
വര്‍ധിച്ചുവരുന്ന ഹൃദയാഘാത കേസുകള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം തന്നെ വലിയ രീതിയില്‍ നമ്മുടെ ജീവിതരീതിയെ ചോദ്യം ചെയ്യുന്നുണ്ട്. വലിയൊരു പരിധി വരെ ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നതും ഡയറ്റ് അടക്കമുള്ള ലൈഫ്സ്റ്റൈലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോഴിതാ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ഡയറ്റില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖര്‍ജി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.
മാതളം ദിവസവും മൂന്നെണ്ണം വീതം കഴിക്കുകയെന്നതാണ് അഞ്ജലി ഇതിനായി മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് മാതളം. ഇത് രക്തകോശങ്ങള്‍ വര്‍ധിപ്പിക്കാനും മറ്റുമായി ഡോക്ടര്‍മാര്‍ തന്നെ കഴിക്കാൻ നിര്‍ദേശിക്കാറുള്ളതാണ്. അത്രമാത്രം പോഷകങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്.
'ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തണമെന്ന് നിങ്ങള്‍ക്കുണ്ടെങ്കില്‍ ദിവസവും മൂന്ന് മാതളം കഴിക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ ഹൃദയത്തെ പ്രശ്നത്തിലാക്കുന്ന ശീലങ്ങളെല്ലാം ഒഴിവാക്കി, ഹൃദയത്തിന് ഗുണകരമാകുന്ന ലൈഫ്സ്റ്റൈല്‍ മാറ്റങ്ങള്‍ കൂടി വരുത്തേണ്ടതുണ്ട്.എങ്കിലേ മാതളത്തിന്‍റെ ഫലം കൂടി ലഭിക്കൂ...'-
മാതളത്തിലുള്ള ആന്‍റി-ഓക്സിഡന്‍റുകള്‍ ധമനികളെ ശുദ്ധീകരിക്കുകയും ബിപി കുറയ്ക്കുകയും ഇവയിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യം സൂക്ഷിക്കുകയും ആണ് ചെയ്യുന്നതെന്നും അഞ്ജലി മുഖര്‍ജി വിശദീകരിക്കുന്നു. അതിനാല്‍ ബിപിയുള്ളവര്‍ക്കും മാതളം ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു ഓപ്ഷൻ തന്നെ.
മാതളം കഴിക്കുന്നത് കൊണ്ട് മാത്രമായില്ല, ഹൃദയത്തിന് ഗുണകരമാകുന്ന ഡയറ്റ് ഈ വശത്ത് പാലിക്കുകയും ചെയ്യേണ്ടതുണ്ട്. കൊളസ്ട്രോള്‍ കൂടുതലുണ്ടാകാൻ പാടില്ല. ഉണ്ടെങ്കില്‍ അത് നിയന്ത്രിക്കുന്ന രീതിയിലുള്ള ഡയറ്റായിരിക്കണം പാലിക്കുന്നത്. അതുപോലെ തന്നെ പ്രമേഹവും. ശരീരഭാരം കൂടുന്നതും ഹൃദയത്തിന് അത്ര ഗുണകരമല്ല.
ധാരാളം ഫൈബറടങ്ങിയ ഭക്ഷണം, പച്ചക്കറികളും പഴങ്ങളും, ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ ഡയറ്റിലുള്‍പ്പെടുത്തുക. ട്രാൻസ് ഫാറ്റ്- സാച്വറേറ്റഡ് ഫാറ്റ് എന്നിവയടങ്ങിയ ഭക്ഷണം, ഉപ്പ് കാര്യമായ അടങ്ങിയ ഭക്ഷണം (പാക്കറ്റ് ഫുഡ് അടക്കം പലതും) എന്നിവ പരമാവധി ഒഴിവാക്കുക, അല്ലെങ്കില്‍ നല്ലതുപോലെ നിയന്ത്രിക്കുക. മദ്യപാനവും പുകവലിയും നിര്‍ബന്ധമായും ഉപേക്ഷിക്കുകയും ചെയ്യുക.
Also Read:- കാലില്‍ നിറവ്യത്യാസവും പാടുകളും കാഴ്ചയ്ക്ക് മങ്ങലും; തിരിച്ചറിയാം ഈ പ്രശ്നത്തെ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam