പ്രമേഹം പോലെ തന്നെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും. മുമ്പെല്ലാം പ്രായമായവരിലാണ് പ്രധാനമായും കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും ഇത് കൂടിവരുന്ന അവസ്ഥയാണുള്ളത്. മോശം ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് ചെറുപ്പക്കാരില്‍ വരെ രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി ഉയരുന്ന അവസ്ഥകളുണ്ടാക്കുന്നത്. 

രക്തസമ്മര്‍ദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ നമുക്കറിയാം, പല തരം ഭീഷണികളാണ് ജീവന് മേല്‍ ഉയര്‍ത്തുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും പക്ഷാഘാതവുമെല്ലാം ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ്. 

ചിലര്‍ക്ക് നിര്‍ബന്ധമായും ഇതിന് മരുന്ന് കഴിക്കേണ്ടതായി വരാറുണ്ട്. അത്തരക്കാര്‍ തീര്‍ച്ചയായും മരുന്ന് തുടരുക. ഡോക്ടര്‍ നല്‍കുന്ന മറ്റ് നിര്‍ദേശങ്ങളും പാലിക്കുകയും ചെയ്യുക. ഒപ്പം തന്നെ ഡയറ്റില്‍ അല്‍പം ശ്രദ്ധ വയ്ക്കുക കൂടി ചെയ്താല്‍ രക്തസമ്മര്‍ദ്ദം അസാധാരണമായി ഉയരുന്നത് കുറയ്ക്കാനായേക്കും. അത്തരത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് തക്കാളി. 

തക്കാളിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിന് പ്രധാനമായും സഹായിക്കുന്നത്. 100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ടത്രേ. ഈ പൊട്ടാസ്യം ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ (ഉപ്പ്) ദോഷവശങ്ങളെ ഇല്ലാതാക്കുന്നു. രക്തസമ്മര്‍ദ്ദം ഉയരുന്നവരോട് ഉപ്പ് പരമാവധി കുറയ്ക്കാനോ ഒഴിവാക്കാനോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?

ഉപ്പ് അമിതമായി കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം വറ്റാനും അതുവഴി രക്തസമ്മര്‍ദ്ദം ഉയരാനും കാരണമാകും എന്നതിനാലാണ് ഇതിന്റെ ഉപയോഗത്തിന് ഡോക്ടര്‍മാര്‍ നിയന്ത്രണം വയ്ക്കുന്നത്. തക്കാളിയാണെങ്കില്‍ ജൈവികമായിത്തന്നെ ഈ പ്രക്രിയ ഏറ്റെടുത്ത് നടത്തുന്നു. നമ്മളില്‍ അധികമായിരിക്കുന്ന സോഡിയത്തെ എടുത്ത് മൂത്രത്തിലൂടെ പുറന്തള്ളാന്‍ തക്കാളി സഹായിക്കും. ഇത്തരത്തിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് തക്കാളി പ്രയോജനപ്പെടുന്നത്. 

Also Read:- ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പാലിക്കേണ്ട നാല് കാര്യങ്ങൾ...

പച്ചയ്‌ക്കോ, സലാഡ് ആക്കിയോ ജ്യൂസ് ആക്കിയോ തക്കാളി കഴിക്കുന്നതാണ് ഏറ്റവും ഉചിതം. മറ്റ് പല പച്ചക്കറിയേയും പോലെ, ഏറെ നേരം പാകം ചെയ്യുന്നത് തക്കാളിയുടെ ഗുണം നഷ്ടപ്പെടാന്‍ കാരണമാകും.