'ശരീരത്തിലെ അസാധാരണമായ മാറ്റം അവഗണിക്കരുത്'; കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ 2 ദിവസം കാന്‍സർ സ്‌ക്രീനിങ്

Published : May 13, 2025, 03:55 PM IST
'ശരീരത്തിലെ അസാധാരണമായ മാറ്റം അവഗണിക്കരുത്'; കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ 2 ദിവസം കാന്‍സർ സ്‌ക്രീനിങ്

Synopsis

എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. 

എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ 15.5 ലക്ഷത്തോളം പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തി. ഇവരില്‍ ആവശ്യമായവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 242 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും.

പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. പുരുഷന്‍മാരില്‍ വായ്, മലാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, കരള്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് കൂടുതലായി കാണുന്നത്. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങള്‍ പുരുഷന്മാരിലെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വായ, ശ്വാസകോശം, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സറിന് പ്രധാന കാരണമാണ്. അതുപോലെ മദ്യപാനം കരള്‍, അന്നനാളം, വായ എന്നിവിടങ്ങളിലെ കാന്‍സറിന് സാധ്യത കൂട്ടുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവയും പ്രധാനമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ അവഗണിക്കരുത്. അമിതമായി ഭാരം കുറയുക, വിട്ടുമാറാത്ത ചുമ അല്ലെങ്കില്‍ ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസം, ശരീരത്തിലെ മുഴകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ചില കാന്‍സറുകള്‍ പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. അതിനാല്‍, കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് രോഗം നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. അതിനാല്‍ എല്ലാവരും സ്‌ക്രീനിംഗ് സൗകര്യമുള്ള തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്‌ക്രീനിംഗില്‍ പങ്കെടുക്കേണ്ടതാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രി, സ്വകാര്യ ലാബുകള്‍ എന്നിവരും സഹകരിക്കുന്നുണ്ട്. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍പരിചരണവും ലഭ്യമാക്കുന്നതാണ്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന പ്രമേഹത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