ഒടുവില്‍ ജോളിയിലെ മാനസികരോഗി പുറത്ത്; ജയിലില്‍ പോലും രക്ഷയില്ല!

By Web TeamFirst Published Oct 8, 2019, 5:57 PM IST
Highlights

ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ആള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് എന്‍ഐടി അധ്യാപികയാണെന്ന് പറഞ്ഞ് ഭര്‍ത്താവിനേയും നാട്ടുകാരേയും കുടുംബക്കാരേയുമെല്ലാം ഒരുപോലെ പറ്റിക്കുക, അധ്യാപികയാണെന്ന് കാണിക്കാന്‍ അത്തരം സംഭാഷണങ്ങള്‍ ഫോണിലൂടെ നടത്തുക, രാവിലെ വീട്ടില്‍ നിന്ന് കോളേജിലേക്കെന്ന ഭാവത്തില്‍ ഇറങ്ങിപ്പോവുക, പിന്നീട് ജോലി കഴിഞ്ഞ് വരുന്നത് പോലെ തിരിച്ച് വീട്ടില്‍ വന്നുകയറുക...

കൂടത്തായി കൂട്ടക്കൊലക്കേസ് സജീവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കേസിലെ പ്രതിയായ ജോളിയും വലിയരീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ജോളിയെന്ന സ്ത്രീയെ ഇത്തരത്തില്‍ നീചമായ ഒരു കുറ്റകൃത്യത്തിലേക്ക് നയിച്ച ഘടകങ്ങള്‍, അതിന്റെ ലക്ഷ്യങ്ങള്‍- എന്നിവയ്‌ക്കെല്ലാം ഒപ്പം തന്നെ അവരിലെ മനോരോഗിയേയും തിരിച്ചറിയപ്പെടുകയാണിപ്പോള്‍. 

രണ്ട് തരത്തിലുള്ള ചര്‍ച്ചകളാണ് ജോളിയെക്കുറിച്ച് മനശാസ്ത്ര വിദഗ്ധര്‍ക്കിടയില്‍ തന്നെ നടക്കുന്നത്. വലിയൊരു വിഭാഗം വിദഗ്ധരും ഇവര്‍ക്ക് ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളതായാണ് വിലയിരുത്തുന്നത്. അതേസമയം ഇവരൊരു സൈക്കോപാത്ത് ആണെന്ന വിലയിരുത്തലും നടക്കുന്നുണ്ട്.

ജയിലില്‍ പോലും രക്ഷയില്ല...

റിമാന്‍ഡിലായി ജയിലില്‍ എത്തിയത് മുതല്‍ ജോളി കാര്യമായി ആരോടും സംസാരിച്ചിട്ടില്ല. വാര്‍ഡന്മാരോട് സ്വന്തം ആവശ്യങ്ങള്‍ പോലും ചോദിക്കാന്‍ ഇവര്‍ മടി കാണിക്കുന്ന സാഹചര്യമുണ്ടായി. സാധാരണഗതിയില്‍ തന്റെ കുറ്റം പിടിക്കപ്പെട്ടുവെന്ന അവസ്ഥയെ അഭിമുഖീകരിക്കുന്ന ഒരാളില്‍ കാണുന്ന പ്രശ്‌നങ്ങളായി വേണമെങ്കില്‍ ഇതിനെ കണക്കാക്കാമായിരുന്നു.


(ജോളി- പഴയകാല ചിത്രങ്ങൾ)

എന്നാല്‍ അങ്ങനെയുള്ള സാധാരണത്വങ്ങള്‍ക്കൊക്കെ അപ്പുറത്താണ് ജോളിയെന്ന വ്യക്തിയുടെ നില്‍പെന്ന് പൊലീസുകാര്‍ മനസിലാക്കിയിരിക്കണം. അതിനാല്‍ത്തന്നെ ജയിലിനകത്ത് കര്‍ശനമായ നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഇന്ന് ഉച്ചയോടടുത്ത് ജയിലിനകത്ത് വച്ച് തന്നെ ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു.

തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ജോളിയെ ജയിലില്‍ നിന്ന് മനശാസ്ത്ര വിദഗ്ധന്റെ അടുക്കെലെത്തിച്ചു. ഇവരെ പരിശോധിച്ച ശേഷം വൈകാതെ ജയിലിലേക്ക് തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു. 

ആരാണ് ജോളി? എന്താണ് അവരുടെ ജീവിതം?

