പേവിഷ ബാധയ്ക്ക് ജപിച്ചുകെട്ടിയ നൂല്‍; എട്ടുവയസ്സുകാരന്റെ മരണം ഓര്‍മ്മിപ്പിക്കുന്നതെന്ത്?

By Web TeamFirst Published May 11, 2019, 4:19 PM IST
Highlights

രണ്ട് ദിവസം മുമ്പ് അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കള്‍ക്ക് മനസിലായിരുന്നില്ല. എങ്കിലും അസുഖം മാറാന്‍ കുട്ടിക്ക് നൂല്‍ ജപിച്ച് കെട്ടി. പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമായിവന്നു. വ്യാഴാഴ്ച രാത്രിയോടെ അവസ്ഥ വളരെയധികം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു
 

തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ പേവിഷബാധയേറ്റ് എട്ടുവയസ്സുകാരന്‍ മരിച്ച സംഭവം, സമൂഹത്തിന് മുന്നില്‍ ചില ചോദ്യങ്ങളും അപേക്ഷകളും കൂടി നിരത്തിവയ്ക്കുകയാണ്. രണ്ട് ദിവസം മുമ്പ് അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കള്‍ക്ക് മനസിലായിരുന്നില്ല. എങ്കിലും അസുഖം മാറാന്‍ കുട്ടിക്ക് നൂല്‍ ജപിച്ച് കെട്ടി. 

പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമായിവന്നു. വ്യാഴാഴ്ച രാത്രിയോടെ അവസ്ഥ വളരെയധികം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പേവിഷബാധയാണെന്ന് സംശയം പ്രകടിപ്പിച്ച ഡോക്ടര്‍ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും കുടുംബത്തോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വാഹനസൗകര്യം ലഭിച്ചില്ലെന്ന പേരില്‍ അവര്‍ കുഞ്ഞിനെ വീട്ടിലേക്ക് തന്നെ മടക്കിക്കൊണ്ടുവന്നു. 

പുലര്‍ച്ചെ തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. സമയത്തിന് ആവശ്യമായ ചികിത്സകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ഈ ചെറുപ്രായത്തില്‍ ജീവിതം നഷ്ടപ്പെടേണ്ട അവസ്ഥ ആ കുരുന്നിന് ഉണ്ടാകുമായിരുന്നില്ല. സാക്ഷരതയുടെ കാര്യത്തിലും ജീവിതനിലവാരങ്ങളുടെ കാര്യത്തിലും ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളോടും മത്സരിക്കാന്‍ പാങ്ങുള്ളവരാണ് മലയാളികള്‍. എന്നിട്ടും ഇത്തരത്തില്‍ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പേരില്‍ നമ്മുടെ നാട്ടില്‍ മരണങ്ങള്‍ സംഭവിക്കുന്നു...

ഇങ്ങനെയുള്ള ഓരോ വാര്‍ത്തകളും നമ്മളെ ആരോഗ്യകരമായ മാറ്റത്തിനായി പ്രേരിപ്പിക്കുന്നുണ്ട് എങ്കിലും വീണ്ടും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. 

'നൂല് ജപിച്ച് കെട്ടിയാല്‍ ഒരസുഖവും മാറില്ല. പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കുന്നതിലൂടെ 100% തടയാവുന്ന അസുഖമാണ് റാബീസ് അഥവാ പേവിഷബാധ. റാബീസ് പിടിപെട്ടാല്‍ 100% മരണം നിശ്ചയവും. അതുകൊണ്ട് പ്രതിരോധകുത്തിവെപ്പുകള്‍ സ്വീകരിക്കാതിരിക്കരുത്. ചിലപ്പോള്‍ വാക്‌സിനേഷന്‍ മാത്രം മതിയാവും. ചിലപ്പോള്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി വേണ്ടി വരാം. ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയില്‍ കാട്ടുക. എന്താണ് ചെയ്യേണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞുതരും. പട്ടി കടിച്ചോ എന്ന് സംശയമുള്ള സാഹചര്യമാണെങ്കില്‍ പോലും നൂല് കെട്ടി സമയം കളയരുത്. ആശുപത്രിയില്‍ പോയി ശരിയായ ചികിത്സ തേടണം. ഇനിയെങ്കിലും ഇത്തരം മരണങ്ങള്‍ ഉണ്ടാവാതെ നോക്കണം'- ഡോ. ജിനേഷ് പി.എസ് എഴുതുന്നു. 

ഡോ. ജിനേഷ് പി എസ്സിന്റെ കുറിപ്പ് വായിക്കാം...

നൂല് ജപിച്ച് കെട്ടിയ വാര്‍ത്ത പലതവണ കേള്‍ക്കുന്നു. പാമ്പുകടിയേറ്റ ശേഷം നൂല് ജപിച്ച് കെട്ടി എന്ന വാര്‍ത്ത മുന്‍പ് കേട്ടിരുന്നു, അസുഖം വന്നപ്പോള്‍ നൂല് ജപിച്ച് കെട്ടിയ കുട്ടിക്ക് പേവിഷബാധ ആയിരുന്നു എന്ന് ഇപ്പോള്‍ വന്ന വാര്‍ത്ത. സങ്കടമുണ്ട്...

നൂല് ജപിച്ച് കെട്ടിയാല്‍ ഒരസുഖവും മാറില്ല. പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കുന്നതിലൂടെ 100% തടയാവുന്ന അസുഖമാണ് റാബീസ് അഥവാ പേവിഷബാധ. റാബീസ് പിടിപെട്ടാല്‍ 100% മരണം നിശ്ചയവും. അതുകൊണ്ട് പ്രതിരോധകുത്തിവെപ്പുകള്‍ സ്വീകരിക്കാതിരിക്കരുത്. ചിലപ്പോള്‍ വാക്‌സിനേഷന്‍ മാത്രം മതിയാവും. ചിലപ്പോള്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി വേണ്ടി വരാം. ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയില്‍ കാട്ടുക. എന്താണ് ചെയ്യേണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞുതരും.

പട്ടി കടിച്ചോ എന്ന് സംശയമുള്ള സാഹചര്യമാണെങ്കില്‍ പോലും നൂല് കെട്ടി സമയം കളയരുത്. ആശുപത്രിയില്‍ പോയി ശരിയായ ചികിത്സ തേടണം. ഇനിയെങ്കിലും ഇത്തരം മരണങ്ങള്‍ ഉണ്ടാവാതെ നോക്കണം.

Prevention is better than cure... എന്നത് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് മനസ്സില്‍ ഉറപ്പിക്കണം. ചികിത്സയേക്കാള്‍ പ്രധാനം പ്രതിരോധമാണ്. ശാസ്ത്രീയമായ പ്രതിരോധമാര്‍ഗങ്ങള്‍...

100% മരണ സാധ്യതയുള്ള പേവിഷബാധ പ്രതിരോധിക്കാന്‍ 100% വിജയസാധ്യതയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ സ്വീകരിക്കണം... സാക്ഷരതയിലും ആരോഗ്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് ഇതൊന്നും ആവര്‍ത്തിച്ചു കൂടാ.

പാമ്പ് കടിയും പേ വിഷബാധയും മാത്രമല്ല, ഒരസുഖവും നൂല് കെട്ടിയാല്‍ മാറില്ല. ഇത്തരം അന്ധവിശ്വാസങ്ങളുടെ പുറകെ പോയി വിലയേറിയ മനുഷ്യജീവന്‍ നശിപ്പിക്കരുത്. പൗരാണികതയും പാരമ്പര്യവും മണ്ടത്തരവും പറഞ്ഞ് നശിപ്പിക്കാനുള്ളതല്ല മനുഷ്യരുടെ ജീവന്‍. സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതാണ്...

click me!