
മംഗളൂരു: പലയിടത്തും ചികിത്സ തേടിയ ഒമ്പതു വയസുകാരനെ കാൻസര്‍ മുക്തമാക്കി മംഗളൂരവിൽ നടന്ന അൂപര്‍വ്വ ശസ്ത്രക്രിയ. മംഗളൂരു യെനെപോയ മെഡിക്കൽ കോളേജിൽ ഡോക്ടർ ജലാലുദ്ദീൻ അക്ബറും സംഘവും ചേർന്നാണ് ഒമ്പത് വയസ്സുള്ള കുട്ടിക്ക് അപൂർവ ശസ്ത്രക്രിയ നടത്തിയത്. 10 മണിക്കൂർ നീണ്ടുനിന്ന പ്രക്രിയയിൽ ശ്വാസകോശത്തിലെ നാൽപതിലധികം കാൻസർ നിക്ഷേപങ്ങളാണ് നീക്കം ചെയ്തത്.
കുട്ടിക്ക് ഒമ്പതാം മാസം മുതൽ, ശരീരത്തിന്റെ നാല് വ്യത്യസ്ത ഭാഗങ്ങളിൽ കാൻസര്‍ ബാധ കണ്ടെത്തിയിരുന്നു. കണ്ണ്, തുടയെല്ല്, കുടൽ, ശ്വാസകോശം എന്നിവയിൽ ആയിരുന്നു കാൻസർ ബാധ. മധുരയിലെയും ഹൈദരാബാദിലെയും ആശുപത്രിയിൽ കണ്ണിലെ അർബുദത്തിന് കുട്ടി ചികിത്സയിലായിരുന്നു. തുടയിലെ അസ്ഥിയിലെ ട്യൂമറിന്, 2021-ൽ കൊച്ചിയിലും തിരുവനന്തപുരത്തും ചികിത്സ നടത്തി. 2022-ൽ, കാൻസര്‍ ശ്വാസകോശത്തിലേക്ക് പടരുന്നതിന് കൊച്ചിയിൽ ചികിത്സ നടത്തി.
2023ൽ തിരുവനന്തപുരത്ത് കുടലിലെ അർബുദത്തിനും ചികിത്സ തേടി. ഈ ചികിത്സകളുടെ തുടര്‍ച്ചയെന്നോണം, കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു കുട്ടി. ഈ സമയത്താണ് ശ്വാസകോശത്തിലേക്ക് രണ്ടാം ഘട്ടത്തിൽ വീണ്ടും കാൻസർ വികാസം ഉണ്ടായത്. ഇതിനായി വീണ്ടും ശസ്ത്രക്രിയ ആവശ്യമായി വരികയായിരുന്നു എന്നും ഡോക്ടര്‍ ജലാലുദ്ദീനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലുടനീളമുള്ള 250-ലധികം ആശുപത്രികൾ ഉൾക്കൊള്ളുന്ന നാഷണൽ ക്യാൻസർ ഗ്രിഡായിരുന്നു കുട്ടിയുടെ കാര്യങ്ങളിൽ തീരുമാനം എടുത്തത്. കാൻസർ നീക്കം ചെയ്യാൻ കുട്ടിക്ക് വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഒടുവിൽ വിദഗ്ധ തീരുമാനമെത്തി. വളരെ സങ്കീർണ്ണവും ബുദ്ധിമുട്ടുള്ളതുമായ ശസ്ത്രക്രിയ ആയതിനാൽ രോഗിയുടെ ബന്ധുക്കളോട് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലുമായോ, മംഗളൂരുവിൽ വെച്ച് എന്നെയോ കാണാൻ ആവശ്യപ്പെട്ടു. കുടുംബ താൽപര്യ പ്രകാരം മംഗളൂരുവിലേക്ക് അവര്‍ വന്നു.
9 വയസ്സുകാരൻ്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ
സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ട്യൂമർ ബോർഡിലെ ഡോക്ടര്‍മാര്‍ കേസ് ചർച്ച ചെയ്യുകയും, ശസ്ത്രക്രിയ യെനെപോയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്താൻ തീരുമാനിക്കുകയും ആയിരുന്നു. ശ്വാസകോശത്തിൽ നിന്ന് രണ്ട് വാരിയെല്ലുകൾക്കൊപ്പം എല്ലാ മുഴകളും നീക്കം ചെയ്തു. ഇന്ത്യയിൽ ഇതുവരെ നീക്കം ചെയ്തതിൽ വച്ച് ഏറ്റവും വലിയ കാൻസര്‍ ബാധയാണിത്. അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് ഒമ്പത് ദിവസത്തിനുള്ളിൽ കുട്ടി സുഖം പ്രാപിച്ചുവെന്നും ഡോ അക്ബർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം