ഈ നട്സ് ദിവസവും ഒരു പിടി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം

By Web TeamFirst Published Nov 25, 2022, 5:30 PM IST
Highlights

വൃക്ക, ഹൃദയം, കരൾ, പ്രത്യുത്പാദന വ്യവസ്ഥ എന്നിവയുൾപ്പെടെ ശരീരത്തെ മുഴുവൻ ബാധിക്കുന്ന ഒരു രോഗമാണ് പൊണ്ണത്തടി. അതിനാൽ, ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ആദ്യം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
 

ആരോഗ്യം നിലനിർത്താൻ ശരീരഭാരം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. പൊണ്ണത്തടി പല ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും ബദാം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ അവകാശപ്പെട്ടു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് പുതിയൊരു പ്രതീക്ഷയാണ് ഈ പഠനം നൽകുന്നതെന്ന് ​ഗവേഷകർ പറയുന്നു.

പഠനമനുസരിച്ച് 30 മുതൽ 50 ഗ്രാം വരെ ബദാം ഒരു ലഘുഭക്ഷണമായി കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ധാരാളം ആളുകൾ പലപ്പോഴും ജങ്ക് ഫുഡ് കഴിക്കുന്നു. ഇത് അവരുടെ കലോറി ഉപഭോഗം വർദ്ധിപ്പിക്കുന്നു. 

ബദാം കഴിക്കുന്നതിലൂടെ അവർക്ക് വിശപ്പ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും കഴിയും. ഗവേഷകരുടെ അഭിപ്രായത്തിൽ ബദാം നമ്മുടെ ശരീരത്തിന്റെ ഹോർമോൺ പ്രതികരണം മെച്ചപ്പെടുത്തുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും ബദാം കഴിക്കുന്നത് പ്രമേഹ സാധ്യതയും കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.

ബദാം കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധർ ഉറപ്പിച്ചു പറയുന്നു. രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുന്ന രാസവസ്തുക്കളുടെ അളവ് കുറയ്ക്കുന്ന ഘടകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ തടയാൻ സഹായിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാൻ പോലും ബദാം സഹായിക്കും.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോകത്ത് 100 കോടിയോളം ആളുകൾ പൊണ്ണത്തടി മൂലം ബുദ്ധിമുട്ടുന്നു. ഇതിൽ 65 കോടി മുതിർന്നവരും 34 കോടി കൗമാരക്കാരും 4 കോടി കുട്ടികളും ഉൾപ്പെടുന്നു. 2025-ഓടെ പൊണ്ണത്തടി കാരണം ലോകത്തിലെ 167 ദശലക്ഷം മുതിർന്നവരുടെയും കുട്ടികളുടെയും ആരോഗ്യം ഗുരുതരമായി ബാധിക്കപ്പെടുമെന്ന് ഡബ്ല്യുഎച്ച്ഒ പ്രവചിച്ചിട്ടുണ്ട്.

വൃക്ക, ഹൃദയം, കരൾ, പ്രത്യുത്പാദന വ്യവസ്ഥ എന്നിവയുൾപ്പെടെ ശരീരത്തെ മുഴുവൻ ബാധിക്കുന്ന ഒരു രോഗമാണ് പൊണ്ണത്തടി. അതിനാൽ, ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ആദ്യം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

 

click me!