ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ വയറ്റില്‍ ട്യൂമര്‍; ശസ്ത്രക്രിയ ചെയ്തപ്പോള്‍ കണ്ടത്...

Published : Sep 13, 2019, 08:13 PM IST
ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ വയറ്റില്‍ ട്യൂമര്‍; ശസ്ത്രക്രിയ ചെയ്തപ്പോള്‍ കണ്ടത്...

Synopsis

ആന്തരീകാവയവങ്ങള്‍ പലതും മുഴ കാരണം സ്ഥാനമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. എങ്കിലും മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഏറെ പണിപ്പെട്ട് അവര്‍ മുഴ നീക്കം ചെയ്തു. എന്നാല്‍ നീക്കം ചെയ്ത മുഴ പരിശോധിച്ച ഡോക്ടര്‍മാര്‍ ആകെ അമ്പരന്നു  

വളരെ നോര്‍മലായ ഗര്‍ഭകാലമായിരുന്നു ബിജിയ മൊണ്ടാല്‍ എന്ന യുവതിയുടേത്. സാധാരണഗതിയില്‍ ഒരു ഗര്‍ഭിണിയുടെ ആരോഗ്യാവസ്ഥയും മാനസികാവസ്ഥയും എത്തരത്തിലായിരിക്കണമോ, അത്തരത്തിലൊക്കെ തന്നെയായിരുന്നു ബിജിയയുടേതും. എല്ലാ കാര്യങ്ങള്‍ക്കും ഭര്‍ത്താവായ ടാണ്‍മോയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. 

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആര്‍ട്ടിസ്റ്റുകളായ ഇരുവരും വിവാഹിതരാകുന്നത്. പശ്ചിമ ബംഗാളിലെ ബീര്‍ ഭൂം ജില്ലയിലാണ് ഇവരുടെ താമസം. കാത്തിരുന്ന് ഉണ്ടായ വിശേഷമായതിനാല്‍ വളരെയധികം ശ്രദ്ധിച്ചാണ് ഇവര്‍ ഏഴാം മാസം വരെ മുന്നോട്ടുപോയത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഏഴാം മാസത്തില്‍ അവര്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നു. 

നേരത്തേ ജനിച്ചതിന്റെ ചില സങ്കീര്‍ണ്ണതകളൊഴിവാക്കിയാല്‍ കുഞ്ഞിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ കുഞ്ഞ് അഭീറിന് രണ്ട് മാസം പ്രായമായപ്പോഴേക്കും അവന്റെ വയറ് ചെറുതായി വീര്‍ത്തുതുടങ്ങി. അച്ഛനാണ് ഇക്കാര്യം ആദ്യം ശ്രദ്ധിക്കുന്നത്. എന്തെങ്കിലും അസുഖത്തിന്റെ ഭാഗമായാണോ വയറ് വീര്‍ത്തിരിക്കുന്നത് എന്നറിയാന്‍ അവര്‍ കുഞ്ഞിനേയും കൊണ്ട് അടുത്തുള്ള ആശുപത്രിയില്‍ പോയി. 

കുഞ്ഞിന് സാരമായ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്ന് മനസിലായതിനാല്‍ അവര്‍ ചികിത്സ പിന്നീട് കൊല്‍ക്കത്തയിലെ ഒരാശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്കും മാറ്റി. അവിടെ വച്ചാണ് കുഞ്ഞിന്റെ വയറ്റില്‍ പ്രത്യേകതരത്തിലുള്ള ട്യൂമറുള്ളതായി ഡോക്ടര്‍മാര്‍ നിഗമനത്തിലെത്തിയത്. അപ്പോഴേക്കും അവന് ഏഴ് മാസം തികഞ്ഞിരുന്നു.

തുടര്‍ന്ന് മുതിര്‍ന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സംഘം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ആന്തരീകാവയവങ്ങള്‍ പലതും മുഴ കാരണം സ്ഥാനമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. എങ്കിലും മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഏറെ പണിപ്പെട്ട് അവര്‍ മുഴ നീക്കം ചെയ്തു. 

എന്നാല്‍ നീക്കം ചെയ്ത മുഴ പരിശോധിച്ച ഡോക്ടര്‍മാര്‍ ആകെ അമ്പരന്നു. തലച്ചോറിന്റെ ഭാഗങ്ങള്‍, കുടലില്‍ കാണപ്പെടുന്ന കോശകലകള്‍, എല്ല്, രോമം എന്നിങ്ങനെ ഒരു മനുഷ്യന്റെ വിവിധ ഭാഗങ്ങള്‍ തന്നെയായിരുന്നു ട്യൂമറിനകത്തുണ്ടായിരുന്നത്. അതായത്, പിറക്കാനിരിക്കുന്ന ഒരു കുഞ്ഞ് വളര്‍ച്ചയെത്താത്തത് പോലെ. 

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് ഇത്തരം ട്യൂമറുകള്‍ കണ്ടെത്താറുള്ളൂവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ഏതാണ്ട് 750 ഗ്രാമോളം തൂക്കമുണ്ടായിരുന്നു മുഴയ്ക്ക്. ഏതായാലും അഭീര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും ശരീരഭാരം 'നോര്‍മല്‍' ആകുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
രാവിലെ തലവേദന അനുഭവപ്പെടാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം ‌