
മുപ്പത് വയസിന് ശേഷം നമ്മുടെ ആരോഗ്യം പതിയെ ഓരോ വെല്ലുവിളികളായി നേരിട്ടുതുടങ്ങും. പ്രത്യേകിച്ച് സ്ത്രീകളാണ് മുപ്പത് കടക്കുമ്പോള്‍ ആരോഗ്യകാര്യങ്ങള്‍ ഏറെയും ശ്രദ്ധിക്കേണ്ടത്. അധികവും എല്ല് തേയ്മാനം പോലുള്ള പ്രശ്നങ്ങളാണ് ഇത്തരത്തില്‍ പ്രായമേറുമ്പോള്‍ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നത്.
നമ്മുടെ ജീവിതരീതികള്‍- അതായത് ഭക്ഷണം, വ്യായാമം, ഉറക്കം, വിശ്രമം, സ്ട്രെസ് പോലുള്ള അടിസ്ഥാനപരമായ ഘടകങ്ങള്‍ ആരോഗ്യകരമാക്കിയാല്‍ തന്നെ വലിയൊരു പരിധി വരെ അസുഖങ്ങളില്‍ നിന്ന് രക്ഷ നേടാൻ സാധിക്കും. എന്തായാലും മുപ്പതിന് ശേഷം സ്ത്രീകളില്‍ കാണുന്ന എല്ലിന്‍റെ ബലക്ഷയം പ്രതിരോധിക്കുന്നതിനായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഇലക്കറികള്‍...
ഇലക്കറികള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് കാത്സ്യമെത്തുന്നു. കാത്സ്യം നമുക്കറിയാം എല്ലുകളെ ബലപ്പെടുത്താൻ അവശ്യം വേണ്ട ഘടകമാണ്. ചീരയാണ് ഇത്തരത്തില്‍ കഴിക്കേണ്ട ഏറ്റവും നല്ലൊരു ഇലക്കറി. മുള്ളഞ്ചീരയും ഇതുപോലെ കഴിക്കാവുന്നതാണ്. ഇവയ്ക്ക് പുറമെ ഉലുവയില, കടുകില എല്ലാം നല്ലതാണ്.
പയര്‍വര്‍ഗങ്ങള്‍...
പയര്‍വര്‍ഗങ്ങളാണ് മുപ്പത് കടന്ന സ്ത്രീകള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട മറ്റൊരു വിഭാഗം ഭക്ഷണം. ചന്ന (വെള്ളക്കടല), പരിപ്പ്, പച്ചപ്പയര്‍, ചെറുപയര്‍ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. പ്രോട്ടീൻ, കാത്സ്യം, ഫൈബര്‍, അയേണ്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പ്രധാനമായും ഇവയില്‍ നിന്നെല്ലാം ലഭിക്കുന്നത്.
നട്ട്സും സീഡ്സും...
ഇന്ന് നട്ട്സിന്‍റെയും സീഡ്സിന്‍റെയും ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയുന്നവര്‍ ധാരാളമാണ്. തീര്‍ച്ചയായും എല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ ഏറെ സഹായിക്കുന്നു. ബദാം, ഫ്ളാക്സ് സീഡ്സ്, കസ് കസ് എന്നിവയെല്ലാം ഇതിനായി കഴിക്കാം. ഇവയും കാത്സ്യം തന്നെയാണ് കാര്യമായി നല്‍കുന്നത്. ഇതിന് പുറമെ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിനുകള്‍, ഫൈബര്‍ എന്നിവയും ഇവയിലൂടെ കിട്ടുന്നു.
Also Read:- തമാശ ആസ്വദിക്കാനും ചിരിക്കാനുമുള്ള കഴിവുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കുള്ള ഗുണം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam