
സംസ്ഥാന സര്‍ക്കാരിന്‍റെ ഹൃദ്യം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകളാണിപ്പോള്‍ നടന്നുവരുന്നത്. ഹൃദ്യം പദ്ധതിയില്‍ സ്വകാര്യ ആശുപത്രികള്‍ക്കാണ് നേട്ടമുണ്ടാകുന്നതെന്നും സര്‍ക്കാര്‍ ആളുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടാൻ സഹായമാകേണ്ട ഫണ്ട് ഹൃദ്യം പദ്ധതിയിലൂടെ സ്വകാര്യ ആശുപത്രികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത് എന്നുമായിരുന്നു പദ്ധതിക്കെതിരെ വന്ന വാര്‍ത്ത.
എന്നാല്‍ അതിശക്തമായ ഭാഷയിലാണ് സര്‍ക്കാര്‍ ഈ ആരോപണത്തെ തള്ളിയത്. ജന്മനാ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക് ഹൃദയശസ്ത്രക്രിയയ്ക്കുള്ള അവസരമൊരുക്കലാണ് ഹൃദ്യം പദ്ധതിയിലൂടെ ചെയ്യുന്നത്. എന്നാല്‍ പദ്ധതി അഴിമതിയാണെന്ന തരത്തിലാണ് നിലവില്‍ ഒരു ഭാഗത്ത് നടക്കുന്ന ചര്‍ച്ചകള്‍. അതേസമയം ഈ ആരോപണത്തെ ശക്തമായി എതിര്‍ക്കുന്നവരും ഒപ്പം തന്നെ പദ്ധതിയിലൂടെ കുഞ്ഞുങ്ങളുടെ ജീവൻ സുരക്ഷിതമാകുന്നതിലും വലുതായി ഒന്നുമില്ലെന്ന് അഭിപ്രായപ്പെടുന്നവരും മറുവിഭാഗത്തുണ്ട്.
ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ തന്നെ ഇതിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തിയിരുന്നു. വാര്‍ത്ത വ്യാജമാണെന്നും ഇത് തങ്ങളെ ഭയപ്പെടുത്തുകയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇപ്പോള്‍ ഈ വിഷയത്തില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ പ്രതികരണത്തിലേക്കാണ് കടക്കുന്നത്. ഇടുക്കി മെഡി. കോളേജില്‍ നിന്നുള്ള മുതിര്‍ന്ന പീഡിയാട്രീഷ്യൻ ഡോ. മോഹൻദാസ് നായര്‍, ആരോഗ്യവകുപ്പില്‍ മെഡി ഓഫീസറായി ജോലി ചെയ്യുന്ന ഡോ. നീതു ചന്ദ്രൻ, എംഇഎസ് മെഡി. കോളേജില്‍ പീഡിയാട്രിക് വിഭാഗം പ്രൊഫ. ഡോ. പുരുഷോത്തമൻ കെ കെ എന്നിവര്‍ സംസാരിക്കുന്നു...
ഡോ. മോഹൻദാസ് നായര്‍...
ഏകദേശം മുപ്പത് വര്‍ഷത്തോളമായി ഞാൻ ജോലി ചെയ്യുന്നു. ഇത്രയും വര്‍ഷത്തെ അനുഭവപരിചയം കൊണ്ട് പറയുകയാണെങ്കില്‍ 'ഹൃദ്യം' പദ്ധതി ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസമായിട്ടുള്ള പദ്ധതിയാണ്. അത് സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് തടസം നിന്നുവോ എന്നത് മറ്റൊരു ചര്‍ച്ചാവിഷയമാണ്. എന്നാല്‍ പദ്ധതി ഉപകാരപ്രദമായിരുന്നു എന്നതില്‍ ആര്‍ക്കും സംശയം വരേണ്ട കാര്യമില്ല.
പണ്ടൊക്കെ കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താൻ കേരളത്തില്‍ വലിയ പാടായിരുന്നു. ആകെയൊരു ശ്രീചിത്രയായിരുന്നു ഉണ്ടായിരുന്നത്. അത് കൊണ്ട് മാത്രം എത്ര കേസുകള്‍ പരിഹരിക്കാൻ കഴിയും. പിന്നെ വലിയ സംഘടനകളുടെയോ ട്രസ്റ്റുകളുടെയോ കീഴിലുള്ള ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന രോഗികളുണ്ട്. അവര്‍ക്കും പക്ഷേ ചികിത്സയൊന്നും കിട്ടുകയില്ല. വിളിക്കാം, അറിയിക്കാമെന്ന് പറയും. പിന്നീട് വിവരമൊന്നുമുണ്ടാകില്ല. ഇങ്ങനെ ചികിത്സ കാത്ത് കഴിഞ്ഞ്, ഒടുവില്‍ മരണത്തിലേക്കെത്തിയ എത്രയോ കുട്ടികളുണ്ട്.
പിന്നെ, ഹൃദയശസ്ത്രക്രിയ എന്ന് പറയുന്നത് നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ, അത്രയും സങ്കീര്‍ണതയുള്ള ശസ്ത്രക്രിയയാണ്. അതിന് മികച്ച സൗകര്യങ്ങളും നല്ലൊരു ടീമുമെല്ലാം വേണം. സ്വകാര്യമേഖലയില്‍ അതിന് നേരത്തെ തന്നെ ചുറ്റുപാടുകളുണ്ടായിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ അത്തരത്തിലുള്ള ചുറ്റുപാടുകള്‍ ഉണ്ടാക്കിയെടുക്കുന്ന അത്ര ചെലവ്, നിലവില്‍ ഇപ്പറയുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് കൊടുക്കുന്ന പണത്തിന്‍റെ അത്രയും വരില്ല എന്നാണ് മനസിലാക്കുവാൻ സാധിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കാൻ ശ്രമം നടന്നിട്ടുള്ളതാണ്. പല കാരണങ്ങള്‍ കൊണ്ടും അവ വിജയം കണ്ടില്ലെന്ന് പറയാം. ഇനിയും അതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട് എന്നാണ് അറിവ്. എന്തായാലും ഒരുപാട് കുഞ്ഞുങ്ങള്‍ ചികിത്സ കിട്ടാതെ മരിച്ചുപോകുന്ന അവസ്ഥയില്‍ നിന്നൊരു മാറ്റം വന്നത് ഹൃദ്യം പദ്ധതിയുടെ വരവോടെ തന്നെയാണ്. അതിന്‍റെ മറ്റ് രാഷ്ട്രീയങ്ങളിലേക്കൊന്നും പോകുന്നില്ല- ഒരു വലിയ സഹായമെന്ന നിലയില്‍ പദ്ധതി എത്രമാത്രം വിജയിച്ചു എന്നേ നോക്കുന്നുള്ളൂ.
ഡോ. നീതു ചന്ദ്രൻ...
ഹൃദ്യം പദ്ധതിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ ഒരനുഭവം പറയണം. ഞാൻ വയനാട്, ഒരുള്‍പ്രദേശത്ത് ഏഴ് വര്‍ഷത്തോളമായി ജോലി ചെയ്യുന്നു. ഇവിടെ അധികവും ആദിവാസി കുടുംബങ്ങളാണ് നമുക്ക് നോക്കുവാനുള്ളത്. ഇങ്ങനെയൊരു കുടുംബത്തില്‍ നിന്നുള്ളൊരു കുട്ടി. ഏതാണ്ട് നാല് വര്‍ഷം മുമ്പാണ്. ഈ കുട്ടി തീരെ വണ്ണം വയ്ക്കാതെ, കാഴ്ചയ്ക്ക് തന്നെ ആരോഗ്യം പ്രശ്നത്തിലാണെന്ന് നമുക്ക് മനസിലാകും.
കുട്ടിയെ പരിശോധിച്ചപ്പോള്‍ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു. പിന്നീട് വിശദമായി കാര്‍ഡിയോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തിയപ്പോള്‍ കുട്ടിക്ക് ഹൃദയശസ്ത്രക്രിയ ആവശ്യമാണെന്ന് വ്യക്തമായി. അങ്ങനെയിരിക്കുമ്പോഴാണ് നമ്മള്‍ ഹൃദ്യം പദ്ധതിയെ കുറിച്ച് അറിയുന്നത്. നമ്മള്‍ എല്ലാവരും കൂടി ഉടനെ തന്നെ കുട്ടിയുടെ പേര് ഇതിനായി രജിസ്റ്റര്‍ ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള അവസരവും കിട്ടി.
പിന്നീടൊരിക്കല്‍ ഈ കുട്ടി നല്ല മിടുക്കിയായി സ്കൂള്‍ യൂണിഫോമൊക്കെ ധരിച്ചുനില്‍ക്കുന്നൊരു ഫോട്ടോ ഞാൻ കാണാനിടയായി. ഇത് നമ്മള്‍ അന്ന് സര്‍ജറിക്ക് അയച്ച കുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ സന്തോഷം ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്തതാണ്.
വളരെ സാധാരണക്കാര്‍ക്കിടയില്‍ വര്‍ക്ക് ചെയ്യുന്നൊരാളാണ് ഞാൻ. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ കുട്ടിക്ക് ഇതുപോലെ ഗുരുതരമായൊരു അവസ്ഥയുണ്ടായാല്‍ എങ്ങനെയും ശസ്ത്രക്രിയ നടന്നുകിട്ടണം എന്ന ആഗ്രഹമേ അവര്‍ക്ക് കാണൂ.
സ്വകാര്യമേഖലയിലാകുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട്. അത് പറയുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ട് എന്ന് പറയേണ്ടിവരും. അത് നേരത്തെ തന്നെ അങ്ങനെയാണ്. പതുക്കെയേ അവിടെ വികസനമെത്തൂ. നേരെ മറിച്ച് സ്വകാര്യമേഖല ഒരുപാട് മുമ്പിലാണ്.
കുഞ്ഞുങ്ങളുടെ ഹൃദയശസ്ത്രക്രിയ എന്നൊക്കെ പറഞ്ഞാല്‍ അധികസമയം കാത്തുനില്‍ക്കാൻ പറ്റാത്ത കാര്യമാണ്. അപ്പോള്‍ സമയബന്ധിതമായി അത് തീര്‍ക്കാനുള്ള മാര്‍ഗങ്ങളാണ് നമ്മള്‍ നോക്കുക. ഇപ്പോള്‍ കൊവിഡ് കാലത്ത് തന്നെ സ്വകാര്യ മേഖലയോടും കൂടി സഹകരിച്ചല്ലേ നമ്മള്‍ മുന്നോട്ട് പോയത്. ഇത്രയധികം ജനസംഖ്യയുള്ളൊരു നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംവിധാനങ്ങളെ മാത്രം ആശ്രയിക്കല്‍ സാധ്യമല്ല. ധാരാളം പേര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുണ്ടല്ലോ. അപ്പോള്‍ ഇങ്ങനെയൊരു കാര്യത്തിന് സ്വകാര്യമേഖലയെ ആശ്രയിച്ചുവെന്നതില്‍ തെറ്റായിട്ടൊന്നും ചൂണ്ടിക്കാട്ടാൻ സാധിക്കില്ല.
അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെട്ട് അവിടെയും ഇത്തരത്തിലുള്ള ചികിത്സാസൗകര്യങ്ങള്‍ ഉണ്ടാകട്ടെ എന്ന് തന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്. ഞങ്ങളൊക്കെയും അതാഗ്രഹിക്കുന്നുണ്ട്. പക്ഷേ നിലവില്‍ ഈ പദ്ധതിയെ തള്ളിപ്പറയാനാകില്ല. കാരണം ഒരുപാട് പേര്‍ക്ക് ആശ്വാസമായിട്ടുണ്ട് ഇത്. ഞാൻ ഒരുപാട് പേര്‍ക്ക് ഈ പദ്ധതിയെ കുറിച്ച് പറഞ്ഞുകൊടുത്തിട്ടുണ്ട്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് ഇത്തരം കേസുകള്‍ വരുമ്പോള്‍ ഇങ്ങനെയൊരു പദ്ധതിയുണ്ട്, അതുവഴി സര്‍ജറി നടത്താമെന്നൊക്കെ അവരെ അറിയിക്കും. എന്തായാലും ഹൃദ്യം പദ്ധതി ഉപകാരപ്രദമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല.
ഡോ. പുരുഷോത്തമൻ കെ കെ...
ഹൃദ്യം പദ്ധതി തീര്‍ച്ചയായും ഒരു മികച്ച കാല്‍വയ്പ് തന്നെയായിരുന്നു. ഒരുപാട് കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും ധാരാളം പേര്‍ക്ക് ആശ്വാസമാകാനും ആ പദ്ധതിക്ക് കഴിഞ്ഞു. ഒരുപാട് പേര്‍ ആ പദ്ധതിക്ക് വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. അവരുടെയൊക്കെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്.
ഇങ്ങനെയൊക്കെ ഹൃദ്യം പദ്ധതിയെ സമീപിക്കുമ്പോഴും, അത് സര്‍ക്കാര്‍ മേഖലയുടെ വളര്‍ച്ചയെ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് അല്‍പം നിരാശയുണ്ടാക്കി എന്നത് സത്യമാണ്. ഇപ്പോള്‍ നടക്കുന്ന വിവാദം, അതില്‍ ഇത്ര കോടിയുടെ അഴിതിയുണ്ട് എന്നൊക്കെ പറയുന്നതില്‍ എനിക്ക് ഒരു യോജിപ്പുമില്ല.
ഇവര്‍ പറയുന്ന അത്ര ലാഭമൊന്നും സര്‍ക്കാര്‍ ആശുപത്രികള്‍ ഇതുവഴി ഉണ്ടാക്കും എന്ന് ഞാൻ കരുതുന്നില്ല. പ്രശ്നം അതല്ല- നമ്മുടെ സര്‍ക്കാര്‍ മേഖല മുന്നോട്ട് നീങ്ങേണ്ടിയിരുന്ന ഒരു പാതയുണ്ട്. അങ്ങനെയൊരു മുന്നോട്ട് പോക്ക് ഉണ്ടായില്ല. അത് എളുപ്പമല്ല- വേഗത്തിലാക്കാനും സാധിക്കില്ല. പ്രായോഗികമായി ചിന്തിക്കണമല്ലോ. പക്ഷേ ഇപ്പോള്‍ ഹൃദ്യം പദ്ധതി വന്നിട്ട് ആറ് വര്‍ഷമൊക്കെ കടന്നുപോകുന്ന സാഹചര്യത്തില്‍ ചെറിയൊരു മാറ്റമെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ വരേണ്ടതായിരുന്നു. അത് വന്നില്ല എന്ന കണ്‍സേണ്‍ (കരുതല്‍) എനിക്ക് പങ്കുവയ്ക്കണമെന്നുണ്ട്.
തിരുവനന്തപുരം മെഡി. കോളേജ്, കോഴിക്കോട് മെഡി. കോളേജ്, കോട്ടയം മെഡി. കോളേജ് ഒക്കെ ഒരുപാട് സാധ്യതകളുള്ള ഇടങ്ങളാണ്. ഇവിടെയൊക്കെ ഹൃദ്യം പദ്ധതി വ്യാപിപ്പിക്കാൻ സാധിക്കുമായിരുന്നു. അക്കാര്യങ്ങളില്‍ പ്രതീക്ഷ നല്‍കുംവിധമൊരു നീക്കം ഉണ്ടായില്ല.
എപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നില്‍ നില്‍ക്കണമെന്ന പക്ഷക്കാരനാണ് ഞാൻ. എനിക്കിപ്പോള്‍ 64വയസാണ്, വളരെ മുമ്പൊക്കെ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ പിന്നെ സ്വകാര്യമേഖല മുന്നിലായിത്തുടങ്ങി. ഇപ്പോഴും അതേയൊരു രീതിയിലാണ് നാം പോകുന്നത്.
ഹൃദയശസ്ത്രക്രിയയുടെ കാര്യം മാത്രമല്ല, അവയവമാറ്റ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങളൊക്കെ സ്വകാര്യമേഖലയിലാണ് പ്രധാനമായും നടക്കുന്നത്. അതിനൊക്കെയുള്ള ചുറ്റുപാടുകള്‍ സര്‍ക്കാര്‍ മേഖലയിലുണ്ടാകണം. ഇനിയും അതിനുള്ള സാധ്യതകളുണ്ട്. പക്ഷേ അത് പ്രാവര്‍ത്തികമായി വരണം എന്ന് മാത്രം. പരിമിതികളുണ്ടാകും, തീര്‍ച്ചയായും. എന്നാല്‍ അതിനെ മറികടന്ന് മുന്നോട്ട് പോകാനുള്ള ശ്രമങ്ങളും നീക്കങ്ങളും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളൊക്കെ.
Also Read:- ഡെങ്കിപ്പനിയും എലിപ്പനിയും ഭീഷണിയാകുന്നു; ഈ മരുന്ന് നിര്‍ബന്ധമായും വാങ്ങി സൂക്ഷിക്കുക...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-