നിലവില്‍ യൂറോപ്യന്‍ മേഖലയില്‍ ഏഴരക്കോടിയിലധികം കൊവിഡ് കേസുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭ്യമായ സൂചന. കഴിഞ്ഞയാഴ്ചയില്‍ ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങളുടെ പകുതിയും യൂറോപ്പില്‍ നിന്നും മദ്ധ്യ ഏഷ്യയില്‍ നിന്നുമായിരുന്നു

ഒരിടവേളയ്ക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ ( European Countries ) വീണ്ടും കൊവിഡ് കേസുകളില്‍ ( Covid Case ) കാര്യമായ വര്‍ധനവ് രേഖപ്പെടുത്തപ്പെടുകയാണ്. കഴിഞ്ഞ നാലാഴ്ചയായാണ് കൊവിഡ് കേസുകളില്‍ യൂറോപ്യന്‍ മേഖലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 

സ്ഥിതിഗതികള്‍ ഇത്തരത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഫെബ്രുവരിയോടെ അഞ്ച് ലക്ഷത്തോളം കൊവിഡ് മരണങ്ങള്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ അറിയിക്കുന്നത്. 

'യൂറോപ്യന്‍ മേഖലയിലുള്‍പ്പെടുന്ന 53 രാജ്യങ്ങളിലെ നിലവിലെ അവസ്ഥ വളരെയധികം ആശങ്കാജനകമാണ്. ഇവിടങ്ങളില്‍ അതിവേഗത്തിലാണ് രോഗവ്യാപനം നടക്കുന്നത്. ഇങ്ങനെയെങ്കില്‍ ഫെബ്രുവരിയോടെ അഞ്ച് ലക്ഷം കൊവിഡ് മരണമെങ്കിലും യൂറോപ്പില്‍ സംഭവിക്കാം...'- ലോകാരോഗ്യ സംഘടന യൂറോപ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് പറഞ്ഞു. 

നിലവില്‍ യൂറോപ്യന്‍ മേഖലയില്‍ ഏഴരക്കോടിയിലധികം കൊവിഡ് കേസുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭ്യമായ സൂചന. കഴിഞ്ഞയാഴ്ചയില്‍ ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങളുടെ പകുതിയും യൂറോപ്പില്‍ നിന്നും മദ്ധ്യ ഏഷ്യയില്‍ നിന്നുമായിരുന്നു. 

കാലാവസ്ഥയില്‍ വന്ന മാറ്റമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം ശക്തമാകാന്‍ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. പല രാജ്യങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. പല രാജ്യങ്ങളും നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്തിട്ടുമുണ്ട്. 

എന്തായാലും ശക്തമായ മുന്നറിയിപ്പാണ് യൂറോപ്പിന് ലോകാരോഗ്യ സംഘടന നല്‍കുന്നത്. മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായില്ലെങ്കില്‍ അടുത്തതായി കൊവിഡിന്റെ പ്രധാന കേന്ദ്രമായി യൂറോപ്പ് മാറുമെന്നും ലോകാരോഗ്യസംഘടന മുന്നറിയപ്പ് നല്‍കുന്നു.

Also Read:- COVID 19| ഇന്ത്യയുടെ വാക്സീന് ലോകത്തിന്‍റെ അംഗീകാരം; കൊവാക്സീന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു