വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യുമ്പോള്‍ മുഖഭംഗി നഷ്ടമാകുമോ?

By Web TeamFirst Published Jun 18, 2021, 9:17 PM IST
Highlights

വണ്ണം കുറയ്ക്കാൻ വ്യായാമവും ഡയറ്റുമെല്ലാം പിന്തുടരുന്നത് അഭിനന്ദനാർഹമായ പ്രയത്നം തന്നെയാണ്. പക്ഷേ, ഇത്രമാത്രം കഠിനമായ ശ്രമങ്ങള്‍ നടത്തുമ്പോള്‍ ചിലര്‍ നേരിടുന്നൊരു പ്രശ്‌നമാണ് മുഖത്തിന്റെ തുടുപ്പും ഘടനയും തന്നെ നഷ്ടമാകുന്നു എന്നത്. ധാരാളം പേര്‍ ഈ പരാതി ഉന്നയിച്ചുകേള്‍ക്കാറുമുണ്ട്

അമിതവണ്ണം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് നമുക്കറിയാം. ചിലര്‍ക്ക് ഇത് ശാരീരികമായ സവിശേഷതയായി വരാറുണ്ട്. അത്തരക്കാരെ അപേക്ഷിച്ച് ജീവിതശൈലിയുടെ ഭാഗമായി വണ്ണം കൂടുന്നവരാണ് കൂടുല്‍ വെല്ലുവിളികള്‍ നേരിടുന്നത്. 

കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ബിപി, പ്രമേഹം തുടങ്ങി പലതരത്തിലുള്ള അസുഖങ്ങളും ഈ വിഭാഗക്കാരെ പിടികൂടാം. എന്നാല്‍ വണ്ണം കുറയ്ക്കാനായി വ്യായാമവും ഡയറ്റുമെല്ലാം ചെയ്താലോ! 

വളരെയധികം അഭിനന്ദനമര്‍ഹിക്കുന്ന പ്രയത്‌നം തന്നെയാണത്. പക്ഷേ, ഇത്രമാത്രം കഠിനമായ ശ്രമങ്ങള്‍ നടത്തുമ്പോള്‍ ചിലര്‍ നേരിടുന്നൊരു പ്രശ്‌നമാണ് മുഖത്തിന്റെ തുടുപ്പും ഘടനയും തന്നെ നഷ്ടമാകുന്നു എന്നത്. ധാരാളം പേര്‍ ഈ പരാതി ഉന്നയിച്ചുകേള്‍ക്കാറുമുണ്ട്. ഈ പ്രശ്‌നത്തെ വലിയൊരു പരിധി വരെ പരിഹരിക്കാന്‍ നാം തെരഞ്ഞെടുക്കുന്ന ഡയറ്റിന് തന്നെ കഴിയുമെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ പറയുന്നത്. 

ഡയറ്റ് മാത്രമല്ല, വര്‍ക്കൗട്ടിലും ചിലത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും പൂജ ഓര്‍മ്മിപ്പിക്കുന്നു. അത്തരത്തിലുള്ള ചില 'സിമ്പിള്‍ ടിപ്‌സ്' തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയില്‍ പൂജ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

 


 

'ഏത് തരം ഡയറ്റ് ആണെങ്കിലും വെള്ളം അടിസ്ഥാനമാണെന്ന കാര്യം മറന്നുപോകരുത്...'- ആദ്യ 'ടിപ്' പങ്കുവയ്ക്കുകയാണ് പൂജ. ചര്‍മ്മസൗന്ദര്യം മുതല്‍ മനുഷ്യശരീരത്തിന്റെ ബാഹ്യവും ആന്തരീകവുമായ ഓരോ അവയവത്തിന്റെയും, ഭാഗത്തിന്റെയും ഫലപ്രദമായ പ്രവര്‍ത്തനത്തിനും ആരോഗ്യത്തിനുമെല്ലാം വെള്ളം അനിവാര്യമാണ്. നിര്‍ജലീകരണം നേരിടുന്നവരുടെ ചര്‍മ്മം തന്നെ അക്കാര്യം വിളിച്ചോതുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ഇക്കാരണം കൊണ്ടാണ്. അതിനാല്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ ചെലുത്തുക. ഇതോടെ തന്നെ ചര്‍മ്മവുമായി ബന്ധപ്പെട്ട പലവിധ പ്രശ്‌നങ്ങളും അകലും. 

രണ്ടാമതായി ഡയറ്റുമായി തന്നെ ബന്ധമുള്ള മറ്റൊരു 'ടിപ്' ആണ് പൂജ പങ്കുവയ്ക്കുന്നത്. കലോറിയുടെ അളവ് വളരെയധികം കുറച്ചുകൊണ്ടുള്ള ഡയറ്റ് ചര്‍മ്മത്തിന് പിന്നീട് പരിഹരിക്കാന്‍ കഴിയാത്തത് പോലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്നാണ് പൂജ ചൂണ്ടിക്കാട്ടുന്നത്. മുഖ പേശികളില്‍ വ്യതിയാനം വരിക, ചര്‍മ്മത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ 'കൊളാജന്‍' നഷ്ടമാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കലോറി അളവ് തീരെ കുറഞ്ഞ ഡയറ്റ് സൃഷ്ടിക്കും. അതിനാല്‍ ആ ഡയറ്റ് പിന്തുടരും മുമ്പ് ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പൂജ ഓര്‍മ്മിപ്പിക്കുന്നത്. 

എല്ലാ ദിവസവും വെജിറ്റബിള്‍ ജ്യൂസ് കഴിക്കുകയെന്നതാണ് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പാലിക്കേണ്ട മറ്റൊരു 'ടിപ്' ആയി പൂജ പറയുന്നത്. ഇത് ചര്‍മ്മത്തില്‍, പ്രത്യേകിച്ച് മുഖത്ത് വരാന്‍ സാധ്യതയുള്ള മാറ്റങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നു. 

 

 

വ്യായാമം ചെയ്യുമ്പോള്‍ വ്യക്തികള്‍ എപ്പോഴും അവരവരുടെ ശരീരത്തിന്റെ പ്രത്യേകതയ്ക്കും, പ്രായത്തിനും, ആരോഗ്യാവസ്ഥകള്‍ക്കും, ഡയറ്റിനുമെല്ലാം അനുസരിച്ചാണ് അത് പിന്തുടരേണ്ടത്. ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു പ്രധാന വിവരം കൂടി പൂജ പങ്കുവയ്ക്കുന്നു. 'അമിതമായ വ്യായാമം' നന്നല്ല എന്നാണ് പൂജ അഭിപ്രായപ്പെടുന്നത്. ഇത് ചര്‍മ്മത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

ഇതോടൊപ്പം തന്നെ വെളിച്ചെണ്ണ, നട്ട്‌സ്, സീഡ്‌സ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പും കഴിക്കണമെന്നും പൂജ ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ എന്താണ് കഴിക്കുന്നത്, അതിന്റെ തന്നെ പ്രതിഫലനമാണ് നമ്മുടെ ചര്‍മ്മമെന്നും, ചര്‍മ്മസംരക്ഷണത്തില്‍ അത്രമേല്‍ പ്രധാനമാണ് ഭക്ഷണമെന്നും പൂജ അടിവരയിട്ട് പറയുന്നു.

Also Read:- പതിവായി വ്യായാമം ചെയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അറിയേണ്ടത്...

click me!