ഷീറ്റ് വിരിച്ച ടെറസിന് താഴെ നിന്ന് ജോലി ചെയ്തിട്ടും സൂര്യതാപമേറ്റു; യുവാവിന്റെ അനുഭവം പങ്കുവച്ച് ഡോക്ടർ

By Web TeamFirst Published Apr 3, 2019, 2:16 PM IST
Highlights

പതിനൊന്ന് മണി മുതൽ മൂന്ന് മണി വരെ വെയിലത്ത് ജോലി ഒഴിവാക്കുക. ഒഴിവാക്കാനാകാത്ത ചെറിയ ജോലികൾ ചെയ്താൽ തന്നെ തലയിൽ ഫിറ്റ് ചെയ്യാവുന്ന കുട വച്ചു മാത്രം ജോലി ചെയ്യുക. വെള്ളം ധാരാളം കുടിക്കുക. കൂടാതെ സംഭാരം, നാരങ്ങാ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ജ്യൂസ് എന്നിവ കുടിക്കുക. കുടിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പ് വരുത്തുക. 

സൂര്യതാപമേൽക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. സൂര്യതാപത്തെ നിസാരമായി കാണേണ്ട ഒന്നല്ലെന്ന് ഡോ.ഷിനു ശ്യാമളൻ പറയുന്നു. സൂര്യതാപമേറ്റ് ഒരാൾ ഒ പിയിൽ വന്നു. അമിതമായി വിയർക്കുന്നുണ്ടായിരുന്നു. നല്ല പോലെ ക്ഷീണവും ഉണ്ട്. പട്ടാമ്പിയിലാണ് അയാൾ ജോലി ചെയ്യുന്നത്.

ഷീറ്റ് വിരിച്ച ടെറസിന് താഴെ നിന്നാണ് അയാൾ ജോലി ചെയ്തത്. എന്നിട്ടും സൂര്യതാപമേറ്റു. വെയിൽ നേരിട്ട് ശരീരത്തിൽ തട്ടേണ്ടതില്ല. എന്നൊരു ഓർമ്മപ്പെടുത്തലാണ് ഈ ചെറുപ്പകാരന്റെ അനുഭവമെന്ന് ഡോ.ഷിനു ശ്യാമളൻ ഫേസ് ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. 

ഡോ. ഷിനു ശ്യാമളന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

സൂര്യതാപമേറ്റ് ഇന്ന് ഒ.പി യിൽ വന്ന ആളുടെ ചിത്രമാണ് താഴെ. പട്ടാമ്പിയിലാണ് അയാൾ ജോലി ചെയ്തത്. അയാൾ പറയുന്നത് ഇങ്ങനെ. ഷീറ്റ് വിരിച്ച ടെറസിന് താഴെ നിന്നാണ് ജോലി ചെയ്തത്. പെട്ടെന്ന് അമിതമായി വിയർപ്പ് അനുഭവപ്പെട്ടു. ക്ഷീണവും. പുറത്തു എന്തോ സംഭവിക്കുന്നത് പോലെ. വെയിൽ നേരിട്ട് ശരീരത്തിൽ തട്ടേണ്ടതില്ല എന്നൊരു ഓർമ്മപ്പെടുത്തലാണ് ഈ ചെറുപ്പകാരന്റെ അനുഭവം.

കഴിഞ്ഞ ദിവസത്തെ പോസ്റ്റ് വീണ്ടും ഇതോടൊപ്പം ഷെയർ ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച്ചയിൽ സൂര്യതാപമേറ്റത് നൂറിൽ പരം ആളുകൾക്കാണെന്നാണ് പറയുന്നത്. സൂര്യതാപമേറ്റ് മൂന്ന് പേർ മരിച്ചതായി പറയപ്പെടുന്നു. ഈ വരുന്ന ദിവസങ്ങളിൽ ചൂട് കൂടുവാൻ സാധ്യതയുണ്ട്. അതിനാൽ അതീവ ജാഗ്രത ആവശ്യമാണ്.

പതിനൊന്ന് മണി മുതൽ മൂന്ന് മണി വരെ വെയിലത്ത് ജോലി ഒഴിവാക്കുക. ഒഴിവാക്കാനാകാത്ത ചെറിയ ജോലികൾ ചെയ്താൽ തന്നെ തലയിൽ ഫിറ്റ് ചെയ്യാവുന്ന കുട വച്ചു മാത്രം ജോലി ചെയ്യുക. വെള്ളം ധാരാളം കുടിക്കുക. കൂടാതെ സംഭാരം, നാരങ്ങാ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ജ്യൂസ് എന്നിവ കുടിക്കുക. കുടിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പ് വരുത്തുക. 

അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക. അടിവസ്ത്രങ്ങളും അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടൻ മാത്രം ഉപയോഗിക്കുക.

ഒരുപാട് ആഭരണങ്ങൾ ഉപയോഗിക്കാതെയിരിക്കുക.

ദേഹത്ത് സൻസ്ക്രീൻ ലോഷൻ 30 spf ഉള്ളത് വാങ്ങി ശരീരത്തിൽ പുരട്ടുക.

വെയിലത്ത് നിന്നാൽ ഉടനെ തന്നെ തണലിലേയ്ക്ക് മാറി നിന്ന് കുറച്ചു നേരം വിശ്രമിച്ചതിന് ശേഷവും മതിയായ വെള്ളം കുടിച്ചതിന് ശേഷവും മാത്രം യാത്രയോ ജോലിയോ തുടരുവാൻ പാടുള്ളൂ.

ഒരു കാരണവശാലും രാവിലെ 11 മുതൽ 3 മണി വരെ ബൈക്കിൽ യാത്ര ചെയ്യാതെയിരിക്കുക. ഒഴിവാക്കാനാവാത്ത യാത്രയാണെങ്കിൽ ഫുൾ സ്ലീവ് വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുക. ക്ഷീണമോ, ശാരീരിക അസ്വസ്ഥതയോ , അമിത വിയർ
പ്പോ തോന്നിയാൽ വണ്ടി ഓടിക്കരുത്. വഴിയിൽ തണലത്തു നിർത്തി വിശ്രമിക്കുക. ഉടനെ വൈദ്യസഹായം തേടുക. അല്ലെങ്കിൽ പൊലീസിന് വിളിക്കുക.

വീടിന്റെ ടെറസ്സ് ഓട് ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ വെള്ളനിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുക. ടെറസിൽ ചെടികൾ നട്ടുപിടിപ്പിക്കുക.

കൈയ്യിൽ എപ്പോഴും കുട കരുതുക. രണ്ടു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം കയ്യിൽ എപ്പോഴും കരുതുക. അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ കൂടുമ്പോൾ വെള്ളം കുടിക്കുക.

ഷൊർണൂർ ഒരു അമ്മ ടെറസിൽ നിന്ന് മുലയൂട്ടിയപ്പോൾ മരണപ്പെട്ടിരുന്നു. കഴിവതും നട്ടുച്ചയ്ക്ക് ടെറസിൽ പോകാതെയിരിക്കുക.

ഇന്നലെ പാടത്ത് പണിയെടുത്ത ഒരു അച്ഛൻ മരിച്ചതായി കണ്ടെത്തിയിരുന്നു. ഒരിക്കലും ഒറ്റയ്ക്ക് വെയിലത്ത് പണിയെടുക്കരുത്. കഴിവതും കൂടെയാരെയെങ്കിലും കൂടെ കൂട്ടുക.

ദൂരെ യാത്രങ്ങൾ കഴിവതും ഉച്ച സമയത്തു വേണ്ടെന്ന് വയ്ക്കുക. വെയിൽ നേരിട്ട് അടിക്കേണ്ട ആവശ്യമില്ല. കൊടും ചൂടിൽ തണലിൽ നിൽക്കുന്ന ആൾക്കും സൂര്യതാപമേൽക്കാം. അതുകൊണ്ട് 11 മണി മുതൽ 3 വരെ വീടുകളിൽ വിശ്രമിക്കുന്നത് നല്ലത്.

കടുത്ത ക്ഷീണം, അമിത വിയർപ്പ്, മൂത്രം കുറവ്, ഹൃദയമിടിപ്പ് കൂടുക, ശ്വാസോച്ഛ്വാസം കൂടുക, തളർച്ച, തലവേദന, ഛർദ്ദി, വിയർക്കാത്ത അവസ്‌ഥ, ബോധക്ഷയം, തലകറക്കം എന്നിവ അനുഭവപ്പെടാൽ ഉടനെ വൈദ്യസഹായം തേടുക. ഉറ്റവരെ വിളിച്ചു അറിയിക്കുക.

ഇനി അഥവാ ആരെയെങ്കിലും സൂര്യതാപമേറ്റ നിലയിൽ നിങ്ങൾ കണ്ടാൽ ഉടനെ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ ലൂസാക്കി വെള്ളം തളിച്ചു കിടത്തുക. കുടിക്കുവാൻ ഉപ്പും പഞ്ചസാരയും ചേർന്ന പാനീയങ്ങൾ നൽകുക. മതിയായ വായുസഞ്ചാരം ഉറപ്പ് വരുത്തുക. ഉടനെ വൈദ്യസഹായം തേടുക. എത്രയും വേഗം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുക.

കടുത്ത വെയിൽ അവഗണിക്കരുത്. അവഗണനയല്ല ആവശ്യം കരുതലാണ്. " എനിക്കൊരു കുഴപ്പവും വരില്ല. ഈ വെയിലൊക്കെ എത്ര കൊണ്ടിരിക്കുക" എന്ന ധാർഷ്ട്യം പാടില്ല. നമ്മുടെ മുന്നിൽ വെയിൽ അവഗണിച്ചവരുടെ അവസ്‌ഥ നാം വാർത്തകളിൽ കാണുകയാണ്. ജാഗ്രത കൂടിയേ തീരൂ. ചൂട് അസഹനീയമാകും വിധം ഉയരുകയാണ്. അതീവജാഗ്രത കൂടിയേ മതിയാകു.

click me!