Asianet News MalayalamAsianet News Malayalam

ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ തിരിച്ചറിയൂ നിങ്ങള്‍ പ്രശ്‌നത്തിലാണ്...

താങ്ങാവുന്നതിലുമധികം 'സ്‌ട്രെസ്' തുടര്‍ച്ചയായി അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കിയാല്‍ വൈകാതെ തന്നെ ഇതിനെ ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. എന്നാല്‍ താന്‍ കനത്ത 'സ്‌ട്രെസ്' അനുഭവിക്കുന്നു എന്ന് തിരിച്ചറിയാന്‍ പോലുമായില്ലെങ്കിലോ! അങ്ങനെയും നിരവധി പേര്‍ നമുക്കിടയില്‍ ഉണ്ടാകാം

main symptoms of heavy mental stress
Author
Trivandrum, First Published Jun 18, 2020, 9:17 PM IST

മാനസിക സമ്മര്‍ദ്ദമെന്നത് പുതിയകാലത്തെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. മത്സരാധിഷ്ടിതമായ വ്യവസ്ഥയിലാണ് നമ്മള്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ സമ്മര്‍ദ്ദങ്ങളും സ്വാഭാവികമാണ്. എന്നാല്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി 'സ്‌ട്രെസ്' അനുഭവിക്കുമ്പോള്‍ അത് ശരീരത്തെ അപകടകരമാം വിധത്തില്‍ ബാധിച്ചേക്കാം. 

അമിതവണ്ണവും പ്രമേഹവും മുതല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ വരെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ 'സ്‌ട്രെസ്' മൂലമുണ്ടായേക്കാം. പലപ്പോഴും നമ്മള്‍ ചിന്തിക്കുന്നതിനെക്കാളെല്ലാം വലിയ തീവ്രതയാകാം ഈ പ്രശ്‌നങ്ങളിലുണ്ടാകുന്നത്. ഒരുപക്ഷേ ജീവന്‍ വരെ പണയപ്പെടുന്ന അവസ്ഥ പോലും വന്നേക്കാം. 

അതുകൊണ്ട് തന്നെ, താങ്ങാവുന്നതിലുമധികം 'സ്‌ട്രെസ്' തുടര്‍ച്ചയായി അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കിയാല്‍ വൈകാതെ തന്നെ ഇതിനെ ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. എന്നാല്‍ താന്‍ കനത്ത 'സ്‌ട്രെസ്' അനുഭവിക്കുന്നു എന്ന് തിരിച്ചറിയാന്‍ പോലുമായില്ലെങ്കിലോ! അങ്ങനെയും നിരവധി പേര്‍ നമുക്കിടയില്‍ ഉണ്ടാകാം. ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ ഇത് എളുപ്പത്തില്‍ തിരിച്ചറിയാവുന്നതേയുള്ളൂ. അത്തരത്തിലുള്ള അഞ്ച് പ്രധാന ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്...

ഇടവിട്ട് തലവേദന വരുന്നുണ്ടോ? ഇടയ്ക്ക് ഇത് കഴുത്തിലേക്കും പടരുന്നതായി തോന്നാറുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കുക.

 

main symptoms of heavy mental stress

 

'സ്‌ട്രെസ്' നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നതിന്റെ ആദ്യ ലക്ഷണമാകാം ഇത്. 

രണ്ട്...

ഉറക്കമില്ലാത്ത അവസ്ഥ, അഥവാ ഉറങ്ങിയാല്‍ തന്നെ സംതൃപ്തിയില്ലാത്ത ഉറക്കമാവുക എന്നീ പ്രശ്‌നങ്ങളും 'സ്‌ട്രെസ്' മൂലമാകാം സംഭവിക്കുന്നത്. ക്രമേണ ഇത് ശരീരത്തെ ക്ഷീണിപ്പിക്കാം. ജോലിയേയോ പഠനത്തേയോ ബന്ധങ്ങളെപ്പോലും ബാധിച്ചേക്കാം. 

മൂന്ന്...

ഭക്ഷണാഭിരുചികളില്‍ വരുന്ന ചില മാറ്റങ്ങളും കനത്ത 'സ്‌ട്രെസി'ലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ചിലര്‍ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അമിതമായി മധുരം ചേര്‍ത്ത ഭക്ഷണങ്ങളോട് ആസക്തി കാണിക്കും. ചിലര്‍ ഒട്ടും വിശപ്പ് കാണിക്കില്ല. മറ്റ്  ചിലരാകട്ടെ അമിതമായി എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കും. സത്യത്തില്‍ മെഡിക്കല്‍ സഹായം തേടേണ്ട അവസ്ഥയാണിത്. എന്നാല്‍ മിക്കപ്പോഴും ഈ പ്രശ്‌നത്തെ നമ്മള്‍ അഭിസംബോധന ചെയ്യാറുപോലുമില്ല എന്നതാണ് സത്യം. 

നാല്...

എപ്പോഴും ഉള്ളില്‍ 'ആംഗ്‌സൈറ്റി' അനുഭവപ്പെടുന്നതും സ്‌ട്രെസിന്റെ ഭാഗമായി സംഭവിക്കുന്നതാകാം. 

 

main symptoms of heavy mental stress

 

ഒരിക്കലും ഈ അവസ്ഥയില്‍ തുടരരുത്. അത് പല തരത്തിലുമാകാം നിങ്ങളെ ബാധിക്കുക. 

അഞ്ച്...

പെട്ടെന്ന് മാറിമറിയുന്ന മാനസികാവസ്ഥ (മൂഡ്) സ്ട്രസിന്റെ പ്രകടമായ ലക്ഷണമായി കണക്കാക്കാം. എളുപ്പത്തില്‍ ദേഷ്യം വരിക, അസ്വസ്ഥതപ്പെടുക, സങ്കടപ്പെടുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. 

മുകളില്‍പ്പറഞ്ഞ പല ലക്ഷണങ്ങളും പല കാരണങ്ങള്‍ കൊണ്ടുകൂടി വരാം. എല്ലാം എല്ലായ്‌പ്പോഴും 'സ്‌ട്രെസ്' മൂലം തന്നെ ആകണമെന്നില്ല. മറ്റെന്തെങ്കിലും അസുഖങ്ങളുടെ ഭാഗവും ആകാം. അതിനാല്‍ അസാധാരണമായി നമ്മളില്‍ കാണുന്ന മാറ്റങ്ങളെ കൃത്യമായി തിരിച്ചറിയാനും അതിന്റെ കാരണം ഒരു ഡോക്ടറുടെ സഹായത്തോടെ മനസിലാക്കാനും അത് പരിഹരിക്കാനും ശ്രമിക്കുക. മനസും ശരീരവും ആരോഗ്യത്തോടെയും പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തിയോടെയും സൂക്ഷിക്കുക.

Also Read:- മൊബെെൽ ഫോണിന്റെ ഉപയോ​ഗം കുറച്ചോളൂ; ​​കാരണം ഇതാണ്...

Follow Us:
Download App:
  • android
  • ios