
കൊവിഡ് 19 കേസുകള്‍ ( Covid 19 India ) കുത്തനെ കൂടിവരുന്ന സാഹചര്യമാണ് നിലവില്‍ നാം കാണുന്നത്. രാജ്യം മൂന്നാം തരംഗത്തിലൂടെ ( Third Wave ) പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ കേരളത്തില്‍ ഈ തരംഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്.
കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആണ് മൂന്നാം തരംഗത്തിന് കാരണമായിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ കഴിവുള്ള ഡെല്‍റ്റ എന്ന വകഭേദമാണ് ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായത്. ഇതിനെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നതാണ് ഒമിക്രോണിന്റെ പ്രത്യേകത.
ഇതിനിടെ കൊവിഡ് ബാധിച്ചവരില്‍ അതുമൂലം കൈവരുന്ന പ്രതിരോധശക്തി മതി ഭാവിയില്‍ കൊവിഡിനെ നേരിടാന്‍ എന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. പ്രത്യേകിച്ച് ഒമിക്രോണ്‍ ബാധിച്ചാല്‍ ഭാവിയില്‍ കൊവിഡ് പിടിപെടില്ലെന്ന വാദവും ശ്കതമാണ്.
എന്നാല്‍ ഈ വാദത്തെ പൂര്‍ണമായും തള്ളിക്കളയുകയാണ് ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. സൗമ്യ സ്വാമിനാഥന്‍. കൊവിഡ് ബാധിച്ചു, അല്ലെങ്കില്‍ ഒമിക്രോണ് ബാധിച്ചു എന്നതിനാല്‍ ഭാവിയില്‍ കൊവിഡ് പിടിപെടാതിരിക്കില്ലെന്നും അത്തരം വാദങ്ങളില്‍ കഴമ്പില്ലെന്നും ഡോ. സൗമ്യ പ്രതികരിച്ചു.
വാക്‌സിനേഷന് വലിയ പ്രാധാന്യമുണ്ടെന്നും വാക്‌സിന്‍ സ്വീകരിച്ചതിനാലാണ് ഈ തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കേസുകളും മരണനിരക്കും കുറഞ്ഞതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വാക്‌സിന്‍ നല്‍കുന്ന പ്രതിരോധശക്തിയും രോഗം ബാധിച്ചതില്‍ നിന്ന് കൈവരുന്ന പ്രതിരോധശക്തിയും ഒരുമിച്ച് നിന്നാല്‍ അത് സമീപഭാവിയില്‍ ഗുണം ചെയ്യുമെന്നും അപ്പോഴും രോഗം പിടിപെടാനുള്ള സാധ്യതയെ പൂര്‍ണമായി തള്ളിക്കളയാനാകില്ലെന്നും ഡോ. സൗമ്യ പറയുന്നു.
ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ക്ക് ഏറെ പ്രധാന്യമുള്ളതായും ഇവര്‍ വ്യക്തമാക്കി. ലോകത്താകെയും ഉപയോഗിക്കാന്‍ സാധിക്കുന്ന, കൊവിഡിന്റെ എല്ലാ വകഭേദങ്ങള്‍ക്കെതിരെയും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വാക്‌സിന് വേണ്ടിയുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയെന്നും ഇവര്‍ അറിയിച്ചു.
ഒമിക്രോണ്‍ ഗുരുതരമായി ആരെയും ബാധിക്കുന്നില്ല എന്നതിനെ ഭാഗികമായി പിന്തുണയ്ക്കുകയും അതേസമയം നിലവില്‍ ചുരുങ്ങിയ സമയത്തെ അനുഭവം കൊണ്ട് നമുക്കിതിനെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു. ഇപ്പോഴും പലയിടങ്ങളിലും ഗവേഷകര്‍ പഠനത്തിലാണ്. ഭാവിയില്‍ പല കാലങ്ങളിലായിട്ടായിരിക്കും ഇതിന്റെയെല്ലാം ഫലങ്ങള്‍ വരുന്നത്. അതുവരേക്കും ഉറപ്പായ നിഗമനങ്ങള്‍ നമ്മള്‍ സൂക്ഷിച്ചിട്ട് കാര്യമില്ലെന്നും ഡോ. സൗമ്യ ഓര്‍മ്മപ്പെടുത്തി.
Also Read:- ഒമിക്രോണ്‍ ആണ് ബാധിച്ചതെന്ന് എങ്ങനെയെല്ലാം തിരിച്ചറിയാം?