Asianet News MalayalamAsianet News Malayalam

വൃക്കരോഗികളുടെ എണ്ണം; ഇന്ത്യ മുന്നിൽ, അറിയാം ഈ ലക്ഷണങ്ങൾ...

വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നത് കൊണ്ടാണ്.  ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ പുറംതള്ളാന്‍ വൃക്ക സഹായിക്കും. 

Indians at higher kidney disease risk
Author
Thiruvananthapuram, First Published Mar 5, 2020, 9:40 AM IST

വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നത് കൊണ്ടാണ്.  ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ പുറംതള്ളാന്‍ വൃക്ക സഹായിക്കും. അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പറയുന്നത് അന്തരീക്ഷ മലിനീകരണം കൂടിയ ഇടങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ്. ഇതില്‍ മുന്‍പില്‍ ഇന്ത്യയും ചൈനയുമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അന്തരീക്ഷ വായുമലിനീകരണം വലിയതോതിൽ എൽക്കുന്നത് വൃക്ക രോഗസാധ്യത കൂട്ടുന്നുവെന്നാണ് ഡോക്ടർ സിയാദ് അൽ അലിയുടെയും ബെൻജമിൻ ബോവിന്റെയും നേതൃത്തത്തിൽ ക്ലിനിക്കൽ ജേർണൽ ഓഫ് അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

വൃക്കരോഗത്തിന്‍റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്. വൃക്ക രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കാം. 

ഒന്ന്...

വൃക്ക രോഗത്തിന്‍റെ അടിസ്ഥാന ലക്ഷണങ്ങളാണ് മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. മൂത്രത്തിന്‍റെ അളവ് കുറയുക, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. മൂത്രത്തിന്‍റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത്, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നിവ പ്രധാന ലക്ഷണങ്ങളാണ്.  ദീര്‍ഘനേരം മൂത്രം ഒഴിക്കാതിരിക്കുന്നതും വൃക്ക രോഗത്തിന്‍റെ തുടക്കത്തിലുള്ള ലക്ഷണമാണ്. 

രണ്ട്...

അകാരണവും നീണ്ട് നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കള്‍ക്ക് കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും ശ്രദ്ധിക്കണം.

മൂന്ന്...

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുളള വെളളം പുറന്തളളുന്നതില്‍ പരാജയപ്പെടുന്നതിന്‍റെ ഫലമായാണിത്.

നാല്...

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണമാണ് ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകുന്നത്.

അഞ്ച്...

മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വേദന ഉളവാകുന്നതും വൃക്കരോഗം ഉണ്ടാക്കുന്ന അണുബാധയുടെ ലക്ഷണമാകും. മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ വൃക്കകളെ ബാധിക്കുമ്പോള്‍, കടുത്ത പനിയും പുറംവേദനയും ഉണ്ടാകും.

ആറ്...

വൃക്കകള്‍ തകരാറിലാകുമ്പോള്‍, ശരീരത്തില്‍ മാലിന്യങ്ങളും വിഷവസ്‌തുക്കളും അടിയുന്നു. അതുകൊണ്ടാണ് ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക. കഴിക്കുന്ന ഭക്ഷണത്തിന് രുചി അനുഭവപ്പെടുകയുമില്ല.

Follow Us:
Download App:
  • android
  • ios