
തിരക്കേറിയ ജീവിതശൈലി കാരണം ആരോഗ്യം ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടുന്നില്ല. പലരും പ്രഭാതഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിന് പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങളായിരിക്കണം കഴിക്കേണ്ടത്. പോഷകങ്ങളുടെ ശരിയായ മിശ്രിതം ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
പലപ്പോഴും തിരക്കിനിടയിൽ സമയം ലാഭിക്കുന്നതിന് ജങ്ക് ഫുഡിനും ഫാസ്റ്റ് ഫുഡിനും കഴിക്കുന്നവരാണ് അധികവും. എന്നാൽ ഈ ഭക്ഷണങ്ങൾ ഊർജ്ജം ഇല്ലാതാക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. നമ്മുടെ ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ആരോഗ്യം നിലനിർത്താൻ നമ്മെ സഹായിക്കും. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് നല്ല ആരോഗ്യം നേടാൻ സഹായിക്കുകയും രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ചില ഭക്ഷണ കോമ്പിനേഷനുകളെ കുറിച്ച് പോഷകാഹാര വിദഗ്ധ ത്രിപ്തി ടണ്ടൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അടുത്തിടെ പങ്കുവച്ചു.
ഗ്രീൻ ടീയും നാരങ്ങയും...
ഒരു കപ്പ് ഗ്രീൻ ടീയിൽ അൽപം നാരങ്ങ നീര് ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഗ്രീൻ ടീയിൽ നല്ല അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വൈജ്ഞാനിക പ്രവർത്തനത്തെ സഹായിക്കുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഗ്രീൻ ടീ മെറ്റബോളിസത്തെ അനുകൂലമായി ബാധിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഗ്രീൻ ടീ കാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും. ഗ്രീൻ ടീയിൽ കാറ്റെച്ചിനുകളും എപ്പികാടെച്ചിനുകളും ഉൾപ്പെടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫ്ലേവനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
വാൾനട്ടും ബ്ലൂബെറിയും...
ആരോഗ്യകരമായ കൊഴുപ്പുകളും ഉയർന്ന ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് വാൾനട്ട്. വാൾനട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും കാൻസർ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ബ്ലൂബെറി ആന്റിഓക്‌സിഡന്റുകളിൽ കൂടുതലുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ബ്ലൂബെറി, വാൾനട്ട് എന്നിവയുടെ മിശ്രിതം ആരോഗ്യത്തിന് കൂടുതൽ നല്ലതാണ്.