
കൊവിഡ് 19 എന്ന മഹാമാരി നമ്മളെ സംബന്ധിച്ച് തീര്‍ത്തും പുതിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട പല വിവരങ്ങളും നമുക്കിപ്പോഴും ലഭ്യമല്ലെന്നതാണ് സത്യം. കൊറോണ വൈറസ് എന്ന രോഗകാരിയെക്കുറിച്ച് വിവിധ തലങ്ങളില്‍ നിരവധി പഠനങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
നിര്‍ണ്ണായകമായ പല നിരീക്ഷണങ്ങളും പൂര്‍ണ്ണമായി സ്ഥിരീകരിക്കപ്പെടാതെ തന്നെ അംഗീകരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നമ്മളുള്ളത്. അത്തരത്തില്‍ മുമ്പ് തൊട്ടേ ചര്‍ച്ചകളില്‍ സജീവമായിരുന്ന ഒരു വാദമായിരുന്നു വായുവിലൂടെ കൊവിഡ് 19 പകരുമോ, ഇല്ലയോ എന്ന വിഷയം.
തീര്‍ത്തും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വാദവുമായി വലിയൊരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തിയതോടെ, ലോകാരോഗ്യ സംഘടന തന്നെ ഈ വിഷയം ഉള്‍ക്കൊള്ളിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കുകയുണ്ടായി. അതായത്, വായുവിലൂടെയും കൊറോണ വൈറസ് പരന്നേക്കാം, അതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അടച്ച മുറികളുള്‍പ്പെടെ അടഞ്ഞുകിടക്കുന്ന ഇടങ്ങളില്‍ തുടരുന്നവര്‍ തീര്‍ച്ചയായും ജാഗ്രത പുലര്‍ത്തണമെന്നുമായിരുന്നു ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം.
ഈ മാര്‍ഗനിര്‍ദേശത്തില്‍ പ്രത്യേകം പറഞ്ഞിരിക്കുന്ന ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ? അടഞ്ഞ മുറി, അല്ലെങ്കി അടഞ്ഞുകിടക്കുന്ന ഇടങ്ങള്‍ എന്നാണ്. അതായത് വായുസഞ്ചാരമില്ലാത്ത സ്ഥലം എന്നര്‍ത്ഥം. നേരത്തേ എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളില്‍ സാമൂഹികാകലം പാലിച്ചാലും വൈറസ് ബാധയുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ മറ്റുള്ളവരിലേക്കും രോഗബാധയുണ്ടാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസം ഒരുകൂട്ടം ബ്രിട്ടീഷ് ഗവേഷകര്‍ ഈ വാദം ശരിവച്ച് കൊണ്ട് രംഗത്തെത്തുകയും ചെയ്തു. എസി പ്രവര്‍ത്തിക്കുന്ന അന്തരീക്ഷത്തിലെ വായു പുതുക്കപ്പെടാത്ത സാഹചര്യമുണ്ടാകുമെന്നും, ഒരേ വായു തന്നെ മുറിക്കകത്ത് കറങ്ങുന്നതോടെ രോഗവ്യാപന സാധ്യത കൂടാമെന്നുമായിരുന്നു ഏതാനും സംഭവങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഇവര്‍ വാദിച്ചത്.
ഇതോടെ കൊവിഡ് കാലത്തെ എസി ഉപയോഗം വീണ്ടും ചര്‍ച്ചയിലാവുകയാണ്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റോ, ഓഫീസോ, മറ്റ് തൊഴിലിടങ്ങളോ ആകട്ടെ. എസി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവിടെ രോഗബാധയുണ്ടാകാനുള്ള 'റിസ്‌ക്' കൂടുതലല്ലേ?
ഒരു രോഗിയെങ്കിലും അവിടെയുണ്ടെങ്കില്‍ അയാളില്‍ നിന്ന് പുറത്തെത്തുന്ന രോഗാണു, ആദ്യം സൂചിപ്പിച്ചത് പോലെ വായുവില്‍ തങ്ങിനില്‍ക്കാനോ, സഞ്ചരിക്കാനോ സാധ്യതയില്ലേ? വായു മുഖേന രോഗം പകരുന്ന കാര്യം ഇപ്പോഴും പൂര്‍ണ്ണമായി സ്ഥിരീകരിച്ച വിവരമല്ല. എന്നാല്‍ ഇതിലെ സാധ്യത തള്ളിക്കളയാകാനില്ലെന്ന് ഗവേഷകര്‍ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ ആ സാധ്യതയെ പരിഗണിച്ചല്ലേ പറ്റൂ.
രണ്ട് പ്രതിവിധികളാണ് ഇതിനായി ഗവേഷകര്‍ തന്നെ മുന്നോട്ടുവയ്ക്കുന്നത്. ഒന്നുകില്‍ എസി ഉപയോഗം ഒഴിവാക്കുക. അതാണ് ഏറ്റവും മികച്ച മാര്‍ഗമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വായുവിന് നല്ല തോതില്‍ സഞ്ചരിക്കാനുള്ള വഴിയൊരുക്കുക. വാതിലുകളും ജനാലകളുമെല്ലാം ഇതിനായി തുറന്നിടാം.
രണ്ടാമതായി അടച്ചിട്ട ഇടങ്ങളില്‍ നില്‍ക്കുന്നവര്‍ നിര്‍ബന്ധമായും 'ക്വാളിറ്റി' മാസ്‌കുകള്‍ ധരിക്കുക. ഒരു കാരണവശാലും സ്രവങ്ങള്‍ പുറത്തേക്ക് പോകുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പിക്കണം. അതല്ലാത്ത പക്ഷം രോഗവ്യാപന സാധ്യതയെ നമുക്ക് തള്ളിക്കളയാന്‍ ആകില്ലെന്നും, പ്രതിരോധ മാര്‍ഗങ്ങളെ ശക്തിപ്പെടുത്തുക ഏവരുടേയും കടമയാണെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ എസി ഉപയോഗമുള്ള സ്ഥലങ്ങളില്‍ ഇരിക്കുമ്പോള്‍ തീര്‍ച്ചയായും ഗുണമേന്മയുള്ള മാസ്‌ക് ധരിക്കാന്‍ ഓര്‍ക്കുക. മാസ്‌ക് ധരിക്കാതെ ആരെങ്കിലും തുടരുന്നുവെങ്കില്‍ അവരോടും ഇക്കാര്യം പങ്കുവയ്ക്കുക. വീട്ടിനകത്താണെങ്കില്‍ പരമാവധി എസി ഉപയോഗം വേണ്ടെന്ന് വയ്ക്കാന്‍ ശ്രമിക്കാം. ഓഫീസുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെല്ലാം ഇത് ചെയ്യാവുന്നതാണ്. ഒപ്പം തന്നെ മാസ്‌കിന്റെ കാര്യം എപ്പോഴും തീര്‍ച്ചപ്പെടുത്തുക.
Also Read:- വായുവിലൂടെ കൊവിഡ് പകരുന്നു?; പുതിയ മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന...