ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനഞ്ചുകാരന്‍റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്....

Published : Dec 19, 2022, 04:38 PM IST
ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനഞ്ചുകാരന്‍റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്....

Synopsis

ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനയ്ക്ക് ശേഷം കുട്ടിയെ എക്സ്-റേക്ക് വിധേനയാക്കുകയായിരുന്നു. എക്സ്-റേയിലാണ് വയറ്റിനകത്ത് കേബിള്‍ പിണഞ്ഞുകിടക്കുന്നത് ആദ്യം കണ്ടത്.

എപ്പോഴും ഓക്കാനവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൗമാരക്കാരന്‍റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ചാര്‍ജിംഗ് കേബിള്‍. അസാധാരണമായ സംഭവത്തെ കുറിച്ച് ഡോക്ടര്‍മാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

ടര്‍ക്കിയിലെ ദിയാര്‍ബക്ര്‍ എന്ന സ്ഥലത്താണ് സംഭവം. ഭക്ഷണം കഴിക്കാൻ പ്രയാസവും എപ്പോഴും ഓക്കാനവും ഛര്‍ദ്ദിയും തന്നെ ആയതോടെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചതാണ് പതിനഞ്ചുകാരനെ. 

ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനയ്ക്ക് ശേഷം കുട്ടിയെ എക്സ്-റേക്ക് വിധേനയാക്കുകയായിരുന്നു. എക്സ്-റേയിലാണ് വയറ്റിനകത്ത് കേബിള്‍ പിണഞ്ഞുകിടക്കുന്നത് ആദ്യം കണ്ടത്. ശേഷം എൻഡോസ്കോപ്പി പരിശോധനയിലൂടെ വിശദമായി കേബിളിന്‍റെ കിടപ്പ് മനസിലാക്കി. ഇത് ശസ്ത്രക്രിയ കൂടാതെ പുറത്തെടുക്കാൻ കഴിയുമോ എന്നായിരുന്നു ഡോക്ടര്‍മാര്‍ നോക്കിയത്. എന്നാല്‍ ശസ്ത്രക്രിയ കൂടിയേ തീരൂ എന്ന അവസ്ഥയായിരുന്നു. 

തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലേക്ക് നീങ്ങി. അല്‍പം സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയയെന്നും കുടലില്‍ പെട്ടുകിടന്ന കേബിള്‍ കുട്ടിക്ക് പ്രശ്നമൊന്നും വരാത്ത രീതിയില്‍ നീക്കം ചെയ്യുകയെന്നത് അല്‍പം വെല്ലുവിളി തന്നെയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്തായാലും ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ച് വരികയാണിപ്പോള്‍. 

കേബിള്‍ നീക്കം ചെയ്യുന്നതിനൊപ്പം തന്നെ മുടി കെട്ടുന്ന ഒകു ബണ്ണും കുട്ടിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പതിനഞ്ച് വയസായതിനാല്‍ തന്നെ കേബിളും ബണ്ണുമൊന്നും അബദ്ധത്തില്‍ അകത്തുചെന്നതാകാൻ സാധ്യതയില്ലെന്നും അതിനാല്‍ തന്നെ ഇനി സൈക്കോളജിസ്റ്റിന്‍റെ ചികിത്സ കൂടി കുട്ടിക്ക് വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

കഴിഞ്ഞ മാസം കര്‍ണാടക സ്വദേശിയായ അമ്പത്തിയെട്ടുകാരന്‍റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ 187 നാണയങ്ങള്‍ നീക്കം ചെയ്തത് ഇത്തരത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഛര്‍ദ്ദിയും വയറുവേദനും കലസലായതോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇദ്ദേഹത്തെ എക്സ്-റേക്ക് വിധേയനാക്കിയപ്പോഴാണ് സംഗതി കണ്ടെത്തിയത്. ഇദ്ദേഹത്തിന് പക്ഷേ മാനസികവൈകല്യമുണ്ടായിരുന്നു. ഏഴ് മാസത്തിനുള്ളിലാണത്രേ ഇദ്ദേഹം ഇത്രയും നാണയങ്ങള്‍ വിഴുങ്ങിയത്. 

Also Read:- ആരോഗ്യനില വഷളായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം