തക്കാളി കഴിക്കുന്നത് 'മൂത്രത്തില്‍ കല്ല്' വരാന്‍ ഇടയാക്കുമോ? എന്താണ് സത്യം?

By Web TeamFirst Published May 22, 2020, 8:05 PM IST
Highlights

മൂത്രാശയക്കല്ല് തന്നെ, പല തരത്തിലുമുണ്ട്. സാധാരണഗതിയില്‍ കണ്ടുവരുന്നത് 'കാത്സ്യം കല്ലുകള്‍' ആണ്. അതായത്, വൃക്കയില്‍ അമിതമായി 'കാത്സ്യം ഓക്‌സലേറ്റ്' അടിഞ്ഞുകൂടുന്നത് കൊണ്ടുണ്ടാകുന്ന മൂത്രാശയക്കല്ല്. ഈ 'കാത്സ്യം ഓക്‌സലേറ്റ്' എന്ന ഘടകം പ്രകൃതിദത്തമായി പല പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം അടങ്ങിയിട്ടുള്ളതാണ്. ഇവ കഴിക്കുന്നതിലൂടെ നമ്മളിലേക്കും 'കാത്സ്യം ഓക്‌സലേറ്റ്' എത്തും. ഇതിന് പുറമെ, നമ്മുടെ കരളും നിശ്ചിത അളവില്‍ ദിവസവും കാത്സ്യം ഉത്പാദിപ്പിക്കുന്നുണ്ട്

'അധികം തക്കാളി കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് വരും കെട്ടോ...'- തക്കാളി കഴിക്കുന്നത് കാണുമ്പോള്‍ മിക്കപ്പോഴും ആരെങ്കിലുമൊക്കെ ഈ താക്കീത് നിങ്ങള്‍ക്കും തന്നുകാണണം. ചിലര്‍ മൂത്രാശയക്കല്ല് പേടിച്ച് തക്കാളി കഴിക്കുന്നത് പരിപൂര്‍ണ്ണമായിത്തന്നെ ഒഴിവാക്കിയവരുണ്ട്. മറ്റ് ചിലരാണെങ്കില്‍, അളന്ന് മുറിച്ച് പാകത്തില്‍ മാത്രമേ തക്കാളി ഉപയോഗിക്കൂ. 

നിത്യജീവിതത്തില്‍ തക്കാളിയില്ലാത്ത ഒരു അടുക്കളെയെ കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. പതിവായി തയ്യാറാക്കുന്ന മിക്ക കറികളിലും നമ്മള്‍ തക്കാളി ചേര്‍ക്കാറുമുണ്ട്. ഇങ്ങനെയിരിക്കെ, തക്കാളി അത്രയും വലിയൊരു ഭീഷണിയാണെന്ന് അറിയുമ്പോള്‍ സ്വാഭാവികമായി വലുതല്ലാത്ത ഒരു ആശങ്കയുണ്ടാകുമെന്നതില്‍ സംശയമില്ല. 

നമ്മുടെ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളോകുന്ന പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍-സി, വിറ്റാമിന്‍- എ, പൊട്ടാസ്യം, ഫൈബര്‍, പ്രോട്ടീന്‍ എന്നുതുടങ്ങി ഇതിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് ഏറെ ഉപകരിക്കുന്നവയാണ്. പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ക്ക് ആക്കം നല്‍കുക, കാഴ്ചശക്തിയെ ത്വരിതപ്പെടുത്തുക, ചര്‍മ്മത്തെ ഭംഗിയായും ആരോഗ്യമുള്ളതായും നിലനിര്‍ത്തുക എന്നുതുടങ്ങി പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ഗൗരവമുള്ള അസുഖം വരെ പ്രതിരോധിക്കാന്‍ തക്കാളി സഹായിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. 

എന്നാല്‍ മൂത്രാശയക്കല്ല് വരുമെന്ന ഒറ്റ ഉത്കണ്ഠയില്‍ നമ്മള്‍ പലപ്പോഴും തക്കാളിയെ തള്ളിപ്പറയുന്നു. സത്യത്തില്‍ എന്താണ് ഈ വാദത്തിന്റെ അടിസ്ഥാനം? അക്കാര്യം അന്വേഷിച്ചിട്ടുണ്ടോ?

 

 

മൂത്രാശയക്കല്ല് തന്നെ, പല തരത്തിലുമുണ്ട്. സാധാരണഗതിയില്‍ കണ്ടുവരുന്നത് 'കാത്സ്യം കല്ലുകള്‍' ആണ്. അതായത്, വൃക്കയില്‍ അമിതമായി 'കാത്സ്യം ഓക്‌സലേറ്റ്' അടിഞ്ഞുകൂടുന്നത് കൊണ്ടുണ്ടാകുന്ന മൂത്രാശയക്കല്ല്. ഈ 'കാത്സ്യം ഓക്‌സലേറ്റ്' എന്ന ഘടകം പ്രകൃതിദത്തമായി പല പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം അടങ്ങിയിട്ടുള്ളതാണ്. ഇവ കഴിക്കുന്നതിലൂടെ നമ്മളിലേക്കും 'കാത്സ്യം ഓക്‌സലേറ്റ്' എത്തും. ഇതിന് പുറമെ, നമ്മുടെ കരളും നിശ്ചിത അളവില്‍ ദിവസവും കാത്സ്യം ഉത്പാദിപ്പിക്കുന്നുണ്ട്.

കാത്സ്യം, നമുക്കറിയാം എല്ലുകളുടേയും പേശികളുടേയും വളര്‍ച്ചയ്ക്കും ബലത്തിനുമെല്ലാം അടിയന്തരമായി വേണ്ട ഘടകമാണ്. രക്തത്തില്‍ നിന്ന് എല്ലുകളും പേശികളുമെല്ലാം അവയ്ക്കാവശ്യമായ 'കാത്സ്യം' സ്വാംശീകരിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് അമിതമായാലോ?

ശരീരത്തിന് വേണ്ടാത്ത പദാര്‍ത്ഥങ്ങളെ ശരീരം തന്നെ സ്വയം പുറന്തള്ളും. മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ലാത്തവരില്‍ ഈ പ്രക്രിയ നിത്യേന നടക്കുന്നുണ്ട്. അതായത്, ആവശ്യമില്ലാത്തവയെ എളുപ്പത്തില്‍ വൃക്കയിലേക്കെത്തിക്കും. അവിടെ നിന്ന് മൂത്രത്തിലൂടെ അവ പുറന്തള്ളപ്പെടും. നേരത്തേ സൂചിപ്പിച്ച കാത്സ്യം അമിതമായി കാണപ്പെടുന്ന സാഹചര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. 

എന്നാല്‍ ചിലരുടെ വൃക്കയ്ക്ക് ഇത്തരത്തില്‍ കാത്സ്യത്തെ പുറന്തള്ളാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. മിക്കവാറും വൃക്കയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമുള്ളവരിലാണ് ഇത് സംഭവിക്കാറ്. അങ്ങനെ വരുമ്പോള്‍ ഈ കാത്സ്യം വൃക്കയില്‍ തന്നെ അടിഞ്ഞുകിടന്ന് കല്ലുകളായി രൂപാന്തരപ്പെടുന്നു. അങ്ങനെയാണ് 'കാത്സ്യം ഓക്‌സലേറ്റ്' കല്ലുകളുണ്ടാകുന്നത്. 

 

 

തക്കാളിയിലും പ്രകൃതിദത്തമായി 'കാത്സ്യം ഓക്‌സലേറ്റ്' അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തക്കാളിയില്‍ 5 ഗ്രാം ഓക്‌സലേറ്റാണ് അടങ്ങിയിട്ടുള്ളത്. ശരാശരി ആരോഗ്യമുള്ള ഒരാളെ സംബന്ധിച്ച് ഇതൊരു പേടിപ്പെടുത്തുന്ന അളവേയല്ല. അതായത്, ശരാശരി ആരോഗ്യമുള്ളവര്‍ തക്കാൡകഴിക്കുന്നത് കൊണ്ട് പേടിക്കേണ്ടതില്ലെന്ന് സാരം. അതേസമയം, വൃക്കരോഗമുള്ളവര്‍ തക്കാളി കഴിക്കുന്നതില്‍ നിയന്ത്രണം വരുത്തേണ്ടതായി വരാറുണ്ട്. വൃക്ക പ്രശ്‌നമായവര്‍ക്ക് തക്കാളി മാത്രമല്ല, ബീറ്റ്‌റൂട്ട്, ബീന്‍സ് തുടങ്ങി പല സാധനങ്ങളിലും നിയന്ത്രണം വരുത്തേണ്ടതായി വന്നേക്കാം. ഇത് ഡോക്ടര്‍മാര്‍ തന്നെ കൃത്യമായി രോഗികള്‍ക്ക് വിശദീകരിച്ച് നല്‍കാറുമുണ്ട്.

Also Read:- ഉയർന്ന രക്തസമ്മര്‍ദ്ദമുള്ളവർ തക്കാളി കഴിക്കുമ്പോൾ...

അതിനാല്‍ സാധാരണനിലയ്ക്ക്, തക്കാളി കഴിക്കുന്നത് കൊണ്ട് ആശങ്കപ്പെടാന്‍ ഒന്നുമില്ല. ധൈര്യമായി ആസ്വദിച്ച് തന്നെ തക്കാളി കഴിക്കാം. കൃത്യമായ ഇടവേളകളില്‍ ആന്തരീകാവയവങ്ങളുടെ ആരോഗ്യാവസ്ഥ പരിശോധിക്കുന്നത് എപ്പോഴും ഭക്ഷണകാര്യങ്ങളിലും ആകെ ജീവിതത്തിലും വലിയ ആത്മവിശ്വാസം നല്‍കും. അതിനാല്‍ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഇഷ്ടമുള്ളത്രയും കഴിക്കുന്നതിനൊപ്പം തന്നെ സ്വന്തം അവയവങ്ങളുടെ ആരോഗ്യാവസ്ഥയും പരിശോധിച്ച് ഉറപ്പുവരുത്തുന്ന ശീലം നിര്‍ബന്ധമാക്കണം.

Also Read:- വൃക്കരോഗികളുടെ എണ്ണം; ഇന്ത്യ മുന്നിൽ, അറിയാം ഈ ലക്ഷണങ്ങൾ...

click me!