
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന തരത്തിലുള്ള പല സംഭവങ്ങളും അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മൂന്ന് മാസം മുമ്പാണ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ച നവജാതശിശുവിന്റെ മൃതദേഹം വിട്ടുകിട്ടിയപ്പോള്‍ അതില്‍ ഏതോ മൃഗത്തിന്റെ പല്ല് തട്ടി മുറിഞ്ഞ പാട് ബന്ധുക്കള്‍ കണ്ടെത്തിയതായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
യുപിയിലെ അലിഗഢിലായിരുന്നു ആ സംഭവം നടന്നത്. അതിന് ശേഷം നവംബറില്‍ വാഹനാപകടത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിക്കകത്ത് വച്ച് പട്ടി കരണ്ടുതിന്നുന്ന ദൃശ്യം പുറത്തുവന്നിരുന്നു. സംഭാലില്‍ നിന്നായിരുന്നു ഹൃദയം മുറിപ്പെടുത്തുന്ന ഈ ദൃശ്യം പുറത്തുവന്നിരുന്നത്.
ഇപ്പോഴിതാ വീണ്ടും യുപിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. മൊറാദാബാദ് ജില്ലാ ആശുപത്രിക്കകത്ത് പട്ടികള്‍ സൈ്വര്യവിഹാരം നടത്തുന്നതാണ് ചിത്രങ്ങളിലുള്ളത്.
ഇവിടെ ചികിത്സയിലുള്ള രോഗികളും അവരുടെ ബന്ധുക്കളുമെല്ലാം ഈ വിഷയത്തില്‍ തങ്ങള്‍ നേരിടുന്ന വിഷമതകള്‍ പറഞ്ഞതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശുപത്രിയുടെ ഗേറ്റില്‍ കാവല്‍ക്കാരുണ്ട്. എന്നാല്‍ അവര്‍ ഇക്കാര്യങ്ങളൊന്നും ഗൗനിക്കാറില്ല. പട്ടികള്‍ നേരെ അകത്തേക്ക് കയറിവരും. ബെഡുകളിലെല്ലാം കിടക്കും. എന്തെല്ലാം തരത്തിലുള്ള രോഗാണുക്കളാണ് ഇതുവഴി രോഗികളിലെത്തുകയെന്നത് നിശ്ചയമില്ല. പട്ടികള്‍ തങ്ങളെ ആക്രമിക്കുമോ എന്ന് പോലും ഭയന്നാണ് പലപ്പോഴും രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയില്‍ കഴിയുന്നത്- ആശുപത്രിയെക്കുറിച്ച് തങ്ങള്‍ക്ക് ലഭിച്ച പരാതിയായി എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
പല തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നായിരുന്നു രോഗികള്‍ പരാതിപ്പെട്ടിരുന്നത്. എന്തായാലും ചിത്രങ്ങള്‍ ചര്‍ച്ചയായതോടെ ഇപ്പോള്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍.
Also Read:- ബാലികയുടെ മൃതദേഹം കരണ്ടുതിന്നുന്ന തെരുവുപട്ടി; യുപിയില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam