
കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് ഏറെ ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്. ഇതിനിടെ മരണനിരക്കും കൂടുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അനുമാനം. ഈ പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ പേരിലേക്ക് പരിശോധന വ്യാപിപ്പിക്കാനും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സ ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം ഉറവിടമറിയാത്ത രോഗബാധികതരുടെ എണ്ണം കൂടുന്നതാണ് ആരോഗ്യ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. തിരുവനന്തപുരം പോത്തന്‍കോട് മരിച്ച അബ്ദുള്‍ അസീസ്, വൈദികനായ കെ ജി വര്‍ഗീസ്, കൊല്ലത്ത് മരിച്ച സേവ്യര്‍ എന്നിങ്ങനെ ചിലരുടെ കേസുകളില്‍ ഉറവിടം ഏതാണെന്ന് ഇതുവരെ മനസിലാക്കാനായിട്ടില്ല. ചികിത്സയിലിരിക്കുന്നവരിലും ഉറവിടം അറിയാതെ രോഗബാധയേറ്റവരുണ്ട്.
ഹൃദയം, വൃക്ക സംബന്ധമായ രോഗങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിവ നേരത്തേയുണ്ടായിരുന്ന കൊവിഡ് രോഗികളാണ് മരിച്ചവരിലേറെയും. ആരോഗ്യാവസ്ഥ നന്നായി തുടരുന്നവരില്‍ കൊവിഡ് ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യങ്ങളില്ല എന്നത് ആശ്വാസത്തിനുള്ള വകയേകുന്നുണ്ട്.
ഒരു മാസം മുമ്പ് വരെ ഒരേ സമയം ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ ശരാശരി എണ്ണം 266 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് നാലിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നതിനൊപ്പം തന്നെ മരണനിരക്കും കൂടും. രോഗബാധിതരായ ശേഷം നാട്ടിലെത്തുന്ന പ്രവാസികളുടെ അടക്കം എണ്ണം കൂടുന്നത് തിരിച്ചടിയാണ്. പലര്‍ക്കും രോഗം കണ്ടെത്തുന്നത് വൈകിയ വേളയിലായതിനാല്‍ രോഗാവസ്ഥ തീവ്രമായിട്ടുണ്ടാകും.
ഇതില്‍ മറ്റ് രോഗങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ചികിത്സ, ഫലം കാണാതെ പോകും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ രീതി നടപ്പിലാക്കിത്തുടങ്ങുന്നത്.
''മരണനിരക്ക് കുറയ്ക്കാന്‍ വേണ്ടിയും രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ടിയും കേരളം എടുത്തിരിക്കുന്ന ഒരു തന്ത്രം എന്തെന്നാല്‍ ആദ്യം ട്രെയ്‌സ് ചെയ്യുക, പിന്നെ ക്വറന്റൈന്‍ ചെയ്യുക, തുടര്‍ന്ന് ടെസ്റ്റും അതുകഴിഞ്ഞ് ഐസൊലേഷനും ചികിത്സയും...'- സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു.
രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വരാത്തവര്‍ക്കും യാത്രകള്‍ ചെയ്യാത്തവര്‍ക്കും രോഗം പിടിപെടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും 'സെന്റിനല്‍ ഓഗ്മെന്റഡ് സര്‍വെയ്‌ലന്‍സി'ന്റെ ഭാഗമായുള്ള പരിശോധനകളും 'റാപ്പിഡ് ആന്റിബോഡി' പരിശോധനകളും വഴി ഇത്തരക്കാരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പ്രതിദിനം കിട്ടുന്ന ഫലങ്ങളില്‍ നൂറില്‍ മുപ്പതെണ്ണം സമ്പര്‍ക്കത്തിലൂടെയെന്ന് കണ്ടെത്തിയാല്‍ അതും ഗൗരവകരമാകും. അതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളിലെ പരമാവധി പേരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം.
വീഡിയോ കാണാം...
Also Read:- പതിനാലുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം; കണ്ണൂര്‍ നഗരം അടച്ചു, ആശങ്ക...