ആരോഗ്യമുള്ളവരിലും ഹൃദ്രോഗ സാധ്യതയുണ്ട്; ഒരിക്കലും അവഗണിക്കരുതാത്ത 5 ലക്ഷണങ്ങൾ

Published : Jul 29, 2026, 01:26 PM IST
heart attack

Synopsis

അടിയന്തര വൈദ്യസഹായം ആവശ്യമുള്ള, ജീവനുതന്നെ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ്, ശരീരം ചില പ്രാഥമിക മുന്നറിയിപ്പുകൾ നൽകിയേക്കാം.

ഹൃദ്രോഗം എപ്പോഴും പെട്ടെന്ന് കഠിനമായ നെഞ്ചുവേദനയോടെ മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നല്ല. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള, ജീവനുതന്നെ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ്, ശരീരം ചില പ്രാഥമിക മുന്നറിയിപ്പുകൾ നൽകിയേക്കാം. ഉറക്കമില്ലായ്മ, അമിതമായ ക്ഷീണം അല്ലെങ്കിൽ മാനസിക സമ്മർദ്ദം എന്നിവയായി നമ്മൾ പലപ്പോഴും ഇവയെ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ശരീരത്തിൽ തുടർച്ചയായോ അസാധാരണമായോ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളെ ഗൗരവമായി കാണുകയും കൃത്യസമയത്ത് വൈദ്യപരിശോധന നടത്തുകയും ചെയ്താൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.

ഹൃദ്രോഗങ്ങളുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോ?

ഹൃദ്രോഗങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും രോഗം നിർണ്ണയിക്കപ്പെടുന്നവരുടെ പ്രായപരിധിയിൽ പ്രകടമായ മാറ്റമുണ്ടായിട്ടുണ്ട്. ഹൃദ്രോഗം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്. ഇത് രോഗം നേരത്തെ കണ്ടുപിടിക്കുന്നതിന് തടസ്സമാകുന്നു. ദീർഘനേരത്തെ ജോലി, തുടർച്ചയായ ഇരുത്തം, കൃത്യമല്ലാത്ത ഉറക്കം എന്നിവയ്‌ക്കൊപ്പം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, കൊളസ്ട്രോൾ തുടങ്ങിയ മെറ്റബോളിക് ഘടകങ്ങളും ചെറുപ്പക്കാരിൽ രോഗസാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ഡോക്ടറെ കാണുകയാണ് പ്രധാനം.

ഹൃദ്രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ ഏതൊക്കെയാണ്?

1. സ്റ്റാമിനയിലോ ഊർജ്ജസ്വലതയിലോ ഉണ്ടാകുന്ന കുറവ്

മുൻപ് വളരെ വേഗത്തിൽ നടന്നിരുന്ന അല്ലെങ്കിൽ ജോലി ചെയ്തിരുന്ന ഒരാൾക്ക് പെട്ടെന്ന് ആയാസകരമായ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഇടയ്ക്കിടെ വിശ്രമം ആവശ്യമായി വരിക എന്നിവ ഇതിന്റെ ലക്ഷണമാകാം. കായികക്ഷമതയിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം കുറവുകൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിന്റെ സൂചനയാകാം.

2. നെഞ്ചിലെ അസ്വസ്ഥത

നെഞ്ചുവേദന എപ്പോഴും കഠിനമായിരിക്കണമെന്നില്ല. ശാരീരിക അധ്വാനത്തിലേർപ്പെടുമ്പോൾ നെഞ്ചിൽ ഭാരമോ, അമർത്തലോ, വലിഞ്ഞു മുറുകലോ അനുഭവപ്പെടുകയും വിശ്രമിക്കുമ്പോൾ അത് മാറുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. ചിലരിൽ ഈ അസ്വസ്ഥത നെഞ്ചിന് പകരം താടിയെല്ല്, തോളുകൾ, പുറംഭാഗം അല്ലെങ്കിൽ കൈകൾ എന്നിവിടങ്ങളിലും അനുഭവപ്പെടാം.

3. അടിക്കടിയുണ്ടാകുന്ന വീക്കം

കാലുകളിലും ആങ്കളുകളിലും തുടർച്ചയായി ഉണ്ടാകുന്ന വീക്കം, ശ്വാസംമുട്ടൽ, കായികക്ഷമതയിലെ കുറവ് എന്നിവ ഹൃദയത്തിന് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ കഴിയുന്നില്ല എന്നതിന്റെ സൂചനയാണ്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

4. ദൈനംദിന കാര്യങ്ങളെ ബാധിക്കുന്ന കഠിനമായ ക്ഷീണം

കഠിനാധ്വാനത്തിന് ശേഷം ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ കൃത്യമായി വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണം ഉണ്ടാകുന്നത് ശ്രദ്ധിക്കണം. പ്രത്യേകിച്ച് സ്ത്രീകളിൽ, സാധാരണ നെഞ്ചുവേദനയ്ക്ക് പകരം വിട്ടുമാറാത്ത ക്ഷീണം, ഛർദ്ദിൽ, താടിയെല്ലിലോ പുറത്തോ ഉണ്ടാകുന്ന വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി പ്രകടമാകാറുള്ളത്.

5. അസാധാരണമായ ഹൃദയമിടിപ്പ്

ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ, മിടിപ്പ് നിലയ്ക്കുന്നതുപോലെയോ അല്ലെങ്കിൽ പെട്ടെന്ന് വേഗത്തിലാകുന്നതുപോലെയോ തോന്നുന്നത് വെറും മാനസിക സമ്മർദ്ദമോ കഫീൻ ഉപയോഗമോ കൊണ്ടാണെന്ന് കരുതി തള്ളിക്കളയരുത്. പ്രത്യേകിച്ച് തലകറക്കമോ ബോധക്ഷയമോ ഇതിനൊപ്പമുണ്ടെങ്കിൽ ഡോക്ടറെ കാണണം.

ലക്ഷണങ്ങൾ കഠിനമാകുന്നതിന് മുൻപ് ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം?

ലക്ഷണങ്ങൾ ഗുരുതരമാകുന്നതിന് മുൻപ് തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നതാണ് പ്രധാനം. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനൊപ്പം പ്രായം, കുടുംബത്തിലെ പാരമ്പര്യം, നിലവിലുള്ള മറ്റ് രോഗങ്ങൾ എന്നിവ കണക്കിലെടുത്ത് സ്വന്തം രോഗസാധ്യത മനസ്സിലാക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരത്തിൽ യൂറിക് ആസിഡ് കൂടുതലാണോ? സന്ധിവേദനയും ഗൗട്ടും തടയാൻ ഒഴിവാക്കേണ്ട 7 പ്രധാന ഭക്ഷണങ്ങൾ; വിദഗ്ധർ പറയുന്നു
കൊളസ്ട്രോൾ കൂടുതലാണോ? ശരീരം തരുന്ന ഈ സൂചനകൾ അവഗണിക്കരുത്