
പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹമൊന്നും ഭേദപ്പെടുത്താൻ സാധിക്കുന്നതല്ല. പകരം ഭക്ഷണം അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ നിയന്ത്രിക്കാൻ മാത്രമേ കഴിയൂ.
ഇതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കേണ്ടി വരാം. അതേസമയം ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും നല്ലതായിരിക്കും. ഇത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മഖാനയെ കുറിച്ച് കേട്ടിട്ടില്ലേ? ഫോക്സ് നട്ട്സ് എന്നും താമര വിത്ത് എന്നുമെല്ലാം ഇത് അറിയപ്പെടാറുണ്ട്. ഇതിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ടെന്നത് പലര്‍ക്കുമറിയില്ല. ഇതിലൊന്നാണ് രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കാനുള്ള കഴിവ്. എങ്ങനെയാണ് മഖാന പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത്? ഇതിലേക്ക് വരാം...
പ്രമേഹം നിയന്ത്രിക്കാൻ മഖാന...
ഷുഗറുള്ളവര്‍, ഭക്ഷണത്തിലെ മധുരത്തിന്‍റെ അളവിനെ രേഖപ്പെടുത്തുന്ന ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. മഖാന ഇത്തരത്തിലൊന്നാണ്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവും ഇതില്‍ കുറവാണ്.
കലോറിയും മഖാനയില്‍ കുറവാണ്. പക്ഷേ കാത്സ്യം, പ്രോട്ടീൻ എന്നിവയുടെ നല്ലൊരു സ്രോതസാണ് മഖാന. അതുകൊണ്ട് തന്നെ അമിതമായി വിശപ്പുണ്ടാകുന്നതും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതുമെല്ലാം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ഇതെല്ലാം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ ഏറെ പ്രയോജനപ്രദമായ കാര്യങ്ങളാണ്. നമുക്കറിയാം, പ്രമേഹവും അമിതവണ്ണവും ഏറെ അപകടകരമായ കോമ്പിനേഷനാണ്. അതിനാല്‍ തന്നെ അല്‍പം വണ്ണമുള്ള പ്രമേഹരോഗികള്‍ക്ക് തീര്‍ച്ചയായും മഖാന നല്ലൊരു ഓപ്ഷനാണ്.
പ്രമേഹമുള്ളവരോട് പലപ്പോഴും ഡോക്ടര്‍മാര്‍ ഭക്ഷണത്തിലെ സോഡിയം നിയന്ത്രിക്കാനും പറയാറുണ്ട്. മഖാനയാണെങ്കില്‍ സോഡിയം കുറവുള്ള ഭക്ഷണമാണ്. മഖാനയിലുള്ള കാത്സ്യം, മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ് അടക്കമുള്ള ഘടകങ്ങളെല്ലാം തന്നെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതും പ്രമേഹരോഗികളില്‍ പോസിറ്റീവായ സ്വാധീനമാണുണ്ടാക്കുക.
Also Read:- മുപ്പത് കടന്ന സ്ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam