
പലരെയും ഭയപ്പെടുത്തുന്ന ഒരവസ്ഥയാണ് അമിത വളർച്ചയുള്ള മോണ. കാലുകളിലെ മന്ത് രോഗം പോലെ വീർത്ത് തടിച്ച് പടർന്ന് പന്തലിച്ച ഈ മോണ കാണുന്ന മാത്രയിൽ തന്നെ പലരും ക്യാൻസറാണെന്ന മുൻ വിധി കാരണം അനാവശ്യമായി ആശങ്കപ്പെടാറുമുണ്ട്.
കാരണങ്ങൾ അറിയാം...
മോണയിലെ അമിത വലിപ്പം വളർച്ച പ്രധാനമായും അഞ്ചു കാരണങ്ങൾ കൊണ്ടുണ്ടാവുന്നു
1. നീർവീക്കം : പല്ലുകളിൽ അടിഞ്ഞിരിക്കുന്ന അഴുക്കിന്റെ പാളി ഇത്തരം മോണവളർച്ചയെ ത്വരിതപ്പെടുത്തുന്നു.
2. മരുന്നുകളുടെ പാർശ്വഫലമായി : പ്രധാനമായും അപസ്മാരത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫെനിറ്റോയിൻ, രക്തസമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിക്കുന്ന കാത്സ്യം ചാനൽ ബ്ലോക്കർ വിഭാഗത്തിൽ പെടുന്ന അംലോഡിപ്പിൻ പോലുളളവ, കരൾ, സന്ധി തുടങ്ങിയവയുടെ മാറ്റി വയ്ക്കലിനു ശേഷം ശരീരത്തിന്റെ അമിത പ്രതികരണം ഒഴിവാക്കാനായി കഴിക്കേണ്ടി വരുന്ന രോഗ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളായ സൈക്ലോസ്പോറിൻ പോലുള്ളവ
3. എന്തെങ്കിലും അവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മോണയുടെ അമിത വളർച്ച. ഉദാ: ഗർഭിണികളിൽ, വിറ്റാമിൻ സി യുടെ അഭാവം മൂലമുണ്ടാകുന്ന സ്കർവി പോലുള്ള രോഗങ്ങൾ
4. ക്യാൻസറിന്റെ ഭാഗമായിട്ടുള്ള മോണയിലെ അമിത വളർച്ച: രക്താർബുദം അഥവാ ലുക്കീമിയിയലും മറ്റ് തരത്തിലുള്ള അധിക വ്യാപനം പ്രകടിപ്പിക്കാത്ത ലഘു സ്വഭാവമുള്ള ക്യാൻസറുകളിലും ഇവ കാണാം.
5. ജന്മനാ തന്നെ കാണുന്നത്. ഇത് പാരമ്പര്യമായി മാതാപിതാക്കളിൽ നിന്നും കുട്ടികളിലേയ്ക്കുമൊക്കെ കണ്ട് വരാറുണ്ട്.
പരിശോധനകൾ...
1. കാരണം കണ്ടെത്താനായി ബയോപ്സി പരിശോധന.
2. ചില അസുഖജാലം അഥവാ സിൻഡ്രോമുകളുടെ ഭാഗമാണോ എന്നറിയാൻ ചിലപ്പോൾ നെഞ്ചിന്റെ എക്സ്റേ മറ്റു രക്ത പരിശോധനകൾ തുടങ്ങിയവ വേണ്ടി വരും.
ചികിത്സാരീതികൾ...
അമിതമായി വളർന്ന മോണ ജിൻജിവക്ടമി എന്ന ലഘുവായ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നു. ഇത് സർജിക്കൽ ബ്ളെയിഡ് ഉപയോഗിച്ചും ലേസർ ഉപയോഗിച്ചും ചെയ്യാൻ കഴിയും. മോണയുടെ വലിപ്പക്കൂടുതൽ അനുസരിച്ച് ഈ ചികിത്സയുടെ സമയവും കൂടും. 32 പല്ലുകളെയും ബാധിച്ചിട്ടുണ്ടെങ്കിൽ നാലു തവണയായിട്ടാകും(ഓരോ തവണയും ഒരു വശത്തെ 8 പല്ലുകൾ വീതം) ഈ ചികിത്സ ചെയ്യുക.
*മരുന്നുകൾ കാരണമുണ്ടാകുന്ന കേസുകളിൽ കാരണമായ ആ മരുന്ന് മാറ്റി മറ്റ് വിഭാഗത്തിലെ മരുന്ന് നൽകാനായി ചികിത്സിക്കുന്ന ഡോക്ടറിനോട് നിർദ്ദേശിക്കാറുണ്ട്.
*കാരണം കണ്ടെത്തി ചികിത്സിച്ചാൽ മോണയെ ആരോഗ്യസ്ഥിതിയിലേയ്ക്ക് കൊണ്ടു വന്ന് ഈ അഭംഗി പരിഹരിക്കാം.
ചില വ്യക്തികളിൽ ജനിതക ഘടകങ്ങളുടെ വ്യതിയാനം കാരണം ഇത് വീണ്ടും വീണ്ടും വരാറുണ്ട്. അവർക്ക് ഈ ചികിത്സയും വീണ്ടും ചെയ്യേണ്ടതായി വരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam