Covid 19| 'യൂറോപ്പില്‍ വരും മാസങ്ങളില്‍ ഏഴ് ലക്ഷത്തോളം കൊവിഡ് മരണം'

Web Desk   | others
Published : Nov 23, 2021, 08:22 PM IST
Covid 19| 'യൂറോപ്പില്‍ വരും മാസങ്ങളില്‍ ഏഴ് ലക്ഷത്തോളം കൊവിഡ് മരണം'

Synopsis

മാസ്‌ക് ധരിക്കല്‍, സാമൂഹികാകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളില്‍ കാര്യമായ ജാഗ്രതക്കുറവ് ഉണ്ടായതാണ് ഈ മേഖലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ കാരണമായതെന്നും ഇനിയും പല രാജ്യങ്ങളിലും ശക്തമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു

കൊവിഡ് 19 ഭീഷണിയില്‍ നിന്ന് ഇനിയും ലോകം മുക്തമായിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരിയോടെ അഞ്ച് ലക്ഷം കൊവിഡ് മരണം യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് നേരത്തേ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. 

ഇപ്പോഴിതാ വരും മാസങ്ങളില്‍ വീണ്ടും യൂറോപ്പില്‍ കൊവിഡ് മരണനിരക്ക് കൂടുമെന്ന അറിയിപ്പുമായി വീണ്ടും ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുകയാണ്. ഏഴ് ലക്ഷം പേരെങ്കിലും കൊവിഡ് ബാധയെ തുടര്‍ന്ന് മരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

നിലവില്‍ പതിനഞ്ച് ലക്ഷം കൊവിഡ് മരണം യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇത് ഇരുപത് ലക്ഷത്തിലധികമായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന സൂചന. ആകെയുള്ള 53 രാജ്യങ്ങളില്‍ 49 രാജ്യങ്ങളില്‍ ഐസിയു സംവിധാനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 

'നിലവില്‍ യൂറോപ്പിലെയും മദ്ധ്യേഷ്യയിലെയും സാഹചര്യങ്ങള്‍ ആശങ്കാജനകമാണ്. ഡെല്‍റ്റ വകഭേദമാണ് ഇത്തരത്തില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിന് കാരണമായി വന്നത്. ഇപ്പോള്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവ് വളരെ പ്രധാനമാണ്. ഇക്കാലയളവിനുള്ളില്‍ യൂറോപ്പില്‍ കൊവിഡ് മരണനിരക്ക് കുത്തനെ വര്‍ധിക്കാം. ഐസിയു യൂണിറ്റുകളും കടുത്ത പ്രതിസന്ധി നേരിടാം...'- ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

മാസ്‌ക് ധരിക്കല്‍, സാമൂഹികാകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളില്‍ കാര്യമായ ജാഗ്രതക്കുറവ് ഉണ്ടായതാണ് ഈ മേഖലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ കാരണമായതെന്നും ഇനിയും പല രാജ്യങ്ങളിലും ശക്തമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഒപ്പം തന്നെ വാക്‌സിനെടുത്തവരില്‍ രോഗത്തിനെതിരായ പ്രതിരോധശക്തി കുറഞ്ഞുവന്നതും കേസുകളും മരണനിരക്കും വര്‍ധിക്കാനിടയാക്കി. ഇനിയും വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍വാധികം സജീവമായി നടത്തേണ്ടി വരുമെന്നും മാസ്‌ക് ധരിക്കല്‍, സാമൂഹികാകലം പാലിക്കല്‍ പോലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പിന്തുടരേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

പ്രതിദിനം ശരാശരി 2,100 കൊവിഡ് അനുബന്ധ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഒരാഴ്ച കൊണ്ട് മാത്രം ശരാശരി 4,200 കൊവിഡ് അനുബന്ധ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ പെട്ടെന്ന് തന്നെ സാഹചര്യങ്ങള്‍ മാറിമറിയുന്നുണ്ടെങ്കില്‍ കാര്യമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:-  'യൂറോപ്പില്‍ ഫെബ്രുവരിയോടെ അഞ്ച് ലക്ഷം കൊവിഡ് മരണത്തിന് സാധ്യത'

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം