മുടിയുടെ കട്ടി കുറയുന്നതിന് 'ബയോട്ടിന്‍' സപ്ലിമെന്റ് പരിഹാരമോ?

By Web TeamFirst Published Jul 10, 2021, 9:19 PM IST
Highlights

നാം സാധാരണഗതിയില്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് തന്നെയാണ് 'ബയോട്ടിന്‍' ലഭ്യമാകുന്നത്. എന്നാല്‍ ഇതില്‍ കുറവ് നേരിടുന്നുവെന്ന് മനസിലാകുന്ന പക്ഷം 'ബയോട്ടിന്‍' സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. എന്നാല്‍ ഇത് കൃത്യമായും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ചെയ്യാവൂ
 

'ബയോട്ടിന്‍' എന്നത് ബി കോംപ്ലക്‌സ് ഗണത്തിലുള്‍പ്പെടുന്നൊരു വൈറ്റമിന്‍ ആണ്. മനുഷ്യശരീരത്തിന് സ്വന്തമായി ഇതുത്പാദിപ്പിക്കുക സാധ്യമല്ല. മിക്കവാറും ഭക്ഷണത്തിലൂടെ തന്നെയാണ് ഇവ ലഭിക്കുക. 

ഭക്ഷണത്തിലുള്ള അവശ്യപോഷകങ്ങളെ ഊര്‍ജ്ജമാക്കി മാറ്റുക എന്നതാണ് 'ബയോട്ടി'ന്റെ ഒരു ധര്‍മ്മം. ഇതിന് പുറമെ മുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവയുടെയെല്ലാം ആരോഗ്യം മെച്ചപ്പെടുത്താനും 'ബയോട്ടിന്‍' സഹായകമാണ്. അങ്ങനെയെങ്കില്‍ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് 'ബയോട്ടിന്‍' സപ്ലിമെന്റ്‌സ് കഴിക്കുന്നതിലൂടെ പരിഹാരം കാണാന്‍ സാധിക്കില്ലേ? 

ആരോഗ്യമുള്ള മുടിക്ക് 'ബയോട്ടിന്‍'?

നേരത്തേ സൂചിപ്പിച്ചത് പോലെ നാം സാധാരണഗതിയില്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് തന്നെയാണ് 'ബയോട്ടിന്‍' ലഭ്യമാകുന്നത്. എന്നാല്‍ ഇതില്‍ കുറവ് നേരിടുന്നുവെന്ന് മനസിലാകുന്ന പക്ഷം 'ബയോട്ടിന്‍' സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. 

 


എന്നാല്‍ ഇത് കൃത്യമായും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ചെയ്യാവൂ. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ, പ്രായം, ഡയറ്റ് തുടങ്ങി പല ഘടകങ്ങളും കണക്കിലെടുത്താണ് സപ്ലിമെന്റുകള്‍ എടുക്കേണ്ടത്. ബയോട്ടിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. 

ഇന്ന് മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ 'ബയോട്ടിന്‍' സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശപ്രകാരം 'ബയോട്ടിന്‍' എടുക്കുകയാണെങ്കില്‍ മുടിയുടെ കട്ടി കുറയുക, മടി പൊട്ടിപ്പോവുക, മുടി കൊഴിച്ചില്‍ തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആകും. 

'ബയോട്ടിന്‍' ഭക്ഷണങ്ങളിലൂടെ...

പരിപ്പ്-പയറുവര്‍ഗങ്ങള്‍, മീന്‍, മുട്ടയുടെ മഞ്ഞക്കരു, ചീസ്, സോയാബീന്‍, കോളി ഫ്‌ളവര്‍, കൂണ്‍, നട്ട്‌സ്, സീഡ്‌സ്, കപ്പലണ്ടി, കടും പച്ച നിറത്തിലുള്ള ഇലക്കറികള്‍ തുടങ്ങിയവയെല്ലാം 'ബയോട്ടി'ന്റെ പ്രകൃതിദത്തമായ ഉറവിടങ്ങളാണ്. ദിവസത്തില്‍ മുപ്പത് മുതല്‍ 100 മൈക്രോഗ്രാം വരെയാണ് മുതിര്‍ന്ന ഒരാളില്‍ എത്തേണ്ടത്. 

 

 

ഇത് സ്വാഭാവികമായും ഭക്ഷണങ്ങളിലൂടെ തന്നെ എത്താമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തരത്തില്‍ ആവശ്യമായ്തരയും 'ബയോട്ടിന്‍' ഭക്ഷണത്തിലൂടെ ലഭിക്കാതിരിക്കുന്ന സാഹചര്യവും വന്നേക്കാം. അത്തരം ഘട്ടങ്ങളില്‍ ക്രമേണ മുടിയുടെ ആരോഗ്യം ക്ഷയിക്കുക, മൂക്കിനും കണ്ണിനും വായ്ക്കും ചുറ്റിലുമായി ഇളം ചുവപ്പ് നിറത്തില്‍ ചര്‍മ്മത്തില്‍ വ്യത്യാസം കാണുക തുടങ്ങിയവയെല്ലാം സംഭവിക്കാം. ആദ്യമേ സൂചിപ്പിച്ചത് പോലെ നഖങ്ങളുടെ ആരോഗ്യവും ഇതിനൊപ്പം ദുര്‍ബമായി വരാം. 

പൊതുവേ 'ബയോട്ടിന്‍' കുറവ് അത്രയധികം പേരില്‍ കാണാറില്ലെന്നതാണ് വസ്തുത. എങ്കിലും മുടിയുടെയും നഖത്തിന്റെയുമെല്ലാം ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇക് സപ്ലിമെന്റായി കഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ബയോട്ടിന്റെ അളവ് അമിതമാകുന്നതും ശരീരത്തിന് ഗുണകരമല്ല. അതിനാല്‍ തന്നെ സപ്ലിമെന്റ്‌സ് എടുക്കുന്നതിന് മുമ്പ് തീര്‍ച്ചയായും ഫിസീഷ്യന്റെ നിര്‍ദേശം തേടുക. 

Also Read:- മുടി മുറിക്കുന്നത് മുടി കൊഴിച്ചിലിന് പരിഹാരമല്ല; ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങൾ

click me!