
ഉറക്കക്കുറവ് ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ബയോമാർക്കർ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഉപ്സാല സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. രാത്രിയിൽ വളരെ കുറച്ച് ഉറങ്ങുന്നത് പോലും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂട്ടാമെന്ന് ഗവേഷകർ പറയുന്നു.
സ്വീഡനിലെ പകുതിയോളം പേർക്കും പ്രത്യേകിച്ച് ഷിഫ്റ്റ് ജോലിക്കാർക്കിടയിൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഉറക്കക്കുറവ് ഹൃദ്രോഗ സാധ്യത എങ്ങനെ വർദ്ധിപ്പിക്കുന്നുവെന്നും ഇത് എങ്ങനെ തടയാമെന്നും മനസ്സിലാക്കുകയാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഉപ്സാല സർവകലാശാലയിലെ ഗവേഷകനായ ജോനാഥൻ സെഡെർനെസ് പറഞ്ഞു.
ഉറക്കക്കുറവ് മൂലം ഹൃദയാഘാതം, പക്ഷാഘാതം, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയവ പിടിപെടുന്നവരുടെ എണ്ണം ഇന്ന് കൂടിയിട്ടുണ്ട്. ആരോഗ്യകരമായ ഉറക്കം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുവെന്നും ജോനാഥൻ പറഞ്ഞു.
16 ആരോഗ്യമുള്ള യുവാക്കളിൽ പഠനം നടത്തി. രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചു. നന്നായി ഉറങ്ങുന്ന കൂട്ടരും (ഒരു രാത്രിയിൽ ഏകദേശം 8.5 മണിക്കൂർ) വളരെ കുറച്ച് ഉറങ്ങുന്നവരും (ഒരു രാത്രിയിൽ 4.25 മണിക്കൂർ മാത്രം). പരീക്ഷണത്തിലുടനീളം, ഗവേഷകർ രക്തത്തിലെ പ്രോട്ടീൻ അളവ് നിരീക്ഷിച്ചു. എല്ലാ രാവിലെയും വൈകുന്നേരവും തീവ്രമായ വ്യായാമ സെഷനുകളിലും നൽകി.
ഉറക്കം മൊത്തത്തിലുള്ള ഹൃദയാഘാത സാധ്യതയെ മാത്രമല്ല, ദിവസം മുഴുവൻ നിർണായകമായ ഉപാപചയ പ്രക്രിയകളെ ശരീരം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ബാധിക്കുമെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഉറക്കക്കുറവ് ഉള്ള വ്യക്തികൾക്ക് ദൈനംദിന താളത്തിൽ മാറ്റം വരുത്തുന്നതിലൂടെ ഹൃദയ സംബന്ധമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ കാണാനായി.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോശം ഉറക്കവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനും പതിവായി ശാരീരിക വ്യായാമം ചെയ്യുന്നത് ശീലമാക്കാവുന്നതാണെന്നും ഗവേഷകർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam