ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 10 രോഗങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാമോ?

By Web TeamFirst Published Nov 25, 2022, 12:16 PM IST
Highlights

രാജ്യത്താണെങ്കില്‍ ഇന്ന് നിലനില്‍ക്കുന്ന അസുഖങ്ങള്‍, അവയ്ക്കുള്ള ചികിത്സാസൗകര്യങ്ങള്‍, സാമ്പത്തിക ചെലവ് എന്നിങ്ങനെ വെല്ലുവിളികള്‍ പലതാണ്. ലോകത്താകെയും മരുന്ന് നിര്‍മ്മാണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണെങ്കില്‍ കൂടിയും മരുന്നുകളുടെ വിലയും ഇവിടെ വലിയ പ്രശ്നം തന്നെയാണ്.

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ അനവധിയാണ്. ഇതിന് പുറമെ സീസണലായി വരുന്ന അസുഖങ്ങള്‍, പാരമ്പര്യമായി പിടിപെടുന്നവ, ജീവിതശൈലികളില്‍ നിന്നുണ്ടാകുന്നവ എന്നിങ്ങനെ പല തരത്തിലുള്ള അസുഖങ്ങളുമുണ്ട്. 

ഇന്ത്യ പോലൊരു രാജ്യത്ത് ഇന്നും ആതുരസേവന രംഗം ധാരാളം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയാം. കേരളത്തിലെ പൊതുജനാരോഗ്യ മേഖല പലപ്പോഴും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ വലിയ മെച്ചം പുലര്‍ത്തി കാണിക്കാറുണ്ട്. ഇത് മറ്റ് ഏത് മേഖലകളിലും കാലാകാലങ്ങളായി കേരളം പുലര്‍ത്തിവരുന്ന സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന്‍റെ ഒരു പതിപ്പ് തന്നെയായി കണക്കാക്കാം. 

രാജ്യത്താണെങ്കില്‍ ഇന്ന് നിലനില്‍ക്കുന്ന അസുഖങ്ങള്‍, അവയ്ക്കുള്ള ചികിത്സാസൗകര്യങ്ങള്‍, സാമ്പത്തിക ചെലവ് എന്നിങ്ങനെ വെല്ലുവിളികള്‍ പലതാണ്. ലോകത്താകെയും മരുന്ന് നിര്‍മ്മാണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണെങ്കില്‍ കൂടിയും മരുന്നുകളുടെ വിലയും ഇവിടെ വലിയ പ്രശ്നം തന്നെയാണ്. ഏതായാലും നിലവില്‍ രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട പത്ത് രോഗങ്ങള്‍ ഏതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ക്യാൻസര്‍: ശരീരകോശങ്ങള്‍ അസാധാരണമായ രീതിയില്‍ വളര്‍ന്നുപെരുകുന്ന അവസ്ഥയാണ് ക്യാൻസര്‍. ഇത് ശരീരത്തിലെ വിവിധ അവയങ്ങളെയും അവയവങ്ങളുടെ ഭാഗങ്ങളെയുമെല്ലാം ബാധിക്കാം. എവിടെയാണ് രോഗബാധയുണ്ടാകുന്നത് എന്നതിനെയും എപ്പോഴാണ് രോഗം കണ്ടെത്തുന്നത് എന്നതിനെയും അനുസരിച്ച് രോഗതീവ്രതയും ചികിത്സയുടെ ഫലവുമെല്ലാം വ്യത്യസ്തമായിരിക്കും.

ഇന്നും ക്യാൻസര്‍ ചികിത്സയ്ക്ക് ഇന്ത്യയില്‍ ഭാരിച്ച ചെലവാണ് വരുന്നത് എന്നത് ശ്രദ്ധേയമാണ്. 

രണ്ട്...

ഹൃദ്രോഗങ്ങള്‍: ആഗോളതലത്തില്‍ തന്നെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളാല്‍ മരിക്കുന്നവരുടെ കണക്കെടുത്ത് നോക്കിയാല്‍ അതില്‍ ഹൃദ്രോഗം വലിയ രീതിയില്‍ കാരണമായി വരുന്നത് കാണാം. പ്രത്യേകിച്ച് ഹൃദയാഘാതം. ഇന്ത്യയിലും ഹൃദ്രോഗങ്ങള്‍ കാര്യമായി തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഹൃദയാഘാതം സംഭവിക്കുന്ന രോഗികളുടെ തുടര്‍ ചികിത്സയും സാമ്പത്തികമായി വലിയ ചെലവ് വരുന്നത് തന്നെയാണ്.

മൂന്ന്...

പക്ഷാഘാതം: ഹൃദയാഘാതം പോലെ തന്നെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റൊരു പ്രശ്നമാണ് പക്ഷാഘാതം അല്ലെങ്കില്‍ സ്ട്രോക്ക്. തലച്ചോറിനെയാണ് ഇത് ബാധിക്കുന്നത്. സ്ട്രോക്കില്‍ നിന്ന് രോഗികള്‍ രക്ഷപ്പെടുന്ന സാഹചര്യവുമുണ്ടാകാം, അതുപോലെ തന്നെ രോഗിക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യവുമുണ്ടാകാം. സ്ട്രോക്കിനുള്ള ചികിത്സയും ചെലവേറിയത് തന്നെ. 

നാല്...

പ്രമേഹം: ജീവിതശൈലീരോഗങ്ങളുടെ ഗണത്തില്‍ പെടുന്ന പ്രമേഹമാണ് ഇന്ത്യയില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റൊരു അസുഖം.

ഇതിന്‍റെ ചികിത്സ ചെലവേറിയതല്ല. കഴിവതും ജീവിതശൈലികളിലെ നിയന്ത്രണം തന്നെയാണ് പ്രമേഹത്തിന് ചികിത്സയായി വരുന്നത്. 

അഞ്ച്...

ക്ഷയരോഗം: ബാക്ടീരിയല്‍ അണുബാധയായ ക്ഷയരോഗം (ട്യൂബര്‍ക്കുലോസിസ്- ടിബി) ഇന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ടിബി പലപ്പോഴും കണ്ടെത്താൻ വൈകുന്നത് മൂലം പഴകുകയും ഇത് രോഗിയെ കാര്യമായ രീതിയില്‍ ബാധിക്കുകയുമാണ് ചെയ്യുന്നത്. അല്ലാത്ത പക്ഷം ടിബിക്ക് ഫലപ്രദമായ ചികിത്സ തേടാവുന്നതാണ്. ടിബി കാര്യമായും ശ്വാസകോശത്തെയാണ് ബാധിക്കുക.

ആറ്...

കൊവിഡ് 19 : കൊവിഡ് 19 ഇന്ന് ലോകരാജ്യങ്ങളിലെല്ലാം തന്നെ വ്യാപകമായി കഴിഞ്ഞു. മഹാമാരി എന്ന നിലയില്‍ നിന്ന് പകര്‍ച്ചവ്യാധി എന്ന നിലയിലേക്ക് കൊവിഡ് കണക്കാക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കൊവിഡ് തീവ്രത അനുസരിച്ച് ചികിത്സ തേടാവുന്നതാണ്. 

ഏഴ്...

കൊതുകുജന്യ രോഗങ്ങള്‍ : കൊതുകുകള്‍ പരത്തുന്ന ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, മലേരിയ തുടങ്ങിയ രോഗങ്ങളെല്ലാം ഈ ഗണത്തില്‍ പെടുന്നു. അധികവും സീസണലായാണ് ഇത്തരം രോഗങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാറ്. ഇവയെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗിക്ക് അപകടമായി വരാം. പ്രത്യേകിച്ച് ഡെങ്കിപ്പനി. ഇവയ്ക്കുള്ള ചികിത്സകള്‍ അത്ര ചെലവേറിയതുമല്ല. എന്നാല്‍ ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്ല എങ്കില്‍ ചെലവേറിയത് തന്നെ. 

എട്ട്...

ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്: സിഒപിഡി എന്നറിയപ്പെടുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ്. ശ്വാസകോശത്തില്‍ നിന്നുള്ള വായുസഞ്ചാരം തടസപ്പെടുന്ന അവസ്ഥയാണ് കാര്യമായും ഇതില്‍ സംഭവിക്കുന്നത്. പുകവലി, അപകടകരമായ കെമിക്കലുകള്‍, മലിനീരകണം എല്ലാം ഈ രോഗത്തിന് കാരണമായി വരാം. അല്‍പം ഗൗരവമുള്ള രോഗം തന്നെയാണിത്. രോഗതീവ്രതയ്ക്ക് അനുസരിച്ച് ചികിത്സയും ചെലവും മാറിവരാം. 

ഒമ്പത്...

ലിവര്‍ സിറോസിസ്: കരളിനെ ബാധിക്കുന്നൊരു രോഗമാണ് ലിവര്‍ സിറോസിസ്. ദീര്‍ഘകാലമായി കരള്‍ ബാധിക്കപ്പെടുന്നതിന്‍റെ ഭാഗമായാണ് ലിവര്‍ സിറോസിസ് പിടിപെടുന്നത്. മദ്യപാനം ഇതിന് വലിയ കാരണമായി വരാറുണ്ട്. എന്നാല്‍ മദ്യപിക്കാത്തവരിലും ഇത് കാണാം. അമിതവണ്ണം - മറ്റ് അനാരോഗ്യകരമായ ജീവിതശൈലികളെല്ലാം കരളിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം.

ഇത് ചികിത്സിച്ച് ഭേദപ്പെടുത്താതെ പോയാല്‍ ലിവര്‍ സിറോസിസ് സാധ്യതയിലേക്കെത്തുന്നു. രോഗതീവ്രതയ്ക്ക് അനുസരിച്ചാണ് ചികിത്സ. ഇതിനെ അടിസ്ഥാനപ്പെടുത്തി ചെലവും വരുന്നു. 

പത്ത്...

വയറിളക്കം: പല കാരണങ്ങള്‍ മൂലം വയറിളക്കമുണ്ടാകാം. എന്നാല്‍ മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെ വയറിളക്കം പിടിപെടുന്ന കേസുകളാണ് രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇതും ജീവന് വരെ ഭീഷണിയാകാം, പ്രത്യേകിച്ച് കുട്ടികളില്‍. 

Also Read:- പുരുഷന്മാര്‍ ഏറ്റവുമധികം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ ഗൗരവമുള്ള അസുഖങ്ങള്‍ വരെ...

tags
click me!