തുടക്കം മുതല്‍ തന്നെ ജോളിയെന്ന സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളില്‍ കേരളത്തിലെ പ്രമുഖ മനശാസ്ത്ര വിദഗ്ധരൊക്കെ തന്നെ വലിയ അളവില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഒരു പ്രമാദമായ കേസിലെ പ്രതിയായിരിക്കുമ്പോഴും അവരുടെ വ്യക്തിത്വവും ജീവിതവുമെല്ലാം പരിശോധിക്കാനും വിലയിരുത്താനും തങ്ങളെ അനുവദിക്കണമെന്നും അത്രമാത്രം അക്കാദമിക സാധ്യതകളുള്ള വ്യക്തിയാണ് ഇവരെന്നും ഇവര്‍ വാദിച്ചുകൊണ്ടിരുന്നു. 

ഈ വാദങ്ങളെയെല്ലാം ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഓരോ ദിവസവും ജോളിയെക്കുറിച്ച് പുറത്തുവരുന്നത്. ഏറ്റവും അടുപ്പമുള്ളവരെ, സ്വന്തം കുടുംബാംഗങ്ങളെ, പിഞ്ചുകുഞ്ഞിനെയെല്ലാം മനസാക്ഷിയില്ലാതെ നീചമായി വക വരുത്താനും, അതിന് ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ജീവിച്ചുപോകാനും ഇവര്‍ക്ക് സാധിക്കണമെങ്കില്‍ കൃത്യമായ മാനസിക തകരാര്‍ ഇവര്‍ക്കുണ്ടെന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്. 


(രണ്ടാം വിവാഹസമയത്ത് ഷാജുവിനൊപ്പം ജോളി)

ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ആള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് എന്‍ഐടി അധ്യാപികയാണെന്ന് പറഞ്ഞ് ഭര്‍ത്താവിനേയും നാട്ടുകാരേയും കുടുംബക്കാരേയുമെല്ലാം ഒരുപോലെ പറ്റിക്കുക, അധ്യാപികയാണെന്ന് കാണിക്കാന്‍ അത്തരം സംഭാഷണങ്ങള്‍ ഫോണിലൂടെ നടത്തുക, രാവിലെ വീട്ടില്‍ നിന്ന് കോളേജിലേക്കെന്ന ഭാവത്തില്‍ ഇറങ്ങിപ്പോവുക, പിന്നീട് ജോലി കഴിഞ്ഞ് വരുന്നത് പോലെ തിരിച്ച് വീട്ടില്‍ വന്നുകയറുക, ഒരു വീണ്ടുവിചാരം പോലുമില്ലതെ സ്വന്തം അടുപ്പക്കാരെ ഓരോരുത്തരെയായി വകവരുത്തുക, സ്വന്തം കൈ കൊണ്ട് കൊലപ്പെടുത്തിയവള്‍ക്ക് കണ്ണീരോടെ അന്ത്യചുംബനം നല്‍കുക, ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ ഏറ്റവും 'നോര്‍മല്‍' ആയി ആളുകളോട് ബന്ധപ്പെടുക- ഇങ്ങനെ ജോളിയെ ചുറ്റിപ്പറ്റി പുറത്തുവന്ന വിവരങ്ങളെല്ലാം അവരിലെ ശക്തമായ 'പേഴ്‌സണാലിറ്റി ഡിസോര്‍ഡറി'നെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. 

പല പല വ്യക്തിത്വമായി ഒരു സത്രീ. അതിവിദഗ്ധമായി അവരിലെ മനോരോഗി ചുറ്റുമുള്ള മനുഷ്യരെയെല്ലാം പറ്റിച്ചു. പിടിക്കപ്പെടുന്ന ദിവസം അവര്‍ കൂടെക്കൂടെ 'ടെന്‍ഷനടിക്കുന്നു' വെന്ന് പറഞ്ഞിരുന്നതായി ഭര്‍ത്താവ് ഷാജു പിന്നീട് പറഞ്ഞിരുന്നു. പിടിക്കപ്പെട്ട ശേഷവും അനവധി തവണ ജോളി മൊഴി മാറ്റിപ്പറഞ്ഞു. ആകെ മൊഴിയില്‍ അമ്പതിലധികം വൈരുധ്യമുണ്ടായിരുന്നതായും ഇതാണ് പിന്നീട് സംശയത്തിലേക്ക് തങ്ങളെ നയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. 

അപകടകാരിയായ സ്ത്രീ, പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

ഇപ്പോഴെങ്കിലും കൂടത്തായി കൊലക്കേസുകള്‍ പുറംലോകത്തിന് മുമ്പില്‍ വെളിപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇനിയും കൊലപാതകങ്ങളുണ്ടായേനെ എന്നാണ് പൊലീസ് കഴിഞ്ഞ ദിവസം നല്‍കിയ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരുപക്ഷേ ആദ്യഭര്‍ത്താവ് റോയിയുടെ സഹോദരനേയും അദ്ദേഹത്തിന്റെ ഭാര്യയേയും വളരെ വൈകാതെ ജോളി തീര്‍ത്തുകളഞ്ഞേനേ. 

തന്നെയും ജോളി കൊന്നേക്കുമായിരുന്നുവെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു പറയുന്നു. റോയിയുടെ സഹോദരിയും ജോളി തനിക്കെതിരെ വധശ്രമം നടത്തിയതായി പൊലീസിന് മൊഴി നല്‍കി. സമാനമായ സംശയം പ്രകടിപ്പിച്ച് ഇവരുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീയുടെ മകളും ഇതിനിടെ രംഗത്തെത്തി. 

ഇതെല്ലാം വ്യക്തമാക്കുന്നത്- ജോളിയിലെ അപകടകാരിയായ മനോരോഗിയെ ആണെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ വാദിക്കുന്നത്. കൃത്യമായും ഒരു സൈക്കോപാത്തില്‍ കാണുന്ന അടയാളങ്ങളാണ് ഇവിരിലുള്ളതെന്ന് ഇവര്‍ വാദിക്കുന്നു. 


(കൊല്ലപ്പെട്ട ടോം ജോസഫ്, ഭാര്യ അന്നമ്മ തോമസ്, ഇവരുടെ മകനും ജോളിയുടെ ആദ്യഭർത്താവുമായ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം എം മാത്യൂ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മകൾ ആൽഫൈൻ, ഷാജുവിന്‍റെ ഭാര്യ സിലി)

കുറ്റം ചെയ്ത ശേഷവും കൂസലില്ലാതെ നടക്കുക, പിടിക്കപ്പെട്ടിട്ട് പോലും അത്രമാത്രം സംഘര്‍ഷമൊന്നും അനുഭവിക്കാത്ത ഒരാളെപ്പോലെ കാണപ്പെടുക- എന്നീ ഘടകങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് വളരെയധികം ഭയപ്പെടേണ്ട തനി സൈക്കോ ആയ ഒരാളിലേക്കാണെന്നാണ് വിലയിരുത്തല്‍. 

എല്ലാ വാദങ്ങള്‍ക്കുമപ്പുറമുള്ള ഒരേയൊരു സത്യം...

നിലവില്‍ ലഭ്യമായ വിവരങ്ങള്‍, പലരുടേയും മൊഴികള്‍, സാഹചര്യത്തെളിവുകള്‍, വീഡിയോകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജോളിയെന്ന സ്ത്രീയിലെ മനോരോഗിയെ വിലയിരുത്താന്‍ നിലവില്‍ മനശാസ്ത്ര വിദഗ്ധര്‍ ശ്രമിക്കുന്നത്. ഇത് ഒരാളുടെ വ്യക്തിത്വത്തെ തിരിച്ചറിയാനുള്ള തികച്ചും പരിമിതമായ മാര്‍ഗങ്ങളാണ്. ഇത്തരം കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം തന്നെ അവരെ കൃത്യമായ മനശാസ്ത്ര വിശകലനത്തിന് വിധേയരാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രമുഖ മനശാസ്ത്ര വിദഗ്ധന്‍ സി ജെ ജോണ്‍ അഭിപ്രായപ്പെട്ടിരുന്നു. വരാനിരിക്കുന്ന കാലത്ത് കുറ്റാന്വേഷണ ശാസ്ത്രത്തിന് ഇങ്ങനെയുള്ള പഠനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജോളിയുടെ വിഷയത്തിലാണെങ്കില്‍ അവരെ വിശദമായി വിശകലനം ചെയ്ത ശേഷം മാത്രമേ ഉറപ്പിച്ചൊരു നിഗമനത്തിലേക്കെത്താന്‍ ആര്‍ക്കും സാധിക്കൂ. പക്ഷേ എല്ലാ വാദങ്ങള്‍ക്കുമപ്പുറം ഒരു സത്യം ഇപ്പോഴേ വ്യക്തമായിക്കഴിഞ്ഞു. ഏത് തരത്തിലുള്ളതാണെങ്കിലും അതിശക്തയായ ഒരു മനോരോഗി ജോളിയിലുണ്ട്. അത് ആറ് ജീവനുകള്‍ അപഹരിച്ചുകഴിഞ്ഞിരിക്കുന്നു. അത്രമാത്രം ഭയപ്പെടേണ്ട ഒരാളെന്ന വസ്തുത ഇതുവഴി വ്യക്തം. 

click me!