടികള്‍. ഇക്കൂട്ടത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നിനെക്കുറിച്ചാണ് ഇനി പറയുന്നത്. 

 

 

മറ്റൊന്നുമല്ല, രോഗ പ്രതിരോധ വ്യവസ്ഥയാണ് ഇതില്‍ ഇരയാക്കപ്പെടുന്ന മറ്റൊരു വശം. മാനസിക സമ്മര്‍ദ്ദം പതിവാകുമ്പോള്‍, അതിന് വേണ്ട രീതിയിലുള്ള പരിഹാരം കണ്ടെത്താന്‍ പരാജയപ്പെടുമ്പോള്‍ പതിയെ രോഗ പ്രതിരോധ വ്യവസ്ഥയും പ്രശ്‌നത്തിലാകുമത്രേ. ഇത് അത്ര നിസാരമായ ഒരു വിഷയമല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഗുഡ്ഗാവിലെ ആര്‍ട്ടിമിസ് ആശുപത്രിയിലെ ഡോക്ടര്‍ ഡോ. അക്ഷയ് കുമാര്‍. 

'ഒരാളുടെ മാനസികാവസ്ഥ എങ്ങനെ നിലനില്‍ക്കുന്നു എന്നതിനെ അപേക്ഷിച്ച് തന്നെയാണ് അയാളുടെ ശാരീരികാവസ്ഥയും വലിയൊരു പരിധി വരെ നിലനില്‍ക്കുന്നത്. മാനസികാവസ്ഥയില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ മനസിനെ ബാധിക്കുന്ന രോഗങ്ങളെ മാത്രമല്ല ഒരാള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. തീര്‍ച്ചയായും അത് ശരീരത്തേയും ബാധിക്കും. ഇതിന് ഉദാഹരണമാണ് പ്രതിരോധ വ്യവസ്ഥയെ, സ്‌ട്രെസ് തകര്‍ക്കുന്ന വിധം...

...അമിതമായി സ്‌ട്രെസ് അനുഭവിക്കുന്നയാളില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് രോഗ പ്രതിരോധ വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇത്തരത്തില്‍ എപ്പോഴും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് ആകെ ആരോഗ്യത്തെ പല തരത്തിലും ബാധിക്കും. ഇതിന് പുറമെ സ്‌ട്രെസ്, രക്തത്തിലെ വെളുത്ത കോശങ്ങളുടെ ഉത്പാദനത്തേയും ബാധിക്കുന്നുണ്ട്. ഈ കോശങ്ങളാണ് രോഗ പ്രതിരോധ വ്യവസ്ഥയില്‍ മുഖ്യ പങ്ക് വഹിക്കുന്നത്...'- ഡോ. അക്ഷയ് കുമാര്‍ പറയുന്നു. 

 

 

രോഗ പ്രതിരോധ വ്യവസ്ഥയ്ക്ക് തകരാര്‍ സംഭവിക്കുന്നത് വിവിധ രീതിയിലാണ് നമ്മളെ ബാധിക്കുക. എളുപ്പത്തില്‍ രോഗങ്ങള്‍ പിടിപെടാനും, രോഗങ്ങള്‍ തീവ്രമാകാനുമെല്ലാം ഇത് കാരണമാകും. അലര്‍ജി പോലുള്ള അണുബാധകള്‍ പതിവാകാനും ഇത് ഇടയാക്കും. അതിനാല്‍ 'സ്‌ട്രെസ്' അനുഭവപ്പെടുന്നുവെങ്കില്‍ അതിനുള്ള കാരണങ്ങള്‍ മനസിലാക്കി, അതിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണെന്ന് മനസിലാക്കുക. തീര്‍ച്ചയായും മറ്റ് ശാരീരികാവസ്ഥകള്‍ക്ക് നല്‍കുന്ന അത്രയും തന്നെ പ്രാധാന്യം മനസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും നല്‍കുക. 

Also Read:- ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ തിരിച്ചറിയൂ നിങ്ങള്‍ പ്രശ്‌നത്തിലാണ്...

click me!