വ്യായാമം ചെയ്യുന്നവരാകട്ടെ, പല തരത്തിലുള്ള തെറ്റായ ശീലങ്ങളും ഇതിനൊപ്പം പുലര്‍ത്താറുണ്ട്. അതിലൊന്നാണ് 'ഡയറ്റ് മിസ്റ്റേക്‌സ്'. വ്യായാമം ചെയ്യുന്നവര്‍ അതിന് മുമ്പായി കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചോ അതിന് ശേഷം കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചോ മറ്റ് ഡയറ്റ് വിവരങ്ങളെ കുറിച്ചോ അന്വേഷിക്കുന്നത് കുറവാണ്

വണ്ണം കുറയ്ക്കാനും, ജീവിതശൈലീരോഗങ്ങളെ അകറ്റാനുമാണ് മിക്കവരും വ്യായാമത്തെ ആശ്രയിക്കുന്നത്. ശരീരസൗന്ദര്യത്തിന് വേണ്ടി ചെയ്യുന്ന 'ബോഡി ബില്‍ഡിംഗ്'ഉം ആരോഗ്യകരമായ ജീവിതത്തിന് വേണ്ടി ചെയ്യുന്ന 'ഫിറ്റ്‌നസ്' പരിശീലനവും രണ്ടായി തന്നെ കണക്കാക്കപ്പെടുന്നതും ഇതിനാലാണ്. 

വ്യായാമം ചെയ്യുന്നവരാകട്ടെ, പല തരത്തിലുള്ള തെറ്റായ ശീലങ്ങളും ഇതിനൊപ്പം പുലര്‍ത്താറുണ്ട്. അതിലൊന്നാണ് 'ഡയറ്റ് മിസ്റ്റേക്‌സ്'. വ്യായാമം ചെയ്യുന്നവര്‍ അതിന് മുമ്പായി കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചോ അതിന് ശേഷം കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചോ മറ്റ് ഡയറ്റ് വിവരങ്ങളെ കുറിച്ചോ അന്വേഷിക്കുന്നത് കുറവാണ്. 

എന്നാല്‍ ഏത് തരം വ്യായാമമാണ് നിങ്ങള്‍ ചെയ്യുന്നത് എന്നതിന് അനുസരിച്ച് ഡയറ്റ് ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം വ്യായാമം ദോഷകരമായി ശരീരത്തെയും മനസിനെയും ബാധിച്ചേക്കാം. വര്‍ക്കൗട്ടിന് മുമ്പുള്ള ഭക്ഷണത്തെ കുറിച്ച് മനസിലാക്കുന്നവരെക്കാള്‍ കുറവാണ് വര്‍ക്കൗട്ടിന് ശേഷമുള്ള ഭക്ഷണത്തെ കുറിച്ച് അന്വേഷിക്കുന്നവര്‍. 

വ്യായാമം കഴിഞ്ഞ് എപ്പോഴാണ് അടുത്ത ഭക്ഷണം കഴിക്കേണ്ടത്? കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളില്‍ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്? പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര പറയുന്നത് ശ്രദ്ധിക്കൂ...

View post on Instagram

'വ്യായാമം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. പേശീകലകളെ, ശരീരത്തിലെ ജലാംശത്തെ, പോഷകാംശങ്ങളെ എല്ലാം വ്യായാമം സ്വാധീനിക്കുന്നു. അതിനാല്‍ തന്നെ വ്യായാമത്തിന് മുമ്പത്തെ പോലെ തന്നെ ശേഷമുള്ള ഡയറ്റിലും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. പേശീവേദന, നിര്‍ജലീകരണം എന്നിവയെ എല്ലാം പരിഹരിക്കാനും, പേശീബലം വര്‍ധിപ്പിക്കാനും പ്രതിരോധ വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കാതിരിക്കാനുമെല്ലാം ഈ ജാഗ്രത ആവശ്യമാണ്..'- ലവ്‌നീത് ബത്ര പറയുന്നു. 

ഈ വിഷയത്തെ കുറിച്ച് സമഗ്രമായി സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ലവ്‌നീത് പങ്കുവച്ചിരിക്കുന്നത്. 

'ഏത് തരം വ്യായാമമാണ് നമ്മള്‍ പിന്തുടരുന്നത് എന്നത് പ്രധാനമാണ്. എത്ര തീവ്രമായ രീതിയാണ്, എത്ര സമയമാണ് ഇതിനായി എടുക്കുന്നത് എന്നതിനെല്ലാം അനുസരിച്ചാണ് ഡയറ്റില്‍ മാറ്റം വരുത്തേണ്ടത്. ഉദാഹരണത്തിന് വളരെ ലളിതമായ വര്‍ക്കൗട്ടിന് ശേഷം ഇളനീരില്‍ മുരിങ്ങ പൗഡര്‍ ചേര്‍ത്താണ് ഞാന്‍ കഴിക്കാറ്. ഇത് ഞാന്‍ ചെയ്ത ലളിതമായ വര്‍ക്കൗട്ടിനെ ഫലപ്രദമാക്കുന്ന പാനീയമാണ്...' ലവ്‌നീത് പറയുന്നു. 

വര്‍ക്കൗട്ട് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് സ്‌നാക്‌സോ മറ്റ് ഭക്ഷണമോ കഴിക്കേണ്ടതെന്നും വെള്ളം കുടിക്കുന്ന കാര്യത്തില്‍ ഏത് വര്‍ക്കൗട്ടാണെങ്കില്‍ കാര്യമായ ശ്രദ്ധ ചെലുത്തണമെന്നും ലവ്‌നീത് ഓര്‍മ്മിപ്പിക്കുന്നു. വര്‍ക്കൗട്ടിന് മുമ്പോ ശേഷമോ മാത്രമല്ല, ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- മുരിങ്ങ കഴിക്കാത്തവരും കഴിച്ചുപോകും, അത്രയും ആരോഗ്യഗുണങ്ങളുള്ള ഭക്ഷണം...