
ഗര്‍ഭനിരോധനത്തിനും ലൈംഗിക രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുമായാണ് സാധാരണഗതിയില്‍ 'കോണ്ടം' ഉപയോഗിക്കുന്നത്. എന്നാല്‍ വിപണി വളര്‍ന്നതോടെ 'കോണ്ട'ത്തിന്റെ രൂപത്തിലും ധര്‍മ്മത്തിലുമെല്ലാം കാര്യമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്ന വ്യത്യസ്തമായ ഒന്നാണ് 'സ്‌പെര്‍മിസൈഡ് കോണ്ടം'. പുരുഷനില്‍ നിന്ന് വരുന്ന ബീജങ്ങളെ (സ്‌പേം) കയ്യോടെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഒരു രാസപദാര്‍ത്ഥം (Nonoxynol-9 ) അടങ്ങിയതാണ് 'സ്‌പെര്‍മിസൈഡ് കോണ്ടം'. ഗര്‍ഭനിരോധനം കുറെക്കൂടി ഫലപ്രദമായി നടത്താന്‍ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.
എന്നാല്‍ പലപ്പോഴും 'സ്‌പെര്‍മിസൈഡ് കോണ്ട'ങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിലെ വസ്തുതയെക്കുറിച്ച് പറയുകയാണ് ഡോ. ഉമാ വൈദ്യനാഥന്‍. ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ട്‌സ് ആശുപത്രിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ഡോ. ഉമ വൈദ്യനാഥന്‍.
പതിവായി 'സ്‌പെര്‍മിസൈഡ് കോണ്ടം' ഉപയോഗിക്കുമ്പോള്‍, അത് പങ്കാളിയായ സ്ത്രീക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ക്രമേണ അതേ പ്രശ്‌നം പുരുഷനിലേക്ക് പകരുമെന്നും ഡോ. ഉമ ഓര്‍മ്മപ്പെടുത്തുന്നു. 'സ്‌പെര്‍മിസൈഡ് കോണ്ട'ത്തിലുള്ള രാസപദാര്‍ത്ഥം സ്ത്രീയുടെ യോനിക്ക് സമീപമുള്ള പുറംഭാഗത്തെ പാളിയിലുള്ള കോശങ്ങളെ നശിപ്പിക്കുമത്രേ. ഇതുവഴി അണുബാധയും ഉണ്ടാകും. ഈ അണുബാധ വൈകാതെ പുരുഷനിലേക്കും പടരും.
ഇത്തരത്തിലുള്ള അണുബാധകളില്‍ നിന്ന് പല തരം ലൈംഗിക രോഗങ്ങള്‍ ഉണ്ടായേക്കാമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതൊരുപക്ഷേ തീര്‍ത്തും നിസാരമെന്ന് കരുതാനാകാത്ത രോഗങ്ങള്‍ വരെയാകാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചില സ്ത്രീകളില്‍ 'സ്‌പെര്‍മിസൈഡ് കോണ്ട'ങ്ങള്‍ മാരകമായ മൂത്രാശയ അണുബാധയുണ്ടാക്കിയതായ കേസുകള്‍ താന്‍ കൈകാര്യം ചെയ്തതായും ഡോ. ഉമ പറയുന്നു.
എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ താരതമ്യേന സ്ത്രീകളില്‍ ഇത് പ്രശ്‌നങ്ങളുണ്ടാക്കാറില്ലെന്നും അപ്പോഴും നൂറ് ശതമാനം ഉറപ്പ് നല്‍കാനാകില്ലെന്നും ഇവര്‍ പറയുന്നു. സ്ഥിരമായി ഒരേ പങ്കാളിക്കൊപ്പം ലൈംഗികജീവിതം പങ്കിടുന്നവരെ സംബന്ധിച്ചാണ് 'സ്‌പെര്‍മിസൈഡ് കോണ്ടം' അല്‍പമെങ്കിലും സുരക്ഷിതമെന്നും എങ്കില്‍പ്പോലും പതിവായ ഉപയോഗം നല്ലതല്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam