ദിവസവും ടോയ്‌ലറ്റിൽ 20 മിനിറ്റ് കൂടുതൽ മലവിസർജ്ജനത്തിന് ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഡോക്ടർ പറയുന്നത്

By Web TeamFirst Published Jan 8, 2020, 2:03 PM IST
Highlights

ഗ്രാവിറ്റി പ്രഷര്‍ കൂടുതലായി ഉണ്ടായിട്ട് ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് രക്തക്കുഴലുകള്‍ അല്‍പം വികസിച്ചായിരിക്കും ഉണ്ടാവുക. ഇങ്ങനെ വികസിച്ചിട്ടുള്ള ആളുകള്‍ക്കാണ് ടോയ്‌ലറ്റില്‍ പോകുമ്പോള്‍ അരമണിക്കൂറും മുക്കാല്‍ മണിക്കൂറും ബുദ്ധിമുട്ടുന്നത്.

ദിവസവും ടോയ്‌ലറ്റിൽ 20 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മലവിസർജ്ജനത്തിന് വേണ്ടി ഇരിക്കുന്നവർ ഇന്ന് ഏറെയാണ്. ഒരു ദിവസം എത്ര നേരം മലവിസർജനത്തിനായി ടോയ്‌ലറ്റ് ഉപയോഗിക്കാം?.യഥാര്‍ത്ഥത്തില്‍ എത്ര സമയമാണ് മലവിസർജനത്തിന് പോകേണ്ടത്. ടോയ്ലറ്റിൽ കൂടുതല്‍ സമയം ഇരുന്നാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാര്‍ പറയുന്നു. 

നമ്മുടെ വന്‍കുടലിന്റെ ഘടന അതായത്, നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുഴുവന്‍ ദഹിച്ച് ചെറുകുടല്‍ മുതല്‍ ശരീരം വലിച്ചെടുത്ത് തുടങ്ങും. അവിടെ നിന്ന് ബാക്കിയുള്ളത് വന്‍കുടലിലേക്ക് പോകുന്നു. വന്‍കുടലില്‍ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ജലവും മറ്റ് ഘടകങ്ങളും വലിച്ചെടുത്തതിന് ശേഷം ബാക്കിയുള്ളവ വിസർജ്യമായിട്ട് പുറത്തേക്ക് തള്ളുന്നു. നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഈ മലം വന്‍കുടലില്‍ നിന്നും മലാശയത്തിലേക്ക് എത്തുമ്പോഴാണ് നമുക്ക് മലശോധന ഉണ്ടാകുന്നതെന്ന് ഡോ. രാജേഷ് പറയുന്നു. 

മെഡിക്കല്‍ സയിന്‍സിന്റെ പഠന പ്രകാരം യഥാര്‍ത്ഥത്തില്‍ ടോയ്‌ലറ്റില്‍ പോയി മലവിസര്‍ജനത്തിന് വെറും 12 സെക്കന്റിന്റെ ആവശ്യം മാത്രമേയുള്ളൂ. ഈ 12 സെക്കന്റിന്റെ ആവശ്യത്തിന് വേണ്ടി മാത്രമാണ് ഒരു മണിക്കൂര്‍ വരെ ടോയ്‌ലറ്റില്‍ പോയി സമയം കളയുന്നത്. അതായത്, മലാശയത്തിലേക്ക് മലം ശേഖരിച്ച് കഴിയുമ്പോള്‍ മാത്രമേ നമുക്ക് ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍ വരികയുള്ളൂ. അതിന് മുമ്പ് ടോയ്‌ലറ്റില്‍ പോയിരുന്നാല്‍ ഒരിക്കലും മലം താഴേക്ക് വരില്ല. 

മലം അഥവാ വിസര്‍ജ്യം വന്‍കുടലില്‍ നിന്ന് ക്രമേണ താഴേക്ക് വന്ന് മലാശയത്തിലേക്ക് എത്തിയിട്ട് ആയിരിക്കാം ഇത് ക്രമേണ പുറത്തേക്ക് പോകുന്നത്. ഒരുപക്ഷേ ടോയ്‌ലറ്റില്‍ പോയി ഇതിനായി കാത്തിരിക്കുന്ന സമയാണ് മുക്കാല്‍ മണിക്കൂര്‍. മുക്കാല്‍ മണിക്കൂറിന്റെ അവസാനമാണ് പലര്‍ക്കും മലം മലാശയത്തിലേക്ക് എത്തുന്നതും അവിടെ നിന്ന് പുറത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറയുന്നു.

പക്ഷേ അതിന് മുമ്പ് തന്നെ ഒരുപാട് പേര്‍ ടോയ്‌ലറ്റില്‍ പോയിരിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇതിന് അകത്തുള്ള അപകടം എന്താണെന്ന് പറഞ്ഞാല്‍, ടോയ്‌ലറ്റില്‍ പോയിരിക്കുന്നവര്‍ അവിടെ വെറുതെ ഇരിക്കുകയല്ല. മലം വരാനായി ഇടയ്ക്കിടെ മലാശയത്തിലേക്ക് സമ്മര്‍ദ്ദം കൊടുത്ത് കൊണ്ടേയിരിക്കും. ഇത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കാം. മലാശയത്തിന് താഴേ മൂന്ന് സെറ്റ് രക്തക്കുഴലുകളുണ്ട്. ഇന്ന് കൂടുതല്‍ പേരും കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നുള്ള ജോലിയാണ് ചെയ്യുന്നത്. 

അത് കൊണ്ട് തന്നെ തുടര്‍ച്ചയായി ഇരിക്കുന്ന സമയത്ത് മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ക്ക് അമിതമായി പ്രഷര്‍ ഉണ്ടാകുന്നു. ഗ്രാവിറ്റി പ്രഷര്‍ കൂടുതലായി ഉണ്ടായിട്ട് ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് രക്തക്കുഴലുകള്‍ അല്‍പം വികസിച്ചായിരിക്കും ഉണ്ടാവുക. ഇങ്ങനെ വികസിച്ചിട്ടുള്ള ആളുകള്‍ക്കാണ് ടോയ്‌ലറ്റില്‍ പോകുമ്പോള്‍ അരമണിക്കൂറും മുക്കാല്‍ മണിക്കൂറും ബുദ്ധിമുട്ടുന്നത്. ക്രമേണ ആ ഭാഗത്തുള്ള മസിലുകള്‍ വിക്കാവുകയും ഈ രക്തക്കുഴലും ആ ഭാഗത്തുള്ള മസിലുകളും താഴേക്ക് തങ്ങിവരികയും ചെയ്യുന്നു. 

ഇതിനാണ് സാധാരണ പൈല്‍സ് അഥവാ മൂലക്കുരു എന്ന് പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള തുടര്‍ച്ചയായിട്ടുള്ള സമ്മര്‍ദ്ദം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും പൈല്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. പലരും ടോയ്‌ലറ്റില്‍ പോയി കഴിയുമ്പോള്‍ ഈ രക്തക്കുഴലുകള്‍ പൊട്ടിയിട്ടാണ് ബ്ലീഡിംഗ് ഉണ്ടാവുന്നത്. അല്ലെങ്കില്‍ പൈല്‍സ് ഉണ്ടാവുന്നത്.

 ദിവസവും അരമണിക്കൂറോളം ടോയ്‌ലറ്റില്‍ പോയിരുന്ന് പ്രഷര്‍ കൊടുക്കുമ്പോള്‍ ഇത് ആ ഭാഗത്തുള്ള മസിലുകളെ വീക്കാക്കുന്നു. അതായത്, പൊതുവേ വ്യായാമം ചെയ്യാത്ത ശരീരം പ്രകൃതമുള്ള ആളുകള്‍ക്കാണെങ്കില്‍ അരക്കെട്ടിന് അകത്തുള്ള മസിലുകളൊക്കെ ഒരു പക്ഷേ വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് അല്‍പം ലൂസായിരിക്കാം. മസിലുകള്‍ റിലാക്‌സ് ആയിരിക്കാനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങള്‍ കൂടുലായിട്ട് ടോയ്‌ലറ്റില്‍ പോയി സ്‌ട്രെയ്ന്‍ ചെയ്യുന്ന സമയത്ത് മലാശയക്രമേണ താഴേക്ക് തള്ളിവരാനുള്ള സാധ്യതയുണ്ടെന്നും ഡോ. രാജേഷ് പറയുന്നു.

ഇത് പിന്നീട് സര്‍ജറിലൂടെ മാത്രമേ മാറ്റാൻ പറ്റുകയുള്ളൂ. പിന്നീട് ബ്ലീഡിംഗും പുകച്ചിലും അസ്വസ്ഥയും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകാം. ആരോഗ്യകരമായി ടോയ്‌ലറ്റ് ഉപയോഗിച്ച് തിരിച്ച് വരുന്നതിന് ഒരു മിനിറ്റ് മുതല്‍ ഏഴ് മിനിറ്റ് വരെ ചെലവഴിക്കുന്നത് വെറെ പ്രശ്‌നമുണ്ടാക്കില്ല. പക്ഷേ 10 മിനിറ്റിന് മുകളിലേക്ക് ടോയ്‌ലറ്റില്‍ ഇരുന്ന് സമയം ചെലവഴിക്കുന്നത് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം.

 മലബന്ധം പ്രശ്‌നമുള്ളവര്‍ ബാത്ത് റൂമില്‍ സ്‌ട്രെയ്ന്‍ ചെയ്യുമ്പോള്‍ രക്തക്കുഴലുകള്‍ വികസിക്കാനും മലം താഴേക്ക് വരുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മലബന്ധം ഉണ്ടെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, കൂടാതെ, വെള്ളം ധാരാളം കുടിക്കുകയും വേണമെന്ന് ഡോ.രാജേഷ് പറയുന്നു.

click me!