മുഴകൾ ഉണ്ടെങ്കിൽ ഗർഭാശയം മുഴുവനായും നീക്കം ചെയ്യേണ്ട ആവശ്യമുണ്ടോ...?

By Web TeamFirst Published Jul 11, 2021, 3:08 PM IST
Highlights

ഗർഭാശയ മുഴകളെക്കുറിച്ചും അവയുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഗൈനക്കോളജിസ്റ്റും വന്ധ്യത സ്പെഷ്യലിസ്റ്റുമായ ഡോ. പി ഷൈജസിനോട് നമുക്ക് ചോദിച്ചറിയാം...

വന്ധ്യതാചികിത്സയ്ക്കെത്തിയ 29 വയസ്സുകാരിയുടെ ഗർഭാശയത്തിൽ നിന്ന്‌ 40 മുഴകൾ നീക്കം ചെയ്യപ്പെട്ട വാർത്ത നമ്മൾ അറിഞ്ഞതാണ്. കണ്ണൂർ കിംസ്റ്റ് ആശുപത്രിയിലാണ് ഈ അപൂർവ ശസ്ത്രക്രിയ നടന്നത്. ഗൈനക്കോളജിസ്റ്റും വന്ധ്യത സ്പെഷ്യലിസ്റ്റുമായ ഡോ പി ഷൈജസിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് മുഴകൾ നീക്കം ചെയ്തതു.

അനസ്തേഷ്യ വിഭാഗം മേധാവി ഡോ. കെ കെ. സുധാകരൻ, ഗൈനക്കോളജിസ്റ്റ് ഡോ. കെ ടി. അനിത, സ്റ്റാഫ്‌ നഴ്സുമാരായ ജാനറ്റ്, സുമനേഷ്, ബിന്ദു, ഷൈമ, അനസ്തേഷ്യ ടെക്‌നീഷ്യൻ നജീബ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

 

 

ഗർഭാശയ മുഴകളെക്കുറിച്ചും അവയുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഡോ. പി ഷൈജസിനോട് നമുക്ക് ചോദിച്ചറിയാം...

1. ഇത്രയധികം മുഴകളൊക്കെ ഗർഭാശയത്തിൽ സാധാരണയായി കാണാറുണ്ടോ?

ഉത്തരം:  ഒന്നിൽ കൂടുതൽ മുഴകളൊക്കെ പലപ്പോഴും കാണാറുണ്ട്. പക്ഷെ ഈ രോഗിയിൽ കണ്ടത് പോലെ, ഏകദേശം 7 മാസം ഗർഭാവസ്ഥയുടെ വലുപ്പത്തിൽ, 40 മുഴകളൊക്കെ കാണുന്നത് അസാധാരണമാണ്, പ്രത്യേകിച്ചും 29 എന്ന ഈ ചെറിയ പ്രായത്തിൽ.

2.രോഗി അറിയാതെ ഇത് എങ്ങനെ ഇത്രയ്ക്കു വളർന്നു?

ഉത്തരം : വളരെ പ്രസക്തമായ ഒരു ചോദ്യമാണത്. സാധാരണ ഗതിയിൽ പതുക്കെ മാത്രം വളരുന്ന മുഴകളാണ് ഫൈബ്രോയിഡുകൾ. അപൂർവം ചില ഘട്ടങ്ങളിൽ മാത്രമേ അവ വളരുന്നതിന്റെ വേഗത കൂടാറുള്ളൂ.
ഒരു പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ, ഏകദേശം 50 ശതമാനത്തോളം മുഴകൾ ലക്ഷണങ്ങൾ ഉണ്ടാക്കാറേയില്ല. ഗർഭാശയത്തിന്റെ ഉള്ളിലുള്ള അറയെ (എന്റോമെട്രിയൽ കാവിറ്റി ) ബാധിക്കാത്ത മുഴകളാണ് ഇവ. അതിനാൽ രോഗി ഈ മുഴകൾ ഉണ്ടെന്നത് അറിഞ്ഞില്ലെന്നും വരാം.

3. ഇത് പോലെ കൂടുതൽ മുഴകൾ ഉണ്ടെങ്കിൽ എന്തായാലും ഗർഭാശയം മുഴുവനായും നീക്കം ചെയ്യേണ്ടി വരും എന്നാണല്ലോ കേട്ടിട്ടുള്ളത് ?

ഉത്തരം : പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണ മാത്രമാണത്. കുട്ടികൾ ഇല്ലാത്തവർ, ഇനിയും കുട്ടികൾ വേണം, എന്നാഗ്രഹിക്കുന്നവർ, കുട്ടികളൊക്കെയുണ്ട്, പക്ഷെ മെൻസസ് നിലനിർത്താൻ വേണ്ടി ഗർഭാശയം നിലനിർത്തണം എന്നാഗ്രഹിക്കുന്നവർ, ഇവർക്കൊക്കെ വേണ്ടിയുള്ളതാണ്, മയോമെക്ടമി അഥവാ ഗർഭാശയ മുഴ നീക്കം ചെയ്യൽ ശസ്ത്രക്രിയ. 

4. 40 മുഴകൾ നീക്കം ചെയ്ത ഈ സർജറി നടപ്പിലാക്കുമ്പോൾ, നേരിടേണ്ടി വന്ന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

ഉത്തരം: ഇത്രയും അധികം മുഴകൾ നീക്കം ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി സർജറി സമയത്തും അതിന് ശേഷവും ഉണ്ടായേക്കാവുന്ന രക്തനഷ്ടം തന്നെയാണ്.  എന്നാൽ താത്കാലികമായി ഗർഭാശയത്തിലേക്കുള്ള രക്തസഞ്ചാരം കുറയ്ക്കാനുള്ള വഴികൾ ഇന്ന് നമുക്കുണ്ട്. അവ ഉപയോഗിച്ച് ഇത്തരം സങ്കീർണതകൾ കഴിയുന്നത്ര കുറയ്ക്കുവാൻ സാധിക്കും.

5. എന്തൊക്കെ ലക്ഷണങ്ങളാണ് ഫൈബ്രോയിഡുകൾ സാധാരണ ഉണ്ടാക്കാറുള്ളത്?

ഉത്തരം : ആർത്തവ സമയത്തുള്ള അമിതമായ രക്തപോക്ക്. ആർത്തവ സമയത്ത് ഉണ്ടാവുന്ന കഠിനമായ വയറു വേദന, ഗർഭാശയത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മൂത്രസഞ്ചി, വൻകുടൽ, വൃക്കയേയും മൂത്രസഞ്ചിയേയും ബന്ധിപ്പിക്കുന്ന യുറീറ്റർ എന്നീ അവയങ്ങളുടെ മേലുള്ള സമ്മർദ്ദം കൊണ്ടുണ്ടാവുന്ന മൂത്രതടസ്സം, മലബന്ധം പോലുള്ള പ്രശ്നങ്ങൾ. ചില സാഹചര്യങ്ങളിൽ, ഫൈബ്രോയിഡുകൾ ഗർഭിണിയാവാൻ തടസ്സമോ അല്ലെങ്കിൽ ആവർത്തിച്ചുള്ള ഗർഭം അലസി പോവലിനോ കാരണം ആയേക്കും.  മുഴകൾ ഒരു പരിധിയിൽ കൂടുതൽ വലുപ്പം വച്ചാൽ, അടിവയറിനു ഭാരമായോ അസ്വസ്ഥതയായോ അനുഭവപ്പെട്ടേക്കാം.

6. ഈ മുഴകൾ എങ്ങനെ കണ്ടെത്താം?

ഉത്തരം : ഒരു ഗൈനക്കോളജിസ്റ്റിന്റെ പരിശോധനയും, സാധാരണ ചെയ്യപ്പെടുന്ന ഒരു അൾട്രാസൗണ്ട് സ്കാനും മാത്രം മതിയാവും ഈ മുഴകൾ കണ്ടെത്താൻ.

ഡോ. പി ഷൈജസ്
ഗൈനക്കോളജിസ്റ്റ് & വന്ധ്യത സ്പെഷ്യലിസ്റ്റ്
ARMC ഫെർട്ടിലിറ്റി സെന്റർ &
കിംസ്റ്റ് ഹോസ്പിറ്റൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!